Pages

Saturday, October 19, 2013

പരി. പരുമല തിരുമേനിയുടെ ഒരു കല്പ്പന

                  പരി. പരുമല തിരുമേനിയുടെ 
(Saint Gregorios of Parumala) ഒരു കല്പ്പന

കര്ത്താവേ, കര്ത്താവേ, നിന്റെ നാമത്തില് ഞങ്ങള് പ്രവചിക്കയും നിന്റെ നാമത്തില് ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തില് വളരെ വീര്യപ്രവൃത്തികള് പ്രവര്ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില് എന്നോടു പറയും.. അന്നു ഞാന് അവരോടു: ഞാന് ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്മ്മം പ്രവര്ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന് എന്നു തീര്ത്തു പറയും. മത്തായി 7:22-23

മലങ്കരയിലെ ഓര്ത്തോഡോക്സ് സഭകള് വിശുദ്ധനായി കാണുന്ന പരുമലയില് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഗീവറുഗീസ് മോര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ (1848 – 1902) ജീവിതകാലത്ത് ആയിരുന്നു കേരളത്തില് പെന്തകോസ്ത് മുതലായ ദുരുപദേശങ്ങള് നുഴഞ്ഞു കയറുന്നത്. വിദ്വാന്കുട്ടി എന്ന തമിഴ് പ്രസംഗകന്, വേഡ്സ്വര്ത്ത് എന്ന ടി. പി. എം (കൊളംബോ) പ്രവര്ത്തകന് മുതലായവര് രംഗത്തുവരുന്നത് അക്കാലത്താണ്. ഈ പ്രവണതയെ പരിശുദ്ധ പരുമല ബാവാ എങ്ങനെ കണ്ടിരുന്നു എന്ന് അറിയുവാന് ഏവര്ക്കും ജിജ്ഞാസ ഉണ്ടാകും. 1889 – ല് പള്ളികളിലേക്ക് അയച്ച ബാവായുടെ ഒരു കല്പ്പന താഴെ ഞങ്ങള് പ്രസിധപ്പെടുത്തുന്നു.
നിരണം മുതലായ ഇടവകകളുടെ മോര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില് നിന്ന് നമ്മുടെ നിരണം മുതലായ എല്ലാ ഇടവകകളിലും ഉള്പ്പെട്ട പള്ളികളുടെ വികാരിമാരും ദേശത്തുപട്ടക്കാരും പള്ളികൈക്കാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല് നിങ്ങള്ക്ക് വാഴ്വ്.
പ്രിയമുള്ളവരേ,
             ഈ കാലങ്ങളില് വേദതര്ക്കങ്ങളും കള്ള ഉപദേഷ്ടാക്കളും വര്ദ്ധിച്ചിരിക്കുന്നു എന്നും നാള്ക്കുനാള് സത്യവിശ്വാസത്തിനെതിരായ മതങ്ങളും തന്നിഷ്ട ഉപദേശങ്ങളും തന്നിഷ്ട നടപടികളും ചില ഗൃഹശാസ്ത്രികള് പ്രസ്താവിക്കുന്ന വ്യര്ഥമായ ഗണിതങ്ങളെ കേട്ട് ഭ്രമിച്ചുകൊണ്ട് സ്ഥിരവിശ്വാസികളായ മറ്റുള്ളവരെക്കൂടി ഭ്രമിപ്പിക്കുന്നവരും നമ്മുടെ രക്ഷിതാവിനാലും തന്റെ വി. ശ്ലീഹന്മാരാലും ബാവാമാരാലും സ്ഥിരപ്പെടുത്തപ്പെട്ടിരിക്കുന്ന അടിസ്ഥാനത്തില്നിന്നും ലാക്കില് നിന്നും തെറ്റി വെറി പിടിച്ചോടി നടക്കുന്നവരും നിഗളത്താലും അഹംഭാവത്താലും ദുഷ്ടാത്മാവിന്റെ വാഹനമായിത്തീര്ന്നുകൊണ്ട് പരിശുധാത്മാവുള്ളവരുടെ ഭാവം നടിക്കുന്ന ദുരുപദേശികളും മറ്റും ഇപ്പോള് എല്ലാ സ്ഥലങ്ങളിലും ഓടിനടക്കാന് തക്കവണ്ണമുള്ള പരീക്ഷകള് ഉണ്ടാകുമെന്നും നമ്മുടെ രക്ഷിതാവു കല്പിച്ചിട്ടുള്ള തിരുമോഴികളെ നിങ്ങള് പ്രത്യേകം ഓര്ക്കണം. പിന്നെയും അവരുടെ നടപടികളുടെ അവസാനത്തെ പരിശോധിച്ചുകൊള്വീന് എന്ന് വി. ശ്ലീഹാ കല്പ്പിചിട്ടുള്ളതുപോലെ ഈ ഇടക്കാലങ്ങളില് കാണപ്പെട്ട ചില ദുരുപദേശ നടപടികളേയും അവരുടെ അവസാനത്തേയും പരിശോധിച്ചാല് അവകള് അബദ്ധമായിട്ടുല്ലതെന്നു വെളിപ്പെടുന്നു.
1. വിദ്വാന്കുട്ടി മുതല് അവരുടെ ആരംഭത്തെയും അവസാനത്തെയും ഓര്പ്പിന്.
2. ഡേവിഡ് മുതല് പേരുടെ ഉപദേശങ്ങളെയും അവരുടെ അവസാനത്തേയും പരിശോധിപ്പിന്.
3. രക്ഷണീയ സൈന്യങ്ങളുടെ അടിസ്ഥാനമില്ലാത്ത വിശ്വാസത്തെയും അബദ്ധമായ അവരുടെ നടപടികളേയും നോക്കുവിന്.
4. മേല്പ്പറഞ്ഞ വശങ്ങളോടുകൂടി അല്ലയോ ഇപ്പോള് ചിലര് നമ്മുടെ ഇടയില് വന്നിറങ്ങിള്ളതും.
എന്നാല് നിങ്ങളില് ചിലര് അവരുടെ വചനങ്ങള്ക്ക് ചെവികൊടുക്കുന്നതായും മറ്റും അറിഞ്ഞു നാം വ്യസനിക്കുന്നു. പ്രിയമുള്ളവരേ, സത്യാത്മാവിനാല് ഉള്ളവകളുടെ ആരംഭം ലഘുവായും അവരുടെ അവസാനം വലിപ്പമായും സ്ഥിരമായും ഇരിക്കും. ദുഷ്ടാത്മാവിനാല് ഉള്ളവകളുടെ ആരംഭം വിദ്വാന്കുട്ടി മുതല് പേരുടെതുപോലെ ഘോരമായും അവസാനം നിസാരമായും അബധമായും ഇരിക്കും. മാതാപിതാക്കന്മാര്ക്കും ഗുരുഭൂതന്മാര്ക്കും സഭക്കും കീഴ്പ്പെട്ടിരിക്കുന്ന മക്കള് അവരുടെ പിന്നടികളില് നിന്ന് വിട്ടു ഉല്ലാസങ്ങള്ക്കും ആഹ്ലാദങ്ങള്ക്കും മദ്യപാനം വേശ്യാദോഷം ദുര്മാര്ഗം മുതലായ തോന്നിയവാസങ്ങളിലേക്ക് പോകുവാന് വിടാതിരിക്കുന്നതില് തല്ക്കാലം അവര്ക്കു ദു:ഖവും അവസാനം അവര്ക്കു വലിയ സന്തോഷവും ഉണ്ടാകുന്നതാണ്. മേല്പ്പറഞ്ഞ കീഴനുസരണങ്ങളില് അല്ലാതെ തന്നിഷ്ടമായി നടക്കപ്പെടുവാന് ഇടവരുന്ന ബാലന്മാര്ക്ക് തത്സമയം സന്തോഷവും അവസാനം ദു:ഖവും നേരിടുന്നതാകുന്നു. ഗുരുഭൂതന്മാര്ക്ക് കീഴ്പ്പെട്ടു വരുതിപ്രകാരം നടക്കാതെ തോന്നിയവാസമായി നടക്കുന്ന പൈതങ്ങള് ക്ലാസില് നിന്ന് തള്ളപ്പെട്ടവരായിത്തീരും. ഇടയന്റെ ശബ്ദം ഗണ്യമാക്കാതെ കൂട്ടത്തില് നിന്ന് തെറ്റിപ്പോകുന്ന ആടുകള് കുഴിയിലോ ദുഷ്ടമൃഗങ്ങളുടെ കൈയിലോ അകപ്പെട്ടു നഷ്ടമായി തീരുന്നതല്ലാതെ ആട്ടിന്തൊഴുത്തില് പ്രവേശിച്ചു ആശ്വസിപ്പാന് ഇടയാകുന്നതല്ല. മാതാപിതാക്കന്മാര്ക്ക് അനുസരനമില്ലാതെ അവരുടെ ശത്രുക്കളോടു ചേര്ന്നു വിരോധികളായി തീര്ന്നാല് അവരുടെ ശാപത്തിന് പാത്രീഭവിക്കുകയും അവരുടെ അവകാശത്തിനു ഇതരന്മാരായി തീരുകയും ഇഹത്തിലും പരത്തിലും അവര് യോഗ്യന്മാരായിക്കുകയും ചെയ്യുന്നതാണ്. എന്റെ പുത്രാ നിന്റെ പിതാവിന്റെ നിയമത്തെ അനുസരിച്ചുകൊള്ക അന്നും നിന്റെ മാതാവിന്റെ നിയമത്തെ ഉള്ള പരിശുദ്ധ റൂഹായുടെ വചനത്തെ ഓര്ത്തുകൊള്ളുവീന്. നമ്മുടെ മാതാവായ വിശുദ്ധ സഭ നമുക്ക് നിശ്ചയിച്ചിട്ടുള്ള വിശ്വാസനടപടികളേയും മറന്നുപോകരുത്. ആദ്യം എലോഹീംമക്കള് എന്ന് പറയപ്പെടുന്ന കായേന്മക്കളോടുകൂടി ചെര്ന്നുല്ലസിച്ചു ദുര്മാര്ഗത്തില് നടന്നു ദുഷ്ടസന്തതികള് ജനിച്ചു പിഴച്ചു കൂട്ടമായി തീരുകയാല് ദൈവകോപം അവരില് ഉണ്ടായി. ജലപ്രളയത്താല് ആ തലമുറ ഒക്കേയും നശിപ്പിച്ചു കളവാന് ഇടയായി.
ആകയാല് പ്രിയമുള്ളവരേ, നിങ്ങള് അനുസരണക്കേടിന്റെ സന്തതികളല്ല. മേല്പ്പറഞ്ഞ പരിശുദ്ധാത്മാവിന്റെയും പരിശുദ്ധ മാതാവിന്റെയും അനുഗ്രഹിക്കപ്പെട്ട എലോഹീംമക്കളത്രേ. ആ നമുടെ മാതാപിതാക്കന്മാരുടെ അനുസരണത്തില് നിന്നുവിട്ടു പൈശാചിക കൂട്ടത്തോട് ചേര്ന്നു തോന്നിയവാസ നടപടികളിലും വിശ്വാസം തെറ്റിലും ആരും മനസ്സുവച്ചു പോകരുത്. നിങ്ങളുടെ മക്കളെ, അവര് ദൈവത്തിന്റെ മക്കളായി തീരുവാന് തക്കവണ്ണം അവരെ സത്യവിശ്വാസത്തിലും സത്യനടപടികളിലും ഭയഭക്തിയിലും അനുസരണത്തിലും സ്നേഹത്തിലും വളര്ത്തുവിന്. പള്ളിയില് പട്ടക്കാര് പ്രസംഗിക്കുന്നത് കൂടാതെ തിരഞ്ഞെടുത്ത കൈവെപ്പോടും കല്പ്പനയോടും കൂടെ അയക്കപ്പെടുന്ന ഉപദേശികളെക്കൊണ്ടും പ്രസംഗം നടത്തിച്ചു കൊള്ളുവീന്. അല്ലാതെ ഉപദേശികളെന്നു പറഞ്ഞു വരുന്ന മതവിരോധികളെക്കൊണ്ടും കല്പ്പിക്കപ്പെട്ടിരിക്കുന്ന നോമ്പ്, നമസ്കാരം, കുരിശുവര, കുമ്പിടീല്, കുര്ബാന, കുമ്പസാരം, മാമോദീസ, രോഗികള്ക്കുള്ള സൈത്ത്പൂശല് മുതലായ കര്മങ്ങളും തമ്പുരാനെ പെറ്റ അമ്മയോടും പരിശുധന്മാരോടുമുള്ള മധ്യസ്ഥ പ്രാര്ഥനകളും മറ്റും നിസാരമെന്നുവച്ചു അവയെ ആദരിക്കാതെ നിന്ദിക്കുന്ന കള്ള ഉപദേഷ്ടാക്കളെക്കൊണ്ടും പള്ളിയില് വച്ചോ നിങ്ങളുടെ കൂട്ടത്തില് വച്ചോ പ്രസംഗിപ്പിക്കുകയും അവരുടെ ദുരുപദേശങ്ങളെ കേള്ക്കുകയും ചെയ്തു പോകരുത്. അങ്ങനെയുള്ളവര് വഞ്ചകന്മാര് ആകയാല് അവര്ക്കു നിങ്ങള് സ്ഥലം കൊടുക്കുകയും അരുത്. എന്നാല് ആരെങ്കിലും അനുരസരണം വിട്ടു അതിനെ എതിര്ത്ത് പ്രവര്ത്തിക്കുന്നവരായി കാണപ്പെട്ടാല് അവനെ നമ്മുടെ കൂട്ടത്തില് അന്യനായി വിചാരിച്ചുകൊള്കയും വേണം.
സര്വശക്തനായ ദൈവത്തിന്റെ കൃപയും വാഴ്വും നിങ്ങളെല്ലാവരോടും കൂടെ സദാ വര്ത്തിച്ചിരിക്കുമാറാകട്ടെ. അത് കൃപ നിറഞ്ഞിരിക്കുന്ന മാതാവിന്റെയും സകല പരിശുധന്മാരുടെയും പ്രാര്ത്ഥനകളാല് തന്നെ ആമീന്.
1889 -ആമാണ്ട് കൊല്ലം 1073 മകരം 23-നു കല്ലുങ്കത്ര പള്ളിയില് നിന്നും.
ആകാശങ്ങളിലുള്ള ഞങ്ങളുടെ ബാവാ….

                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: