Pages

Sunday, January 5, 2014

ലോകം അറിയുന്ന എഴുത്തുകാരി ഇന്നും വീട്ടുജോലിക്കാരി

ലോകം അറിയുന്ന എഴുത്തുകാരി 
ഇന്നും വീട്ടുജോലിക്കാരി
എഴുത്തിലൂടെയും പുസ്തകങ്ങളിലൂടെയും ഇന്ന് ലോകം അവരെ അറിയും. 12 വിദേശ ഭാഷകളില്‍ അവരുടെ പുസ്തകം പുറത്തിറങ്ങി. ഇന്ത്യയില്‍ പല ഭാഷകളിലും അവരുടെ പുസ്തകം വായനക്കാരുടെ മനസ്സിലെത്തി. പേര് ബേബി ഹാള്‍ഡര്‍ . വയസ്സ് 39. എഴുത്തുകാരിയായി ലോകം അവരെ അറിയുമ്പോഴും അവര്‍ ഇന്നും തന്നെ വിശേഷിപ്പിക്കുന്നത് ഒരു വിട്ടുജോലിക്കാരിയായിട്ടാണ്. അതിവിനയമോ എളിമയോ അല്ല അവരെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്. ലോകം മഴുവന്‍ ആരാധകരുള്ള എഴുത്തുകാരി ഇന്നും ഒരു വിട്ടീല്‍ ജോലിചെയ്താണ് ജീവിക്കുന്നത്. പാചകം ചെയ്യുന്നതിനും മുറിതൂക്കുന്നതിനുമിടയിലൊക്കെയാണ് ഇപ്പോഴും എഴുത്ത്. സ്വന്തമായി ജീവിക്കാനുള്ള വക പുസ്തകങ്ങളിലൂടെ തന്നെ അവര്‍ക്ക് ഇന്ന് കിട്ടുന്നുണ്ടെങ്കിലും തന്നെ താനാക്കിയത് ഈ ജോലിയും എഴുത്തിന് നിമിത്തമായ തൊഴിലുടമയുമാണെന്ന് അവര്‍ പറയും. 14 വര്‍ഷം മുമ്പ് ഗുഡ്ഗാവിലെ ഒരു വീട്ടില്‍ ജോലിക്കാരിയാകുന്നതോടെയാണ് ബേബി ഹാള്‍ഡറുടെ ജീവിതം വായനയുടെയും എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിച്ച് തുടങ്ങുന്നത്. ഒരു എഴുത്തുകാരി എന്ന മേല്‍വിലാസം എന്തുകൊണ്ടും അര്‍ഹിക്കുന്നു അവര്‍ . ഫ്രഞ്ച്, ജാപ്പനീസ്, ജര്‍മ്മന്‍ ഭാഷകളില്‍ അവരുടെ പുസ്തകങ്ങള്‍ക്ക് ഏറെ വായനക്കാരുണ്ട്. രാജ്യത്തിനകത്ത് പലസ്ഥലങ്ങളില്‍ അവര്‍ ഇക്കാലങ്ങളില്‍ സാഹിത്യോത്സവങ്ങളില്‍ അതിഥിയായി പങ്കെടുത്തു. പുസ്തകങ്ങളുടെ പ്രചാരണാര്‍ഥം പാരീസും ഫ്രാങ്ക്ഫര്‍ട്ടും ഹോങ്കോങ്ങും സന്ദര്‍ശിച്ചു. തിരിച്ചെത്തി വീണ്ടും അവര്‍ തന്റെ ജോലിയിലേക്ക് തന്നെ മടങ്ങി. ഇത്രയൊക്കെയായിട്ടും എഴുത്തുകാരിയെന്ന് വിളിക്കപ്പെടാന്‍ അവര്‍ ഇനിയും ആഗ്രഹിക്കുന്നില്ല. ഞാനൊരു വീട്ടുജോലിക്കാരിയാണ്, എഴുത്തുകാരിയൊന്നുമല്ല. അങ്ങനെയാണ് ബേബി ഹാള്‍ഡര്‍ പറയുക.
ഗുഡ്ഗാവില്‍ പ്രബോദ് കുമാര്‍ എന്ന 80 കാരന്റെ വീട്ടിലാണ് അവര്‍ 14 വര്‍ഷമായി ജോലിചെയ്യുന്നത്. ടെറസ്സില്‍ ഒരു താത്കാലിക വീട്ടില്‍ താമസവും. ബേബിയുടെ തൊഴിലുടമ എന്ന് മാത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചാല്‍ മതിയാകില്ല. എഴുത്തിന്റെ വഴിയെ അവരെ നയിച്ചതും അവരുടെ മാര്‍ഗദര്‍ശിയും പിതാമഹനുമാണ് പ്രബോദ് കുമാര്‍ . ആ കടപ്പാട് കൊണ്ടാണ് ഇന്നും അദ്ദേഹത്തിന്റെ വീട്ട് ജോലിക്കാരിയായി തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നതും. എല്ലാത്തിമൊപ്പം അവരുടെ പുസ്തകങ്ങളുടെ പരിഭാഷകനും പ്രബോദ്കുമാറാണ്. തന്റെ വീട്ടില്‍ ജോലിക്കാരിയായി അവര്‍ എത്തുമ്പോള്‍ പുസ്തകങ്ങളോട് ഏറെ താത്പര്യമായിരുന്നു അവര്‍ക്കെന്ന് ഈ വൃദ്ധന്‍ ഓര്‍ക്കുന്നു. ബംഗാളി ഭാഷയിലുള്ള പുസ്തകങ്ങള്‍ വീട്ടില്‍ നിന്നും എടുത്തുകൊണ്ടു പോയി വായിക്കുക പതിവായിരുന്നു. അവരുമായി സംസാരിച്ചപ്പോള്‍ ലോകം വായിക്കേണ്ട കഥകള്‍ അവരുടെ ഉള്ളിലുണ്ടെന്ന് എനിക്ക് മനസ്സിലായി - ആന്ത്രോപ്പോളജി റിട്ട.പ്രഫസറായ പ്രബേദ്കുമാര്‍ പറയുന്നു.

വീട്ടുടമയും എഴുത്തുകാരിയും 
അമ്മയെ നഷ്ടപ്പെട്ട ബാല്യം, അച്ഛന്‍ എന്ന സ്ഥാനംമറന്ന് മര്യാദവിട്ട് പെരുമാറിയ അച്ഛന്‍ . വേദനകള്‍ നിറഞ്ഞ ചെറുപ്പകാലത്ത് രണ്ടാനമ്മ അവരെ ഒരാള്‍ക്ക് വിവാഹംകഴിച്ചുകൊടുത്തു. 13 ാം വയസ്സില്‍ . അതും തന്നെക്കാള്‍ ഇരട്ടിപ്രായമുള്ള ഒരാള്‍ അവര്‍ക്ക് ഭര്‍ത്താവായി. അവിടെ അവര്‍ തന്നെ പറയുക ഭര്‍ത്താവിനാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ്. സഹികെട്ട് ബംഗാളിലെ ദുര്‍ഗാപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് അവര്‍ ട്രെയിന്‍ കയറി. ഡല്‍ഹിയില്‍ അവര്‍ ഒരു വീട്ടില്‍ ജോലിക്കാരിയായി. അവിടെയും പീഡനത്തിന്റെ നാളുകള്‍ . തുടര്‍ന്നാണ് പ്രബേദ്കുമാറിന്റെ വീട്ടില്‍ അവരെത്തുന്നത്. അവിടെ ആ ജീവിതം മാറിത്തുടങ്ങി. ഒരു ദിവസം പ്രബോദ്കുമാര്‍ അവര്‍ക്ക് ഒരു പേന നല്‍കി മാതൃഭാഷയില്‍ തന്റെ കഥ എഴുതാന്‍ ആവശ്യപ്പെട്ടു. 'പേന കൈയിലെടുത്തപ്പോള്‍ ഞാന്‍ ആകെ പരിഭ്രമിച്ചുപോയി. സ്‌കൂള്‍ കാലത്തിന് ശേഷം ഞാന്‍ ഒന്നും എഴുതിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ എഴുത്ത് തുടങ്ങിയപ്പോള്‍ വാക്കുകള്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വന്നുതുടങ്ങി. എഴുത്ത് വലിയൊരു അനുഭവമായി. ഏഴാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഹാള്‍ഡര്‍ പറയുന്നു'. തുടര്‍ന്ന് അവര്‍ എഴുതിയത് പ്രബോദ്കുമാര്‍ ഹിന്ദിയിലേക്ക് പരിഭാഷ ചെയ്തു. 2002 ല്‍ അവരുടെ ആദ്യ പുസ്തകം പുറത്തിറങ്ങി. ആലോ അന്ദാരി (ലൈറ്റ് ആന്‍ഡ് ഡാര്‍ക്ക്‌നസ്) എന്നായിരുന്നു പുസ്തകത്തിന്റെ പേര്. എ ലൈഫ് ലെസ്സ് ഓര്‍ഡിനറി, എ മെമ്മയര്‍ എന്ന പേരില്‍ ഇത് 2006 ല്‍ ഇംഗ്ലീഷിലേക്കും പരിഭാഷ ചെയ്യപ്പെട്ടു. 2010 ല്‍ അവരുടെ രണ്ടാമത്തെ പുസ്തകം ഇസ്ഹസ്ത് റുപ്പന്തര്‍ എന്ന പേരില്‍ ആദ്യ പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കി. മൂന്നാമത്തെ പുസ്തകം ഈ മാസം അവസാനം പുറത്തിറങ്ങും.പാചകത്തിനിടയിലും മുറി തൂക്കുന്നതിനിടയിലും ഒക്കെയാണ് അവരുടെ എഴുത്ത്. ഒരു വര്‍ഷം വീതമെടുത്താണ് ഓരോ പുസ്തകത്തിന്റെയും എഴുത്ത് പൂര്‍ത്തിയാക്കിയത്. എവിടെവച്ചും ഏത് സമയത്തും എഴുതാറുണ്ടെന്ന് ബേബി പറയുന്നു. അരുന്ധതി റോയ്, തസ്‌ലീമ നസ്‌റീന്‍ , ജുംപ ലാഹ്‌രി എന്നിവരാണ് അവരുടെ ഇഷ്ടപ്പെട്ട എഴുത്തുകാര്‍ . തസ്‌ലീമ നസ്‌റീന്റെ അമര്‍ മേയെബേല (മൈ ഗേള്‍ഹുഡാണ്) പ്രിയപ്പെട്ട പുസ്തകം. പലതവണ തസ്‌ലീമയെ കണ്ടകാര്യവും അവര്‍ അനുസ്മരിക്കുന്നു.പുസ്തകത്തിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച് കൊല്‍ക്കത്തയില്‍ ഇന്ന് അവര്‍ ഒരു വീടുവെച്ചു. വീട്ടുജോലി ഇനി ചെയ്യേണ്ടകാര്യമില്ല. എന്നാല്‍ അച്ഛനെ പോലെ കരുതുന്ന എന്റെ തൊഴിലുടമയെ വിട്ടുപോകാന്‍ മനസ്സ് അനുവദിക്കുന്നില്ല. എങ്കിലും ഒരു ദിവസം കൊല്‍ക്കത്തയിലേക്ക് തന്നെ മടങ്ങാം എന്ന് വിചാരിക്കുന്നു. തപസ് (20) പിയ (17) എന്നിങ്ങനെ രണ്ട് മക്കളുണ്ട് അവര്‍ക്ക്. രണ്ട് പേര്‍ക്കും ആഗ്രഹം ഫാഷന്‍ ഡിസൈനറാകണമെന്നാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിക്കാത്തതില്‍ കുട്ടികള്‍ പതിവായി പരാതിപ്പെടാറുണ്ടെന്ന് അവര്‍ പറയുന്നു.ഒരു സാധാരാണ സ്ത്രീയുടെ അസാധാരണജീവിതം തുടരുകയാണ്. എഴുത്തും വീട്ടുജോലിയുമായി.(വാര്‍ത്തയ്ക്കും ചിത്രത്തിനും കടപ്പാട്-ഹിന്ദുസ്ഥാന്‍ ടൈംസ്}

                                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar