Pages

Sunday, January 5, 2014

മാതൃഭൂമിയുടെ സേവനം മഹനീയം മഹത്തരം

മാതൃഭൂമിയുടെ സേവനം
മഹനീയം മഹത്തരം
മാതൃഭൂമിയുടെ നവതിയാഘോഷങ്ങള് ഭദ്രദീപം കൊളുത്തി പ്രധാനമന്ത്രി മന്മോഹന് സിങ്. ഉദ്ഘാടനം
കേരളസമൂഹത്തിന്റെ പുരോഗതിക്കായി മാതൃഭൂമി പത്രം നിര്‍വഹിച്ചത് മഹനീയ സേവനമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സ്വാതന്ത്ര്യസമരത്തിലും അതിനുശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും മാതൃഭൂമി നല്‍കിയത് വിലപ്പെട്ട സംഭാവനയാണ്. പാരമ്പര്യത്തിലൂന്നി എന്നാല്‍ സാങ്കേതികതയ്ക്ക് മുഖംതിരിഞ്ഞു നില്‍ക്കാതെ തൊണ്ണൂറ് വര്‍ഷമായി കേരളത്തിലെ സജീവസാന്നിധ്യമാണ് മാതൃഭൂമി പത്രവും പ്രസിദ്ധീകരണങ്ങളും. വിശ്വാസമാര്‍ന്ന മാധ്യമപ്രവര്‍ത്തനത്തിന് മാതൃകയാണ് മാതൃഭൂമി. മാധ്യമപ്രവര്‍ത്തനത്തില്‍ മാത്രമല്ല മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും സാമൂഹിക- സാമ്പത്തിക മേഖലകളിലും വിലപ്പെട്ട സംഭാവന നല്‍കി. പുതിയകാലത്തിന്റെ ഡിജിറ്റല്‍ മാധ്യമരംഗത്തും ഇന്ത്യയില്‍ തന്നെ മുന്‍നിരയിലാണ് മാതൃഭൂമിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമിയുടെ നവതിയാഘോഷങ്ങള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭദ്രദീപം പ്രധാനമന്ത്രിക്ക് കൈമാറിയത് മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഇലക്ട്രോണിക് മീഡിയ) എം.വി ശ്രേയാംസ്‌കുമാറാണ്. വൈകിട്ട് മൂന്നിന് കൊച്ചി മറൈന്‍ഡ്രൈവിലെ പ്രത്യേകവേദിയിലാണ് ചടങ്ങ് നടന്നത്. മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാറാണ് സ്വാഗതപ്രസംഗം നടത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആശീര്‍വാദം ലഭിച്ച ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയിട്ടുള്ള എല്ലാവരെയും ഈ അവസരത്തില്‍ സ്മരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് കേന്ദ്രഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കെ.വി തോമസ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. നവതിയുടെ ഭാഗമായി മാതൃഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് ജ്ഞാനപീഠം ജേതാവ് എം.ടി.വാസുദേവന്‍ നായര്‍ക്ക് നല്‍കി പ്രധാനമന്ത്രി പ്രകാശനം ചെയ്തു. തുടര്‍ന്നായിരുന്നു ഉദ്ഘാടന പ്രസംഗം. മാതൃഭൂമി ഡയറക്ടറായ എം.ജെ വിജയപത്മനാണ് പ്രധാനമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചത്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. കേരളാ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ , സംസ്ഥാനമന്ത്രിമാരായ കെ.ബാബു, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ വേദിയിലിരുന്ന് മഹനീയചടങ്ങിന് സാക്ഷ്യം വഹിച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ , ന്യായാധിപന്മാര്‍ , ജനപ്രതിനിധികള്‍ , രാഷ്ട്രീയ, സാമൂഹിക, വ്യാപാര, സാംസ്‌കാരിക, സിനിമ, സാഹിത്യ, ആത്മീയരംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ , മതമേലധ്യക്ഷന്മാര്‍ തുടങ്ങിയവരടങ്ങിയ പ്രൗഢസദസ്സ് സാക്ഷിയായി.

                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar