Pages

Wednesday, November 20, 2013

ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്‌കൂള്‍.

                       പെണ്‍കുട്ടികളെ അടുക്കളയില്‍നിന്ന്                                                     മോചിപ്പിച്ചമഹാവിദ്യാലയം
   തിരുവനന്തപുരം കോട്ടയ്ക്കകത്തെഫോര്‍ട്ട് ഗേള്‍സ് മിഷന്‍                                                      ഹൈസ്‌കൂള്‍. 

                                                              മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

പെണ്‍കുട്ടികള്‍ അടുക്കളയിലും അന്തഃപുരങ്ങളിലും കഴിയാന്‍ വിധിക്കപ്പെട്ട കറുത്തിരുണ്ട ഭൂതകാലം. പെണ്‍കുട്ടി ഋതുമതിയായാല്‍ വിവാഹം കഴിക്കുന്നതുവരെ അന്യപുരുഷന്മാരുടെ നിഴല്‍പോലും ഏല്‍ക്കാത്തവിധത്തില്‍ അവരെ അമ്മമാരും മുത്തശ്ശിമാരും സൂക്ഷിച്ചിരുന്ന കാലം. പെണ്‍കുട്ടിക്ക് അമ്പലത്തിലോ മറ്റ് സ്ഥലങ്ങളിലോ പോകണമെങ്കില്‍ വനിതകളായ പരിചാരകരോ ബന്ധുക്കളോ വേണം. ചില സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് മറക്കുടയും നിര്‍ബന്ധമായിരുന്നു. അക്ഷരങ്ങള്‍ അഭ്യസിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അന്ന് വിലക്കുണ്ടായിരുന്നു. മുതിര്‍ന്നവരില്‍നിന്ന് പുരാണകഥകളും വിവാഹത്തിനുശേഷം ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ശുശ്രൂഷിക്കാനുള്ള സാരോപദേശകഥകളും കേട്ട്, ചിലപ്പോള്‍ സംഗീതം, ചിത്രമെഴുത്ത്, വീണ എന്നിവ അഭ്യസിച്ചും ആണ് ധനാഢ്യരായ കുടുംബത്തിലെ പെണ്‍കുട്ടികള്‍ വളര്‍ന്നിരുന്നത്. പുറംലോകം എന്താണെന്ന് അറിയാതെ പ്രസവിക്കാനും കുട്ടികളെ വളര്‍ത്താനും ഭര്‍ത്താവിനെ പരിചരിക്കാനും മാത്രം അറിയാവുന്നവരാണ് അന്നത്തെ സമൂഹത്തില്‍ 'ഉത്തമസ്ത്രീകള്‍'. ഇത് മലയാളക്കരയിലെയോ ഇന്ത്യയുടെയോ സ്ഥിതി എന്നാരും കരുതരുത്. പുരോഗമന നടപടികളുടെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും ഈറ്റില്ലമെന്ന് കരുതുന്ന പടിഞ്ഞാറന്‍ നാടുകളിലെ സ്ത്രീകളും പല നിയന്ത്രണങ്ങളുടെ ചങ്ങലയില്‍ ബന്ധിച്ചിരുന്നു. ഇതില്‍ പ്രധാനമാണ് അവര്‍ക്ക് വോട്ടവകാശവും ബിരുദവും എല്ലാം നിഷേധിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് മുമ്പ് പ്രവേശനം ഇല്ലായിരുന്നു. വിക്ടോറിയ മഹാരാജ്ഞി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരിക്കുന്ന സമയത്തുപോലും അവരെ അനുഗമിക്കുന്ന പരിചാരകരായ സ്ത്രീകള്‍ക്ക് പാര്‍ലമെന്റിന്റെ ഒരുഭാഗത്ത് അവരെ ആരെയും കാണാത്തവിധം 'കൂട്' ഉണ്ടായിരുന്നതായി ബാരിസ്റ്റര്‍ ജി.പി. പിള്ള തന്റെ ദൃക്‌സാക്ഷി വിവരണത്തില്‍ പറഞ്ഞിട്ടുണ്ട്. വിക്ടോറിയയുടെ ജൂബിലി ആഘോഷങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശിച്ചിട്ടുള്ള ആളാണ് അദ്ദേഹം.
വടക്കന്‍പാട്ടുകളില്‍ അങ്കംവെട്ടുന്ന വീരാംഗനകളെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍ അക്കാലത്തോ, അതിനുശേഷമോ കളരി അഭ്യസിക്കാനല്ലാതെ അക്ഷരം അഭ്യസിക്കാന്‍ സ്ത്രീകള്‍ കുടിപ്പള്ളിക്കൂടങ്ങളിലോ നിലത്തെഴുത്താശാന്മാരുടെ അടുക്കലേയ്‌ക്കോ പോയതായി കാണുന്നില്ല. സ്ത്രീകള്‍ക്ക് ഈ വേലിക്കെട്ട് നീങ്ങിയത് ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവോടുകൂടിയാണെന്നതാണ് യാഥാര്‍ഥ്യം. അവര്‍ സ്ഥാപിച്ച പ്രധാന സ്‌കൂളാണ് ഇപ്പോള്‍ നൂറ്റിയമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന തിരുവനന്തപുരം കോട്ടയ്ക്കകത്തെ ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്‌കൂള്‍. പക്ഷേ, പഴമക്കാര്‍ക്ക് ഈ പേര് പരിചയമില്ല. അവര്‍ക്ക് ഇന്നും 'വടക്കേ കൊട്ടാരം പള്ളിക്കുടം' ആണിത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സെനാനമിഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകയായി അനന്തപുരിയിലെത്തിയ അഗസ്റ്റാ ബ്ലാന്‍ഡ്‌ഫോര്‍ഡ് ആണ് ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ സ്‌കൂള്‍ സ്ഥാപിച്ചത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയ്ക്ക് സമീപം വടക്കേ കൊട്ടാരത്തിനും അന്നത്തെ ദിവാന്‍ സര്‍ ടി. മാധവറാവുവിന്റെ ഔദ്യോഗിക വസതിയായ പദ്മവിലാസത്തിനും ഇടയ്ക്കുള്ള കെട്ടിടത്തിലാണ് 1864 നവംബര്‍ മൂന്നിന് സ്‌കൂള്‍ ആരംഭിച്ചത്. ദിവാന്‍ സര്‍ ടി. മാധവറാവുവിന്റെ മകളും അനന്തരവളും ഏതാനും നായര്‍ പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവരായിരുന്നു ആദ്യം പഠിക്കാന്‍ എത്തിയത്. കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ വിടുന്നതിനുവേണ്ടി ബ്ലാന്‍ഡ് ഫോര്‍ഡ് പല വീടുകളിലും കയറിയിറങ്ങി. അവര്‍ക്ക് ദിവാന്റെ പിന്തുണയും സര്‍ക്കാര്‍ സഹായവും ഉണ്ടായിരുന്നതിനാല്‍ കുറെ കുട്ടികളെ കിട്ടി. എന്നാല്‍ പെണ്‍കുട്ടികളെ സ്‌കൂളില്‍ എത്തിച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ യാഥാസ്ഥിതികരുടെ വിമര്‍ശനം രഹസ്യമായിട്ടെങ്കിലും അവര്‍ക്ക് നേരിടേണ്ടിവന്നു. പക്ഷേ ബ്ലാന്‍ഡ് ഫോര്‍ഡ് തളര്‍ന്നില്ല. നാഗര്‍കോവില്‍ സെമിനാരിയില്‍നിന്ന് റോബര്‍ട്ട് എന്ന അധ്യാപകനെ ക്ഷണിച്ചുവരുത്തി. ഇപ്പോള്‍ ആയുര്‍വേദ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്വാതിതിരുനാള്‍ മഹാരാജാവ് 'രാജാസ് ഫ്രീ സ്‌കൂള്‍' തുടങ്ങിയത് 1836 ഡിസംബര്‍ 13നാണ്. അതിനുശേഷം 28 വര്‍ഷം കഴിഞ്ഞപ്പോഴാണ് ബ്ലാന്‍ഡ് ഫോര്‍ഡ് വടക്കേകൊട്ടാരത്തില്‍ സ്‌കൂള്‍ തുടങ്ങിയത്. അന്ന് ആയില്യം തിരുനാള്‍ ആയിരുന്നു മഹാരാജാവ്. തിരുവിതാംകൂറില്‍ വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടം ഇക്കാലത്തായിരുന്നു. എന്നാല്‍ അതിനുമുമ്പാണ് അനന്തപുരിയില്‍ ആദ്യത്തെ സര്‍ക്കാര്‍ പെണ്‍പള്ളിക്കൂടം സ്ഥാപിച്ചത്. അത് സ്വാതിതിരുനാളിന്റെ അനുജന്‍ ഉത്രം തിരുനാള്‍ മഹാരാജാവ് ആണ്. 1859ല്‍ തുടങ്ങിയ 'രാജാസ് ഗേള്‍സ് സ്‌കൂളി'ന് നാല്പത് രൂപ ശമ്പളത്തില്‍ ഡി'വെജിഗ്യസ് എന്ന വനിതയെ നിയമിച്ചതും ഏഴ് രൂപയ്ക്ക് കെട്ടിടം വാടകയ്ക്ക് എടുത്തതും സംബന്ധിച്ച രേഖ പുരാരേഖാ വകുപ്പിലുണ്ട്. രാവിലെ 9 മുതല്‍ 4 മണിവരെയായിരുന്നു സ്‌കൂള്‍ സമയം. മാസം 25 രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് സൗജന്യ വിദ്യാഭ്യാസമായിരുന്നു. എന്നാല്‍ 25 രൂപവരെ വരുമാനമുള്ള കുടുംബത്തിലെ കുട്ടികള്‍ നാലണയും 150 രൂപ വരുമാനമുള്ളവര്‍ ഒരു രൂപ എട്ടണയും ഫീസ് കൊടുക്കണമായിരുന്നു. ഇംഗ്ലീഷ് ഗ്രാമര്‍, കണക്ക്, ജ്യോഗ്രഫി, തയ്യല്‍ തുടങ്ങിയവയായിരുന്നു പ്രധാന കോഴ്‌സുകള്‍. ഈ വിദ്യാലയത്തിലേക്ക് അധികം കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി തോന്നുന്നില്ല. അഞ്ച് വര്‍ഷം കഴിഞ്ഞ് വടക്കേകൊട്ടാരം സ്‌കൂളിന്റെ വരവും ബ്ലാന്‍ഡ് ഫോര്‍ഡിന്റെ പ്രവര്‍ത്തനവും കൂടിയായപ്പോള്‍ വനിതാ വിദ്യാഭ്യാസരംഗം ചലനാത്മകമായി. ഉത്രംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച ആദ്യത്തെ പെണ്‍പള്ളിക്കൂടം ആണ് പില്‍ക്കാലത്ത് വിമന്‍സ് കോളേജായി പരിണമിച്ചത്. വടക്കേകൊട്ടാരം സ്‌കൂള്‍ (ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്‌കൂള്‍) ഒന്നാന്തരം വനിതാ സ്‌കൂളായി ഉയര്‍ന്നു. ആയിരക്കണക്കിന് വനിതകളെ അടുക്കളയില്‍ നിന്ന് ജീവിതത്തിന്റെ വിവിധരംഗങ്ങളിലെത്തിച്ച് ആ സ്‌കൂള്‍ ഇന്ന് 150-ാം വര്‍ഷം ആഘോഷിക്കുന്നു.


                                                    പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 

No comments: