Pages

Saturday, October 26, 2013

രക്‌തസാക്ഷികളാകുന്ന അമ്മമാര്‍

രക്തസാക്ഷികളാകുന്ന അമ്മമാര്
സി.ബിജു

mangalam malayalam online newspaperവാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലില്‍ മരണത്തിലേക്ക്‌ നടന്നടുക്കുന്ന അമ്മമാര്‍. ശരിക്കും അവര്‍ കൊല്ലപ്പെടുകയല്ലേ? ഒരനേ്വഷണം.മാവേലിക്കര- ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പുഴുവരിച്ചു തുടങ്ങിയ മൃതദേഹത്തിന്‌ ഏഴു ദിവസത്തോളം പഴക്കമുണ്ടെന്നാണ്‌ പോലീസ്‌ പറയുന്നു. വിദേശത്തായിരുന്ന മകന്‍ കഴിഞ്ഞ ദിവസം അമ്മയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ അയല്‍പക്കത്തെ ബന്ധുവിനെ അന്വേഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു അമ്മയുടെ വിവരം. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഇവരുടെ ഏകമകള്‍ കുടുംബസമേതം കോട്ടയത്താണ്‌ താമസം. എന്നാല്‍ മകള്‍ അമ്മയെ കാണാനെത്തിയിട്ട്‌ മാസങ്ങളായെന്ന്‌ നാട്ടുകാര്‍ പരാതിപ്പെടുന്നു.രണ്ടു ദിവസം കഴിഞ്ഞു പത്രത്തില്‍ വന്ന മറ്റൊരു വാര്‍ത്ത.
കരുനാഗപ്പള്ളി- ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്‌ക്ക് വാടകവീട്ടില്‍ താമസിക്കുകയായിരുന്ന 55 വയസ്സുള്ള സ്‌ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാലു ദിവസമായി ഇവരെ പുറത്തേക്കു കാണാത്തതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ മരണവിവരം പുറംലോകം അറിയുന്നത്‌. ഇവരുടെ മകള്‍ കുടുംബവീടിനടുത്താണ്‌ താമസം. മകന്‍ കുടുംബസമേതം വിദേശത്തും. കഴിഞ്ഞ ഓഗസ്‌റ്റ് മാസം മാത്രം ഒറ്റപ്പെടലില്‍ പുറംലോകമറിയാതെ രക്‌തസാക്ഷിത്വം വരിച്ച അമ്മമാരുടെ എണ്ണം ഏഴ്‌. മാവേലിക്കരയില്‍ തുടങ്ങിയ ഈ പരമ്പര കോഴിക്കോടു താമസിക്കുന്ന ഖദീജ എന്ന 68 കാരിയില്‍ എത്തി നില്‍ക്കുന്നു. ഉറ്റവരും ഉടയവരും പൊന്നു മക്കളുമെല്ലാം ഉണ്ടായിട്ടും നമ്മുടെ അമ്മമാര്‍ക്ക്‌ എന്താണ്‌ ഈ ഗതി?
കണ്ണീരിലലിയിക്കുന്ന ഈ വാര്‍ത്തകള്‍ മാത്രമല്ല, നമ്മുടെ നാടിന്റെ അരാജകത്വം വെളിവാകുന്നത്‌. കൂട്ടത്തില്‍ മറ്റു ചില കാഴ്‌ചകളുമുണ്ട്‌. അത്തരത്തില്‍ നേരിട്ടു കണ്ട ഒരു ദൃശ്യത്തിലേക്ക്‌. സ്‌ഥലം കോട്ടയം ജില്ലാ ആശുപത്രി. ആംബുലന്‍സ്‌ ചീറി പാഞ്ഞു വന്ന്‌ ബ്രേക്കിടുന്നു. കൈയിലും ഡ്രസ്സിലും നിറയെ രക്‌തത്തില്‍ കുളിച്ച പ്രായമുള്ള ഒരു സ്‌ത്രീയെ കൊണ്ടു വന്നപ്പോള്‍ ഡോക്‌ടര്‍മാരും നഴ്‌സുമാരും വേഗത്തില്‍ ചികിത്സയ്‌ക്കൊരുങ്ങുന്നു. രോഗിയുടെ പ്രായവും കൈയിലെ രക്‌തവും കണ്ടിട്ടാണ്‌ പ്രശ്‌നമെന്താണെന്ന്‌ തിരക്കിയത്‌. കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മക്കളൊക്കെ വലിയ ഉദ്യോഗസ്‌ഥരാണ്‌. അവരൊക്കെ കുടുംബമായി വേറെ താമസിക്കുന്നു. സാമ്പത്തികമായും ആ അമ്മ നല്ല നിലയിലാണ്‌. പക്ഷേ എന്തൊക്കെ പറഞ്ഞിട്ടെന്താ, കൊട്ടാരം പോലുള്ള വലിയ വീട്ടില്‍ ആ അമ്മ തനിച്ചാണ്‌. ആരുമില്ലെന്ന തോന്നലില്‍ മാനസികമായി തകര്‍ന്ന അമ്മ വെട്ടുകത്തി ഉപയോഗിച്ച്‌ കൈ വെട്ടി മുറിച്ചു. മൂന്നു ദിവസം കഴിഞ്ഞാണ്‌ മക്കള്‍ വിവരമറിയുന്നത്‌. അറിഞ്ഞപ്പോള്‍ അവര്‍ ആശുപത്രിയിലെത്തിച്ചു. പോലീസ്‌ കേസാവുമോ എന്ന ഭയം കുട്ടികളുടെ മുഖത്ത്‌. അവര്‍ പറയുന്ന ന്യായം അമ്മ ആരുമായും അഡ്‌ജസ്‌റ്റ് ചെയ്‌തു പോവില്ല എന്നാണ്‌. ന്യായാന്യായങ്ങള്‍ നിരത്തി വയ്‌ക്കുമ്പോള്‍ ഏതു ത്രാസ്‌ പൊങ്ങിയാലും താണാലും ഒരിക്കല്‍ എല്ലാമെല്ലാമായി വളര്‍ത്തിക്കൊണ്ടു വന്ന മക്കളാണ്‌ ഈ അമ്മയെ തനിച്ചാക്കിയിരിക്കുന്നതെന്ന സത്യം മറച്ചു വയ്‌ക്കാനാവില്ല. അച്‌ഛന്മാരെക്കാളേറെ ഒറ്റപ്പെടലിന്റെ വേദന കൂടുതലറിയുന്നത്‌ അമ്മമാരാണ്‌.
രണ്ടു ത്രാസ്സും തുല്യം
            മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളെന്നു കേള്‍ക്കുമ്പോള്‍ സമൂഹം കുറ്റപ്പെടുത്തലിന്റെ വിരല്‍ ചൂണ്ടുന്നത്‌ മക്കള്‍ക്ക്‌ നേരെമാത്രമാണ്‌. എന്നാല്‍ നൂറു ശതമാനം കുറ്റം മക്കളുടേതു മാത്രമാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ നമുക്കാകുമോ. വീട്ടിലെല്ലാവരും പാത്രത്തില്‍ കഞ്ഞി കുടിച്ചിട്ട്‌ അപ്പനുള്ള കഞ്ഞി ചട്ടിയില്‍ കൊടുക്കുന്ന മകനെ കാണുന്ന കൊച്ചുമകന്‍െ്‌റ മനസ്സില്‍ തോന്നുന്ന വികാരമെന്താണ്‌? വലിയപ്പച്ചന്‍ കഴിച്ച ശേഷം കൊച്ചുമകന്‍ ആ ചട്ടി കഴുകി വൃത്തിയാക്കി സ്വന്തം അപ്പനു വേണ്ടി മാറ്റി വച്ചാല്‍ കൊച്ചുമകനെ കുറ്റം പറയാന്‍ കഴിയുമോ? മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ രണ്ടു ഭാഗത്തും തെറ്റുണ്ടെന്ന്‌ വിശ്വസിക്കുന്ന വ്യക്‌തിയാണ്‌ മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി. ബാബുപോള്‍.
"എന്റെ അച്‌ഛനും അമ്മയും എന്നെ വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്‌തനാക്കി. ആ ചുമതല എനിക്കും തിരിച്ച്‌ അവരോടുണ്ടെന്ന്‌ മറ്റാളുകള്‍ പറഞ്ഞിട്ടല്ല എന്റെ മനസ്സില്‍ തോന്നേണ്ടത്‌. എന്റെ മക്കള്‍ എന്നെ ദിവസവും ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ തിരക്കുന്നത്‌ കുടുംബബന്ധത്തിന്റെ ഊഷ്‌മളത കൊണ്ടാണ്‌. കുടുംബജീവിതത്തില്‍ സ്‌നേഹവും പരസ്‌പര ബഹുമാനവും കരുതലുമൊക്കെ ഉണ്ടാക്കിയാല്‍ എന്ത്‌ അസൗകര്യമുണ്ടായാലും മക്കള്‍ അന്വേഷിക്കും. പഴയകാലത്തെപ്പോലെ എല്ലാവര്‍ക്കും ഒരുമിച്ച്‌ ജീവിക്കാനൊന്നും കഴിയില്ല. മക്കള്‍ക്ക്‌ കല്യാണം കഴിഞ്ഞ്‌ നമ്മളോടൊപ്പം താമസിക്കുന്നത്‌ അസൗകര്യമാണെന്ന്‌ പറയുന്നതു പോലെ തന്നെയാണ്‌ നമുക്ക്‌ തിരിച്ചും. പ്രായമായിക്കഴിഞ്ഞാല്‍ മക്കളോടൊപ്പം പോയി താമസിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും ബുദ്ധിമുട്ടുകളുണ്ടാകും. "ഞാനെന്റെ മകനോട്‌ പറയാറുണ്ട്‌, എനിക്കു വയ്യാതായി എന്നു കരുതി നീ എന്നോടൊപ്പം വന്ന്‌ താമസിക്കേണ്ട കാര്യമില്ല. നീ നിന്റെ മക്കള്‍ക്കൊപ്പം സുഖമായി ജീവിക്കണം. അവര്‍ക്കൊപ്പം സായാഹ്നങ്ങളും വാരാന്ത്യങ്ങളും ചെലവഴിക്കണം. വാഹനം പോലെ തന്നെ ജീവിതവും മുന്നോട്ടാണ്‌ ഓടിക്കേണ്ടത്‌. നീയും നിന്റെ വാഹനം മുന്നോട്ടു തന്നെ ഓടിക്കുക, ഇടയ്‌ക്ക് റിയര്‍വ്യൂ മിററിലൂടെ എന്റെ വാഹനം പുറകെ ഉണ്ടോയെന്ന്‌ മാത്രം നോക്കിയാല്‍ മതി. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഹോണടിച്ചു കൊള്ളാം.
"അങ്ങനെ ആരോഗ്യകരമായ ഒരു ബന്ധം രണ്ടു കൂട്ടര്‍ക്കും സംരക്ഷിക്കാന്‍ കഴിയുക എന്നതാണ്‌ പ്രാധാന്യം. അച്‌ഛനമ്മമാര്‍ വളര്‍ത്തിക്കൊണ്ടു വരുമ്പോള്‍ കാണിക്കുന്ന അബദ്ധത്തിന്റെ ഫലമാണ്‌ കൂടുതലെങ്കിലും നന്ദികേടു

                  കാണിക്കുന്ന മക്കളുമുണ്ട്‌. മക്കള്‍ക്ക്‌ തിരക്കാണെന്നു പറയുന്നത്‌ ഒഴികഴിവാണ്‌. എത്ര തിരക്കാണെങ്കിലും വിളിച്ചന്വേഷിക്കാം. താത്‌പര്യമില്ല എന്നതാണ്‌ അടിസ്‌ഥാനം. സ്‌നേഹത്തിന്റെ കുറവും സ്വാര്‍ത്ഥതയുമാണ്‌ കാരണങ്ങള്‍. പണ്ടും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്‌. മാധ്യമങ്ങള്‍ അതൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നില്ല. പക്ഷേ ഇപ്പോള്‍ കൂടിയിട്ടുണ്ട്‌. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ രണ്ടു തരത്തിലും ചിന്തിക്കുന്ന ആളുകളുണ്ട്‌." ബാബുപോള്‍ അഭിപ്രായപ്പെടുന്നു."റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന്റെ ഫലം പൂര്‍ണ്ണമായി ശരിയാണെന്നോ തെറ്റാണന്നോ പറയാന്‍ കഴിയില്ല. വ്യക്‌തിബന്ധങ്ങള്‍ സജീവമായി നിലനിര്‍ത്തി ഐക്യത്തോടെ പോകുക എന്നതു മാത്രമാണ്‌ പരിഹാരം"
"അളന്നു നോക്കുമ്പോള്‍ രണ്ടു ത്രാസ്സിലും കുറ്റങ്ങളും കുറവുകളും ഉണ്ടാകും. അത്‌ തിരിച്ചറിഞ്ഞ്‌ പരസ്‌പരം കുറ്റപ്പെടുത്താതെ ജീവിക്കുന്നതിലാണ്‌ വിജയം. പഴുത്തില വീഴുമ്പോള്‍ ചിരിക്കുന്ന പച്ചിലയാകാതിരിക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം."
അച്ഛനമ്മമാര്ഭാരമാകുമോ ?
ഒരുകാലത്ത്‌ തള്ളക്കോഴി ചിറകിനുള്ളില്‍ കാത്തുസൂക്ഷിക്കുന്നതു പോലെ വളര്‍ത്തിക്കൊണ്ടു വന്ന മക്കള്‍ക്ക്‌ സ്വന്തം കാലില്‍ നില്‍ക്കാറാകുമ്പോള്‍ അച്‌ഛനമ്മമാര്‍ ഭാരമാകുമോ? പലപ്പോഴും മക്കള്‍ നല്‍കുന്ന ഈ ഒറ്റപ്പെടല്‍ കൂടുതലറിയുന്നത്‌ അമ്മമാരാണ്‌. ഭര്‍ത്താവ്‌ മരിച്ചു കഴിയുമ്പോള്‍ മക്കളെന്ന തണലില്‍ ജീവിക്കാനാഗ്രഹിക്കുന്ന അമ്മമാര്‍ക്ക്‌ നേരെ മക്കള്‍ വാതില്‍ കൊട്ടിയടയ്‌ക്കുന്ന അവസ്‌ഥയാണ്‌ കണ്ടു വരുന്നത്‌.ഒരുപാട്‌ വീടുകളില്‍ വൃദ്ധരായ അച്‌ഛനമ്മമാര്‍ ഭാരമാണ്‌, അധികപറ്റാണ്‌ എന്ന അഭിപ്രായമാണ്‌ സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുഗതകുമാരിക്കുള്ളത്‌.
             "ചെറുപ്പത്തില്‍ വേണ്ട കരുതലും സ്‌നേഹവും സമ്പാദ്യവും നല്‍കി മക്കളെ വളര്‍ത്തുന്ന അച്‌ഛനമ്മമാര്‍. പക്വതയെത്തുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്‌തരാക്കുന്നത്‌ ഇവര്‍ തന്നെയാണ്‌. എന്നാല്‍ ഇവര്‍ക്ക്‌ തുണ ആവശ്യമാകുന്ന സാഹചര്യത്തില്‍ മക്കള്‍ക്ക്‌ ഭാരമായി മാറുന്നു. അവരെ പരമാവധി അവഗണിച്ച്‌ എവിടെയെങ്കിലും ഉപേക്ഷിക്കുന്നു. ഞങ്ങളുടെ അഭയ എന്ന സംഘടനയില്‍ ഇതുപോലെ മക്കളുപേക്ഷിച്ച അമ്മമാര്‍ ഒരുപാടെത്തുന്നുണ്ട്‌. സമ്പാദ്യമെല്ലാം എഴുതിക്കൊടുത്തു കഴിഞ്ഞപ്പോള്‍ എന്നെ വേണ്ടാതായി എന്നു പറഞ്ഞ്‌ കണ്ണീരൊഴുക്കുന്ന അമ്മമാര്‍ നൊമ്പരപ്പെടുത്തുന്ന കാഴ്‌ചയാണ്‌. തലയിലും താഴത്തും വയ്‌ക്കാെത വളര്‍ത്തിയ മക്കളാണ്‌ ഈ അമ്മമാരെ അധികപ്പറ്റായി കാണുന്നത്‌. സ്‌നേഹശൂന്യതയും ഹൃദയശൂന്യതയും വര്‍ദ്ധിച്ചു വരുന്നതു കൊണ്ട്‌ സ്വന്തം സുഖത്തിനും സൗകര്യത്തിനും വേണ്ടി ആരെ ഉപേക്ഷിക്കാനും ഈ മക്കള്‍ തയാറാകും.
"പ്രായമാകുമ്പോള്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന ഏകാന്തതയും ദുഃഖവും കണ്ടു നില്‍ക്കാനാവില്ല. ഇത്‌ കണ്ട്‌ മനസ്സിലാക്കുന്നവരെങ്കിലും മക്കള്‍ നോക്കുമെന്ന അബദ്ധധാരണ മാറ്റി വച്ച്‌ വാര്‍ദ്ധക്യത്തിനു വേണ്ടി കരുതി വയ്‌ക്കണം. അവനവന്റെ ജീവിതം ജാഗ്രതയോടെ പ്ലാന്‍ ചെയ്യേണ്ട കാലം വന്നിരിക്കുന്നു. മാധ്യമങ്ങളിലൂടെ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതു കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന്‌ എനിക്കു തോന്നുന്നില്ല. "സ്‌റ്റാറ്റസിന്‍െ്‌റ പ്രശ്‌നം കൊണ്ടും തിരക്കെന്ന ഉപാധി കൊണ്ടും വലിച്ചെറിയപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്‌.
ബന്ധങ്ങള്പ്രതിബിംബം പോലെ അച്‌ഛനമ്മമാരെ ദൈവങ്ങള്‍ക്കു തുല്യമായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്‌നേഹിക്കാനും പങ്കുവയ്‌ക്കാനും പരസ്‌പരം മനസ്സിലാക്കാനുമുള്ള കഴിവ്‌ അന്നത്തെ ആളുകള്‍ക്കുണ്ടായിരുന്നു. ആ കാലമൊക്കെ നഷ്‌ടപ്പെട്ടു പോയിരിക്കുന്നു. മുത്തശ്ശനും മുത്തശ്ശിയും കൊച്ചുമക്കള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കുന്ന കാലമൊക്കെ ഇല്ലാതായെന്നും ഇന്നത്തെ സിനിമകളില്‍ പോലും അത്തരം കഥകള്‍ ഉണ്ടാവാറില്ലെന്നുമാണ്‌ അഭിനേത്രിയായ ശാരദയുടെ അഭിപ്രായം.
"ഇന്ന്‌ പരസ്‌പരം സ്‌നേഹിക്കാനറിയാവുന്നവര്‍ ആരാണുള്ളത്‌. കുട്ടികളെ അടുത്തു വിളിച്ചിരുത്തി വിശേഷങ്ങള്‍ ചോദിക്കുന്ന എത്ര അച്‌ഛനമ്മമാരെ നമുക്കിപ്പോള്‍ കാണാന്‍ കഴിയും. ഗ്രാമങ്ങള്‍ നഷ്‌ടമായപ്പോള്‍ അതിനൊപ്പം നിഷ്‌കളങ്കമായ സ്‌നേഹവും നഷ്‌ടമായി. സ്വാര്‍ത്ഥത മാത്രമാണ്‌ ഇന്നത്തെ കുട്ടികള്‍ക്കുള്ളത്‌. പിന്നെ ബന്ധങ്ങള്‍ കണ്ണാടി പോലെയല്ലേ. അച്‌ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കള്‍ നാളെ ഇതേ സ്‌ഥാനത്തെത്തുമെന്ന്‌ കരുതുന്നില്ല. ആ കരുതലുണ്ടെങ്കില്‍ ഇത്തരം പത്രവാര്‍ത്തകളൊന്നും ഉണ്ടാവില്ല."
കാരണങ്ങള്അനവധി
അമ്മയുടെ സുഖവിവരം തിരക്കാനുള്ള ബാധ്യത മകള്‍ക്കില്ലാതെ പോകുന്നത്‌ എന്തു കൊണ്ടാണെന്ന്‌ വിദ്യാസമ്പന്നരായ കുട്ടികളൊന്ന്‌ ആലോചിക്കുന്നത്‌ നല്ലതാണ്‌. കുട്ടികള്‍ക്ക്‌ മാതൃകയാകേണ്ട അമ്മമാര്‍ എങ്ങനെയാണ്‌ കടമകള്‍ മറന്നു പോകുന്നതെന്ന സംശയത്തിനുള്ള ഉത്തരമാണ്‌ ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ്‌ പ്ര?ഫസറും ശ്വാസകോശരോഗവിദഗ്‌ധനുമായ ഡോ. പി.എസ്‌. ഷാജഹാന്‍ പറയാന്‍ ശ്രമിക്കുന്നത്‌.
                  "നാം എന്താണോ മക്കള്‍ക്ക്‌ കൊടുക്കുന്നത്‌ അവര്‍ തിരിച്ചു തരുന്നതും അതു തന്നെയാണ്‌. കുട്ടികള്‍ സ്‌നേഹിക്കാന്‍ പഠിക്കുന്നത്‌ സ്വന്തം വീട്ടില്‍ നിന്നാണ്‌. നിങ്ങളെങ്ങനെയാണോ നിങ്ങളുടെ അച്‌ഛനമ്മമാരോട്‌ പെരുമാറുന്നത്‌ കുട്ടികള്‍ കണ്ടു പഠിക്കുന്നതും അതു തന്നെയാണ്‌. ഒന്നാമനാകാനും ഗോള്‍ഡ്‌ മെഡലിനും റാങ്കിനും വേണ്ടി മത്സരബുദ്ധിയോടെ വളര്‍ത്തി വലുതാക്കുന്ന കുട്ടികള്‍ വലുതാകുമ്പോള്‍ സ്വാര്‍ത്ഥരാകും.
"റിസള്‍ട്ട്‌ ഓറിയന്റഡ്‌ കുട്ടികളെയാണ്‌ മാതാപിതാക്കള്‍ സൃഷ്‌ടിക്കുന്നത്‌. ഭാവിയില്‍ സ്വന്തം മാതാപിതാക്കളെ നോക്കുന്ന കാര്യത്തിലും ഇതേ കുട്ടികള്‍ റിസള്‍ട്ടിന്‌ തന്നെ വില കല്‌പിക്കും. കുട്ടികളെ ബോര്‍ഡിംഗ്‌ വളര്‍ത്തുന്ന അച്‌ഛനമ്മമാരെ പ്രായമാകുമ്പോള്‍ മക്കളും വൃദ്ധസദനമെന്ന ബോര്‍ഡിംഗിലാക്കും. അപ്പ്‌ബ്രിംഗ്‌ങ് എന്നാണതിന്‌ പറയുക. കുട്ടികള്‍ക്ക്‌ എന്തെങ്കിലും അസുഖം വന്നാല്‍ ചികിത്സിക്കാന്‍ എന്തു വിലയും കൊടുക്കുന്ന അച്‌ഛനമ്മമാര്‍ നേരെ മറിച്ച്‌ സ്വന്തം മാതാപിതാക്കള്‍ക്ക്‌ അസുഖം വന്നാല്‍ ചികിത്സിക്കാന്‍ മടി കാണിക്കും. അവര്‍ക്ക്‌ പ്രായമായില്ലേ, ഇത്രയും പണം മുടക്കി ചികിത്സിക്കണോ എന്നു ചോദിക്കുന്ന ഒരുപാട്‌ പേരെ ഞാന്‍ കണ്ടിട്ടുണ്ട്‌. അവര്‍ നമ്മളെ പരിപാലിച്ചതു കൊണ്ടാണെന്ന ആത്മബോധം ഉണ്ടാവണം. മക്കളോടുള്ളതു പോലെ തന്നെ അച്‌ഛനമ്മമാരോടും കടമകളുണ്ടെന്ന്‌ തിരിച്ചറിയണം. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ്‌ സ്വയം വിചാരണ നടത്തി നല്ല വ്യക്‌തികളാകാന്‍ ശ്രമിക്കുക. "
കൂട്ടുകുടുംബ വ്യവസ്‌ഥിതി ഒരു ശാശ്വത പരിഹാരമായി കാണാന്‍ കഴിയില്ല. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമായിത്തന്നെ നന്മകളിലേക്ക്‌ തിരിച്ചു പോകുക. മറ്റുള്ളവരെ കാണിക്കാനല്ലാതെ ഗതികേടാണെന്നു കരുതാതെ സ്വന്തം മനസാക്ഷിയോട്‌ ആത്മാര്‍ത്ഥത പുലര്‍ത്തി അവരെ നോക്കുന്നതില്‍ സന്തോഷം കണ്ടെത്തണം.                                          മാതാപിതാക്കള്‍ മക്കളെ മൂല്യബോധത്തോടെ വളര്‍ത്തുക.
മാതാപിതാക്കളെ നോക്കാനുള്ള ബാധ്യത ഏറ്റെടുക്കേണ്ടത്‌ സ്വന്തം മനസ്സില്‍ തോന്നിയാണ്‌. അതുണ്ടാക്കി മാതൃകയായി കുട്ടികള്‍ക്ക്‌ കാണിച്ചു കൊടുത്ത്‌ അവര്‍ക്കുള്ള കടമകളെക്കുറിച്ച്‌ അവബോധം ഉണ്ടാക്കിയെടുക്കണം. മത്സരാധിഷ്‌ഠിത സമൂഹത്തില്‍ മക്കളെ സ്‌നേഹത്തോടെ വളര്‍ത്തിയെടുക്കേണ്ടത്‌ അച്‌ഛനമ്മമാര്‍ തന്നെയാണ്‌.
പൊതുവായിപ്പറഞ്ഞാല്‍ മലയാളികള്‍ക്ക്‌ സ്വാര്‍ത്ഥത കൂടിയിരിക്കുന്നു. മറ്റുള്ളവര്‍ക്ക്‌ എന്തു സംഭവിച്ചാലും തനിക്കൊന്നുമില്ലെന്നും നേട്ടങ്ങള്‍ക്ക്‌ മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നു എന്നുള്ളതും ഒരു കാരണമാണെന്ന്‌ ഇന്റര്‍നാഷണല്‍ മോട്ടിവേറ്റര്‍ സൈക്കോളജിസ്‌റ്റുമായ സെബിന്‍. എസ്‌.കൊട്ടാരം അഭിപ്രായപ്പെടുന്നു.
"പലരും അവരിലേക്ക്‌ തന്നെ ചുരുങ്ങിപ്പോകുകയാണ്‌. വാണിജ്യവത്‌കരണം കുടുംബബന്ധങ്ങളെയും ബാധിക്കുന്നു. വാര്‍ദ്ധക്യമാകുമ്പോള്‍ അമ്മമാരെ കൊണ്ട്‌ യാതൊരു പ്രയോജനവുമില്ലാതാകുന്നു എന്ന ചിന്തയിലേക്ക്‌ ആളുകള്‍ എത്തിപ്പെടുന്നു. യൂസ്‌ ആന്‍ഡ്‌ ത്രോ എവേ കള്‍ച്ചറില്‍ വളരുന്നതു കൊണ്ട്‌ അമ്മമാരെ വലിച്ചെറിയപ്പെടുന്നു. അതുപോലെ കുട്ടികളെ വളര്‍ത്തുമ്പോള്‍ ശിക്ഷണവും സ്‌നേഹവും വാത്സല്യവും സാമീപ്യവും പരിചരണവും കൊടുത്ത്‌ വളര്‍ത്താന്‍ അമ്മമാരും സമയം കണ്ടെത്തുന്നില്ല. ചെറുപ്രായത്തില്‍ കുട്ടികളെ നോക്കാന്‍ ആയമാരെ ഏല്‍പ്പിക്കുന്ന അമ്മമാരെ അവരെങ്ങനെ സ്‌നേഹിക്കും. നല്ല ഒരു മാതാവാകാന്‍ ശ്രമിക്കുക. ഓരോ കാര്യത്തിന്റെ വാല്യൂ മനസ്സിലാക്കി സഹജീവികളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുക. മുതിര്‍ന്ന ആളുകളുടെ ദുശാഠ്യങ്ങളും ഒരു പ്രശ്‌നമാണ്‌. വിവാഹം കഴിയുന്നതോടെ മകനെ നഷ്‌ടപ്പെടുമെന്ന വേവലാതി കൊണ്ട്‌ മരുമക്കളെ സ്‌നേഹിക്കാന്‍ അമ്മമാര്‍ തയാറാവുന്നില്ല. വീഴ്‌ച ഉണ്ടാകുമ്പോഴാണ്‌ തിരിച്ചടി കിട്ടിത്തുടങ്ങുന്നത്‌. വാര്‍ദ്ധക്യം സുരക്ഷിതമാക്കുന്നതിനോടൊപ്പം എല്ലാവരേയും സ്‌നേഹിക്കാന്‍ മാതാപിതാക്കളും ശ്രമിക്കേണ്ടതാണ്‌."ചെറുപ്പത്തിലുണ്ടാകുന്ന മാനസികമായ അടുപ്പം കുട്ടികള്‍ക്ക്‌ നഷ്‌ടമാക്കുന്നത്‌ അമ്മമാര്‍ തന്നെയാണ്‌. വൈകാരികമായ വിടവ്‌ കുട്ടികളുടെ മനസ്സില്‍ ഉണ്ടായതിനു ശേഷം വിഷമിച്ചിട്ട്‌ കാര്യമില്ല. മാനസിക അടുപ്പമുണ്ടാക്കി സ്‌നേഹമെന്തെന്ന്‌ കുട്ടികളെ പഠിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
നിയമസാധ്യതകള്‍ മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കണമെന്നുള്ളത്‌ കടമയായി തോന്നേണ്ട കാര്യമാണ്‌. അതിന്‌ കോടതിയോ പോലീസോ ഇടനില നില്‍ക്കുന്നത്‌ എത്രത്തോളം ഫലവെത്താകുമെന്ന്‌ പറയാന്‍ കഴിയില്ല. പക്ഷേ ഒരു വഴിയുമില്ലാതെ വരുമ്പോള്‍ ഈ അച്‌ഛനമ്മമാര്‍ നിയമത്തെയല്ലാതെ മറ്റെന്തിനെ ആശ്രയിക്കാനാണ്‌. സംരക്ഷണം ആവശ്യപ്പെട്ട്‌ കോടതിയിലേക്ക്‌ എത്തുന്ന മാതാപിതാക്കളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ്‌ അഡ്വക്കേറ്റായ അരുണിന്റെ വാക്കുകള്‍.
"വയോജന നിയമം എന്ന പേരില്‍ ഒരു നിയമം വന്നിട്ടുണ്ട്‌. മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാനുള്ള നിയമമാണത്‌. അതിലേക്കെത്തുന്ന പരാതികളുടെ എണ്ണം കാണുമ്പോഴാണ്‌ മാതാപിതാക്കളുമായി അകന്നു കഴിയാനാഗ്രഹിക്കുന്ന മക്കള്‍ എത്രത്തോളമുണ്ടെന്ന്‌ ശരിക്കും തിരിച്ചറിയുന്നത്‌. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ നിയമത്തില്‍ സാധ്യതകളുണ്ടെങ്കിലും അതൊക്കെ കോ- ഓര്‍ഡിനേറ്റ്‌ ചെയ്യപ്പേടേണ്ട പല സ്‌ഥാപനങ്ങള്‍ക്കും അപര്യാപ്‌തതകളുണ്ട്‌. വെല്‍ഫെയര്‍ ഹോം പോലെയുള്ള ഒരുപാട്‌ സംവിധാനങ്ങളുണ്ടെങ്കിലും എല്ലാത്തിനും അതിന്റേതായ പരിമിതികളുണ്ട്‌. ഇതൊക്കെ പ്രാവര്‍ത്തികമാക്കണമെങ്കില്‍ എന്‍ഫോഴ്‌സ് ചെയ്യാനുള്ള അതോരിറ്റി കൂടി വേണം. മാധ്യമങ്ങളിലൂടെ ഇതൊക്കെ പുറത്തറിയുന്നതു കൊണ്ട്‌ ഒരാളെങ്കിലും തിരുത്തി ചിന്തിക്കാനൊരുങ്ങുമല്ലോ.

                 "പണ്ടത്തെ അപേക്ഷിച്ച്‌ ഇത്തരം സംഭവങ്ങള്‍ താരതമ്യേന ഇത്‌ വളരെ കൂടിയിട്ടുണ്ട്‌. ന്യൂക്ലിയര്‍ കുടുംബ വ്യവസ്‌ഥിതിയും ഇത്‌ കൂടാനുള്ള ഒരു കാരണമാണ്‌. കുടുംബം ന്യൂക്ലിയറായപ്പോള്‍ ചിന്തകളും ന്യൂക്ലിയറായി. കൂട്ടുകുടുംബ വ്യവസ്‌ഥിതിയില്‍ ന്യൂനതകളുണ്ടെങ്കിലും പല തരത്തിലുള്ള സ്വഭാവത്തിലുള്ളവരുമായി ഇടപെടാന്‍ അതിലൂടെ പഠിക്കും. എന്നാലിന്ന്‌ നാലു പേര്‌ അല്ലെങ്കില്‍ മൂന്നു പേരടങ്ങുന്ന കുടുംബത്തിലേക്ക്‌ ഒരാളെ കൂടെ അംഗീകരിക്കാന്‍ ന്യൂക്ലിയര്‍ കുടുംബത്തിന്‌ മടിയാണ്‌, അത്‌ സ്വന്തം അമ്മയാണെങ്കില്‍ പോലും. മകളും മരുമകനും അമ്മയ്‌ക്കെതിരെ കേസുമായി എന്റെ മുന്നിലേക്കെത്തിയ സംഭവങ്ങളുണ്ട്‌. അച്‌ഛനമ്മമാരില്‍ നിന്ന്‌ അവര്‍ക്ക്‌ സംരക്ഷണം വേണമത്രേ. "കാരണങ്ങളും കുറ്റപ്പെടുത്തലകളും നിയമങ്ങളും പലതും പറയുന്നു. എല്ലാം മനസ്സിലാക്കി ഒത്തൊരുമിച്ച്‌ ജീവിക്കാനുള്ള മനസ്സ്‌ എല്ലാവര്‍ക്കുമുണ്ടാകണം. എങ്കിലും ഒറ്റയ്‌ക്കാക്കപ്പെടുന്ന മാതാപിതാക്കള്‍ക്ക്‌ എന്ത്‌ സംഭവിച്ചെന്ന്‌ മക്കള്‍ തിരിച്ചറിയുന്നത്‌ ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും ശേഷമാണെന്ന സത്യം മാത്രം ബാക്കിയാകുന്നു.

                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: