Pages

Tuesday, December 31, 2013

നയതന്ത്രജ്ഞയുടെ അറസ്റ്റ്: അമേരിക്ക വീണ്ടും ഖേദം പ്രകടിപ്പിച്ചു

നയതന്ത്രജ്ഞയുടെ അറസ്റ്റ്:
അമേരിക്ക വീണ്ടും ഖേദം പ്രകടിപ്പിച്ചു
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലുള്ള നയതന്ത്ര ഉദ്യോഗസ്ഥയെ അറസ്റ്റു ചെയ്ത രീതി ശരിയായില്ലെന്ന് വീണ്ടും അമേരിക്കയുടെ പ്രസ്താവന. യുഎസ് അംബാസിഡര്‍ നാന്‍സി ജെ. പവലാണ് ഇന്ന് 'ഖേദം' പ്രകടിപ്പിച്ചത്.ഇന്ത്യയ്ക്കയച്ച പുതുവത്സര സന്ദേശത്തിലാണ് പവല്‍ ഇക്കാര്യം അറിയിച്ചത്. താനും സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇക്കാര്യത്തില്‍ ഖേദം അറിയിക്കുന്നുവെന്നാണ് സന്ദേശത്തിലുള്ളത്. പ്രശ്‌നം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ തത്കാലത്തേക്കെങ്കിലും പ്രതികൂലമായി ബാധിച്ചതില്‍ അങ്ങേയറ്റം നിരാശയുണ്ട്.

എന്നാലും ഉഭയകക്ഷി ബന്ധം കൂടുതല്‍ സൗഹാര്‍ദപരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസവും തനിക്കുണ്ടെന്ന് പവല്‍ കത്തിലൂടെ അറിയിച്ചു. 2014 അമേരിക്കയ്ക്കും ഇന്ത്യയ്ക്കും എല്ലാ വിജയങ്ങളും സമ്മാനിക്കട്ടെയെന്ന ആശംസകളോടെയാണ് കത്ത് അവസാനിക്കുന്നത്. എന്നാല്‍ ദേവയാനിക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ നിര്‍ത്തലാക്കുമോ എന്ന കാര്യത്തെ കുറിച്ച് കത്തില്‍ യാതൊരു പരാമര്‍ശവുമില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി ജനവരി 13 ആണ്. വീട്ടുജോലിക്കാരിക്കു വേണ്ടിയുള്ള വിസാ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ആക്ടിങ് േകാണ്‍സല്‍ ജനറലുമായ ദേവയാനി ഖോബ്രഗഡെ (39) യെ അമേരിക്ക പൊതുസ്ഥലത്ത് അറസ്റ്റ് ചെയ്ത് വിലങ്ങുവെച്ചത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇവരെ 1.55 കോടി രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.

കോണ്‍സുലേറ്റില്‍ രാഷ്ട്രീയ-വാണിജ്യ-സാമ്പത്തികകാര്യ-വനിതാക്ഷേമ വകുപ്പുകള്‍ കൈാര്യം ചെയ്യുന്നയാളാണ് ദേവയാനി. മകളെ സ്‌കൂളില്‍ വിട്ട് വരുമ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വിസാ അപേക്ഷയ്‌ക്കൊപ്പം വ്യാജ രേഖകളും തെറ്റായ വിവരങ്ങളും നല്‍കി എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. യഥാക്രമം 10, അഞ്ച് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഇതുമായി ബന്ധപ്പെട്ട് സംഗീത റിച്ചാര്‍ഡ് നല്‍കിയ കേസ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ദേവയാനിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്യുന്നത്.  ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി നേരത്തെ ഖേദപ്രകടനം നടത്തിയിരുന്നു. വാക്കാലുള്ള ഖേദപ്രകടനമായിരുന്നു അത്. 

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: