Pages

Thursday, October 31, 2013

കിണറ്റില്‍ അകപ്പെട്ട മ്‌ളാവിന്‍കുട്ടിക്ക് നാട്ടുകാര്‍ രക്ഷകരായി

കിണറ്റില്‍ അകപ്പെട്ട മ്‌ളാവിന്‍കുട്ടിക്ക്
നാട്ടുകാര്‍ രക്ഷകരായി
പട്ടികളെ ഭയന്നോടിയ മ്‌ളാവിന്‍കുട്ടി വീണത് നിറയെ വെള്ളമുള്ള കിണറ്റില്‍. നാട്ടുകാര്‍ കിണറ്റിലിറങ്ങി അതിനെ രക്ഷിച്ച് വനപാലകര്‍ക്ക് കൈമാറി. പരിക്കൊന്നും പറ്റാതെ മ്‌ളാവിന്‍കുട്ടി വീണ്ടും കാടുകയറി. ബുധനാഴ്ച രാവിലെ 11ന് മൂന്നുമുക്ക് കുഴിഭാഗത്ത് കുഴിയില്‍വീട്ടില്‍ ബേബിയുടെ പത്തടിയോളം താഴ്ചയുള്ള കിണറ്റിലാണ് മ്‌ളാവ് വീണത്. പട്ടികള്‍ ഓടിച്ചുകൊണ്ട് വരുകയായിരുന്നു.പരിസരത്തുണ്ടായിരുന്ന നാട്ടുകാര്‍ എത്തിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി ജീവനുമായി മല്ലിടുകയായിരുന്നു ഈ സാധുജീവി. അടുത്ത് തോട്ടത്തില്‍ ജോലിചെയ്തിരുന്ന എം. മനോജ് സധൈര്യം കിണറ്റിലിറങ്ങി അതിനെ എടുത്തുയര്‍ത്തി കരയിലുള്ളവര്‍ക്ക് കൈമാറി. അടുത്തുള്ള വീടിന്റെ ചായ്പ്പില്‍ പാര്‍പ്പിച്ച് ശുശ്രൂഷിച്ചു.ഓമനത്തമുള്ള മ്‌ളാവിന്‍കുട്ടി ചുരുങ്ങിയ സമയംകൊണ്ട് എല്ലാവരുടെയും ഓമനയായി.

വിവരമറിഞ്ഞ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആഷിഖിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി അതിനെ ഏറ്റെടുത്തു. രക്ഷപ്പെടാന്‍ ശ്രമിക്കാതെ അവരുടെ കൈയിലൊതുങ്ങിയിരുന്നു. നേരെ ഡി.എഫ്.ഒ. ഓഫീസിലേക്ക് കൊണ്ടുപോയി. ഡി.എഫ്.ഒ. സുനില്‍ സഹദേവനും റേഞ്ച് ഓഫീസര്‍ ബാബുരാജപ്രസാദും പരിശോധിച്ചു. ആറുമാസം പ്രായമുള്ള മ്‌ളാവിന്‍കുഞ്ഞിന് പരിക്കൊന്നുമുണ്ടായിരുന്നില്ല. അതിന്റെ കൂട്ടം ഉണ്ടാകാനിടയുള്ള മുളന്തേരി ഭാഗത്ത് തുടര്‍ന്ന് ഇറക്കിവിട്ടു.
 മ്‌ളാവിന്റെ ബാഹുല്യമുള്ള കാടാണ് അച്ചന്‍കോവിലിലേത്. രണ്ടുമാസം മുമ്പ് കാലില്‍ കമ്പി കുടുങ്ങി അവശനിലയിലായ ഒരു മാനിനെ മൂന്നുമുക്കില്‍ നിന്ന് വനപാലകര്‍ ചികിത്സിക്കാന്‍ കൊണ്ടുപോയെങ്കിലും ചത്തു. മ്‌ളാവുകള്‍ ജനവാസകേന്ദ്രത്തിലേക്ക് സ്ഥിരമായി ഇറങ്ങിവരികയും കൃഷി നശിപ്പിക്കുകയും ചെയ്യും. എങ്കിലും അവയെ ആക്രമിക്കാതെ വെറുതെ വിടുന്ന പതിവാണ് ഗ്രാമത്തിലുള്ളത്


                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



                                    

No comments: