Pages

Monday, October 21, 2013

കൊട്ടാരക്കര ശ്രീധരന്‍ നായരെ അനുസ്മരിച്ചു

കൊട്ടാരക്കര ശ്രീധരന്‍ നായരെ അനുസ്മരിച്ചു

കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രീധരന്‍ നായര്‍ അനുസ്മരണ സമ്മേളനം കൊടിക്കുന്നിൽ  സുരേഷ്  ഉദ്ഘാടനം ചെയതു . ശ്രീധരന്‍ നായരുടെ സ്മരണ നിലനിര്‍ത്താന്‍ സ്മാരകമന്ദിര നിര്‍മാണംഅടക്കമുള്ള ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. 

പകരക്കാരനില്ലാത്ത അഭിനയരൂപമായ ശ്രീധരന്‍ നായരുടെ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ചലച്ചിത്ര സ്‌നേഹികളും സ്വന്തക്കാരും സ്‌നേഹിതരും എത്തിയിരുന്നു. ശ്രീധരന്‍ നായര്‍ അഭിനയിച്ച സിനിമകള്‍ പുനര്‍നിര്‍മിച്ചാല്‍ കഥാപാത്രങ്ങളെ അതേ മികവോടെ അവതരിപ്പിക്കാന്‍ മലയാളത്തില്‍ നടന്‍മാരില്ലാത്തതിനാലാണ് അവയുടെ റീമേക്കുകള്‍ ഉണ്ടാകാത്തതെന്ന ജി.കെ.പിള്ളയുടെ പ്രസ്താവന മാത്രം മതിയായിരുന്നു മഹാനടനെ ഇഷ്ടക്കാര്‍ മറന്നിട്ടില്ലെന്ന് മനസ്സിലാക്കാന്‍. സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. പി.എന്‍.ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.കലാധരന്‍ ആമുഖം അവതരിപ്പിച്ചു. പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍, ചലച്ചിത്ര-നാടക നടന്‍ ജി.കെ.പിള്ള, സിനിമ-നാടക നടി വിജയകുമാരി എന്നിവരെ ആദരിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ യുവനടന്‍ രാജേഷ്ശര്‍മ്മയെയും സംഗീതജ്ഞന്‍ ആനയടി പ്രസാദിനെയും അനുമോദിച്ചു. ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഡോക്കുമെന്ററിയുടെ നിര്‍മാണോദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ ഡോ.ബിജു, ഡോക്കുമെന്ററിയുടെ സംവിധായകന്‍ ഉണ്ണി ആര്‍.നായര്‍ക്കും അഡ്വ. ആര്‍.കൃഷ്ണകുമാറിനും തിരക്കഥ നല്‍കി നിര്‍വഹിച്ചു. ജയരാജ വാര്യര്‍, പഞ്ചായത്ത് അംഗങ്ങളായ എസ്. ആര്‍.രമേശ്, ഉണ്ണിക്കൃഷ്ണമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ചിറയത്ത് അജിത്കുമാര്‍ സ്വാഗതവും പഞ്ചായത്തംഗം സൈനുലാബ്ദീന്‍ നന്ദിയും പറഞ്ഞു. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പിന്‍മുറ പ്രതിഭകളായ ശോഭാ മോഹന്‍, വിനു മോഹന്‍, അനു മോഹന്‍, കല്യാണി കൃഷ്ണ, മറ്റുകുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭാമിനി സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഗാനാഞ്ജലിയും നടന്നു. 

                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: