Pages

Tuesday, January 7, 2014

A PROUD MOMENT

ഇന്ത്യയുടെ അഭിമാനം വാനോളമുയര്ന്ന നിമിഷം
               2014 ജനുവരി  5  വൈകിട്ട്‌ 4.32  ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്ന നിമിഷമായിരുന്നു .  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്‌ എന്‍ജിന്‍ ഉപയോഗിച്ചുള്ള ജി.എസ്‌.എല്‍.വി-ഡി 5 ന്റെ വിക്ഷേപണം വിജയം തൊട്ട നിമിഷം. ഭൂസ്‌ഥിര ഉപഗ്രഹമായ ജിസാറ്റിനെ ബഹിരാകാശഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ച നിമിഷം.ഇതോടെ ക്രയോജനിക്‌ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ആറാമത്തെ സ്‌ഥാനംലഭിച്ച നിമിഷം .  അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്‌, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണു ക്രയോജനിക്‌ എന്‍ജിന്‍ സാങ്കേതികവിദ്യ സ്വന്തമായുള്ളത്‌. ഉപഗ്രഹവിക്ഷേപണമോ ക്രയോജനിക്‌ പട്ടികയില്‍ ഇടംപിടിച്ചതോ ഒന്നുമല്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായത്‌. ഇരുപതു വര്‍ഷംമുമ്പു ലോകരാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ നേരിട്ട ഒരു വഞ്ചനയുടെ മധുരപ്രതികാരത്തിന്റെ നിമിഷം കൂടിയായിരുന്നു ഇത്‌.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങള്‍ മുന്നോട്ടു പോകുന്നതിനിടയില്‍ എണ്‍പതുകളുടെ അവസാനമാണു കൂടുതല്‍ ഭാരംവഹിച്ചു കൃത്യതയോടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ക്രയോജനിക്‌ സാങ്കേതികവിദ്യ നേടാന്‍ ശ്രമിച്ചത്‌.                                                        സാങ്കേതികവിദ്യ കൈവശമുണ്ടായിരുന്ന അമേരിക്ക കൈമലര്‍ത്തി. തുടര്‍ന്ന റഷ്യയുമായി നടത്തിയ ചര്‍ച്ചകള്‍ പുരോഗമിച്ചു. ക്രയോജനിക്‌ എന്‍ജിനുകള്‍ക്കൊപ്പം സാങ്കേതികവിദ്യയും കൈമാറാമെന്ന ധാരണയായി. എന്നാല്‍, ഇന്ത്യ ഈ സാങ്കേതികവിദ്യ ഭൂഖണ്ഡാന്തര മിസൈലുകളില്‍ ഉപയോഗിക്കുമെന്ന ആശങ്കയില്‍ അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി റഷ്യയും പിന്‍വാങ്ങുകയായിരുന്നു. സാങ്കേതികവിദ്യകൈമാറാന്‍ ധാരണയായ ഇന്ത്യക്കു റഷ്യ നല്‍കുന്ന എന്‍ജിന്‍ കൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നു.

അതിസങ്കീര്‍ണമായ ഈ വിദ്യനേടുന്നതു ലോകരാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ അഭിമാനപ്രശ്‌നം കൂടിയായിരുന്നു. വഞ്ചിക്കപ്പെട്ട ഇന്ത്യ അന്നുമുതല്‍ ക്രയോജനിക്‌ സാങ്കേിതികവിദ്യ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടയില്‍ പലതിരിച്ചടികളും നേരിട്ടു. 2010ല്‍ സ്വന്തമായി വികസിപ്പിച്ച ക്രയോജനിക്‌ എന്‍ജിന്‍ ഉപയോഗിച്ചുള്ള വിക്ഷേപണം പരാജയപ്പെട്ടതായിരുന്നു ഏറ്റവും കനത്ത തിരിച്ചടി. കഴിഞ്ഞ ഓഗസ്‌റ്റില്‍ വീണ്ടും വിക്ഷേപണത്തിനു ശ്രമിച്ചെങ്കിലും ഇന്ധനച്ചോര്‍ച്ചയെത്തുടര്‍ന്ന്‌ അവസാനനിമിഷം വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടിവന്നു.
                 തിരിച്ചടികളെ വെല്ലുവിളികളായി കണ്ടു നടത്തിയ അശ്രാന്തപരിശ്രമത്തിന്റെ വിജയമായിരുന്നു ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയത്‌. അതോടൊപ്പം തന്നെ ബഹിരാകാശഗവേഷണരംഗത്തും ഇന്ത്യക്ക്‌ ഇതൊരു നാഴികക്കല്ലാണ്‌. കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ കൃത്യതയോടെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യക്കു കഴിയും. ബഹിരാകാശഗവേഷണങ്ങള്‍ക്കു പുത്തന്‍ വാതായനങ്ങള്‍ ശാസ്‌ത്രലോകത്തിനു മുന്നില്‍ തുറക്കപ്പെടുകയാണ്‌. ഈ സാങ്കേതികവിദ്യക്കു ലോകരാഷ്‌ട്രങ്ങള്‍ക്കു മുന്നിലുള്ള വിപണനസാധ്യത വളരെയാണ്‌.കൂടാതെ അമേരിക്കയടക്കമുള്ള രാഷ്‌ട്രങ്ങള്‍ ഭയപ്പെട്ടതുപോലെതന്നെ പ്രതിരോധരംഗത്തും ഇന്ത്യക്കു പകരുന്ന കരുത്തു ചില്ലറയല്ല. ഭൂഖണ്ഡാന്തര മിസൈലുകള്‍ രൂപപ്പെടുത്താനും കൃത്യതയാര്‍ന്നതാക്കാനും ക്രയോജനിക്‌ സാങ്കേതികവിദ്യ ഉപകരിക്കും.പോയവര്‍ഷം ബഹിരാകാശഗവേഷണ രംഗത്തു മംഗള്‍യാന്‍ ഇന്ത്യക്കു പകര്‍ന്ന സുവര്‍ണപ്രഭയുടെ തിളക്കത്തിന്റെ മാറ്റുകൂട്ടന്നതാണു പുതവര്‍ഷപ്പിറവി. ഇന്നലത്തെ വിജയം ബഹിരാകാശരംഗത്തെ നേട്ടത്തിനപ്പുറം നിരവധി മാനങ്ങളുള്ള തിളക്കമാര്‍ന്ന വിജയം കൂടിയാണ്‌. ഇന്ത്യയുടെ അഭിമാനം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ശാസ്‌ത്രലോകത്തിന്‌ അഭിനന്ദനങ്ങളര്‍പ്പിക്കാം.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: