Pages

Monday, January 6, 2014

ദേശീയ സ്‌കൂള്‍ മീറ്റിനുള്ളകേരളീയ താരങ്ങളുടെ റാഞ്ചിയിലേക്കുള്ള ദുരിത യാത്ര

ദേശീയ സ്‌കൂള്‍ മീറ്റിനുള്ളകേരളീയ  താരങ്ങളുടെ റാഞ്ചിയിലേക്കുള്ള  ദുരിത യാത്ര
                റാഞ്ചിയിലെ  കേരളീയ ടീമിലെ പാതിയോളം പേര്‍ക്കുപോലും ടിക്കറ്റ് ഉറപ്പാകാതിരുന്നതോടെ, കേരളത്തിന്റെ ടീം ബലപ്രയോഗത്തിലൂടെ ഒരു ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കുകയായിരുന്നു. ആലപ്പുഴനിന്ന് പുറപ്പെടുന്ന ട്രെയിനില്‍ ശനിയാഴ്ച രാത്രി ആലപ്പുഴയിലെത്തിയ അധികൃതര്‍ ഒരു ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മറ്റ് യാത്രക്കാരെ കയറ്റാതെ അടച്ചുപൂട്ടി എറണാകുളത്തെത്തിച്ചു. കേരളാടീമിന്റെ ബാനര്‍ കെട്ടിയ ഈ കമ്പാര്‍ട്ട്‌മെന്റില്‍ എറണാകുളത്തുനിന്ന് ടീമിലെ ആണ്‍കുട്ടികളെ മുഴുവന്‍ കയറ്റി. പെണ്‍കുട്ടികളെ മറ്റ് കോച്ചുകളില്‍ ലഭ്യമായ ടിക്കറ്റുകളിലും ആര്‍.എ.സി. സീറ്റുകളിലുമിരുത്തി. എറണാകുളംമുതല്‍ ജനലും വാതിലുകളുമടച്ചിട്ട് മറ്റുയാത്രക്കാരെ കയറ്റാതെ യാത്രചെയ്യുകയായിരുന്നു കേരളാടീം. എറണാകുളം മുതല്‍ക്കുള്ള സ്റ്റേഷനുകളില്‍ (ആലുവയിലും തൃശ്ശൂരിലും) അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കോച്ചിനുപുറത്ത് വാതില്‍ തുറക്കാന്‍ വലിയ കോലാഹലമുണ്ടാക്കി. ചീത്തവിളികളും തെറിവിളികളും കേള്‍ക്കാതെ, ജനല്‍ അടച്ചിട്ട് പുറംലോകം കാണാതെ കേരളാ ടീം കമ്പാര്‍ട്ട്‌മെന്റില്‍ ഈ നേരമത്രയും ഒളിച്ചിരുന്നു. ഓരോ സ്റ്റേഷനെത്തുമ്പോഴും അവര്‍ ജനലടച്ചിട്ട് പുറംലോകത്തിന്റെ ഭീഷണി ഒഴിവാക്കി. ലഗേജുകളും പാത്രങ്ങളും കായിക ഉപകരണങ്ങളും കുത്തിനിറച്ച ബോഗിയില്‍, അവര്‍ ശ്വാസംകഴിക്കാന്‍ ജനാലകള്‍ തുറന്നത് വണ്ടി ഓടുമ്പോള്‍മാത്രം.

                          കേരളാടീമിന്റെ ദുരിതയാത്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ എം.ബി.രാജേഷ് എം.പി. ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. അധിക കോച്ചിനുവേണ്ടിയുള്ള ടീമിന്റെ മുറവിളിക്ക് ചെവികൊടുക്കാതിരുന്ന റെയില്‍വേ അധികൃതര്‍ അതോടെ ഉണര്‍ന്നു. ഷൊറണൂരിലെത്തിയപ്പോള്‍ ചെയര്‍കാര്‍ മാതൃകയിലുള്ള ഒരു കോച്ച് തീവണ്ടിയോട് ചേര്‍ത്തു. നേരത്തേ യാത്രചെയ്തിരുന്ന കോച്ച് കൂടുതല്‍ പേര്‍ക്ക് ഇരിക്കാവുന്നതായിരുന്നതിനാല്‍, ടീം അതില്‍ത്തന്നെ യാത്രതുടര്‍ന്നു. പുതുതായി ചേര്‍ത്ത കോച്ച്, ജനറല്‍ കമ്പാര്‍ട്ട്‌മെന്റായി മാറി. 142 ടിക്കറ്റില്‍ 22 എണ്ണം മാത്രമാണ് യാത്ര പുറപ്പെടുമ്പോള്‍ ഉറപ്പായിരുന്നത്. 36 സീറ്റുകള്‍ ആര്‍.എ.സി.യുമായി. അഞ്ച് കമ്പാര്‍ട്ട്‌മെന്റുകളിലായാണ് ഈ ടിക്കറ്റുകള്‍ ലഭിച്ചത്. ഇതില്‍ പെണ്‍കുട്ടികള്‍ക്ക് അധികൃതര്‍ സീറ്റ് തരമാക്കി. ആണ്‍കുട്ടികളും സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഡോ. ചാക്കോ ജോസഫും അടങ്ങിയ സംഘം ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്തു. ദക്ഷിണ റെയില്‍വേ സ്‌പോര്‍ട്‌സ് ഓഫീസര്‍ കൂടിയായ പി.ടി. ഉഷ തന്റെ ട്രെയിനിങ് സെന്ററില്‍നിന്നുള്ള മൂന്ന് കുട്ടികള്‍ക്കും മാനേജര്‍ക്കുമായി വേറെ നാല് ടിക്കറ്റ് എമര്‍ജന്‍സി ക്വാട്ടയില്‍ തരപ്പെടുത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള 117 താരങ്ങളില്‍ റാഞ്ചിയിലേക്ക് സ്വസ്ഥമായി കിടന്നുറങ്ങിപ്പോന്നത് ഇവര്‍മാത്രം.

                                                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: