Pages

Saturday, October 19, 2013

രാഘവന്‍മാസ്റ്റര്‍ വിടപറയുമ്പോള്‍

രാഘവന്‍മാസ്റ്റര്‍ വിടപറയുമ്പോള്‍
.
ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പിന്നാലെ, മറ്റൊരു ലെജന്റായ രാഘവന്‍മാസ്റ്റര്‍കൂടി നടന്നുമറയുന്നതോടെ മൗലികമായൊരു സംഗീതസംസ്‌കാരത്തിന്റെ തുറന്നുവെച്ച വാതിലുകള്‍ പൊടുന്നനെ അടഞ്ഞുപോയതായും നാമറിയുന്നു. തലായി കടപ്പുറത്തെ ആഘോഷങ്ങളില്‍ മുഴങ്ങിയ ഈണങ്ങളായിരുന്നു കെ. രാഘവന്‍ മാസ്റ്ററുടെ കുട്ടിക്കാലത്തെ മദിച്ചത്. കടലില്‍ വഞ്ചിയിറക്കുന്നവര്‍ തണ്ടുവലിക്കുമ്പോള്‍ പാടിയിരുന്ന വായ്ത്താരികളിലൂടെ ആ ബാല്യം സംഗീതത്തിന്റെ കടലാഴങ്ങളിലേക്ക് കടന്നുചെന്നു. രോഗപീഡകളെ ചെറുത്ത് അഞ്ചുവര്‍ഷം കഠിനമായ സാധനയോടെ ശാസ്ത്രീയസംഗീതം പഠിച്ചിട്ടും കുറച്ചു തുള്ളികളേ കിട്ടിയിട്ടുള്ളൂ എന്ന വിനയം കടലിനോടുള്ള ഹൃദയശുശ്രൂഷയായിരുന്നു. സ്വന്തം മണ്ണില്‍നിന്നെടുത്ത കുഴമണ്ണുപോലെ, നാടോടിഗാനങ്ങളും മാപ്പിളപ്പാട്ടുകളും വടക്കന്‍ വീരഗാഥകളും പൊറാട്ടിന്റെ ശീലുകളും ആ സംഗീതഹൃദയത്തില്‍ വാത്സല്യത്തോടെ ചേര്‍ന്നുനിന്നു. 

മുംബൈയിലെ പുല്‍മൈതാനങ്ങളില്‍ പന്തുമായി നൃത്തംചെയ്ത എസ്.എസ്. നാരായണന്റെയും നെവില്‍ ഡിസൂസയുടെയും കാല്‍ടെക്‌സ് ഫുട്‌ബോള്‍ ടീമില്‍ കളിക്കാരനായി എത്തിയിട്ടും സംഗീതത്തിനുവേണ്ടി പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ചുകൊണ്ട് ഏകാന്ത പഥികനായി മഹാനഗരങ്ങളിലലഞ്ഞ രാഘവന്‍മാസ്റ്റര്‍ കേരളത്തിന്റെ ചലച്ചിത്രസംഗീതത്തിന്റെ നിശ്ചല
തടാകത്തില്‍ പുതിയൊരു തോണിയിറക്കി. ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ ചില വേരുകള്‍ ഗ്രാമീണ ഗാനങ്ങളുടെ കാനനച്ഛായ തേടിയാണ് പോകുന്നതെന്ന് മാസ്റ്റര്‍ തിരിച്ചറിഞ്ഞു. അതിന്റെ ലാളിത്യവും നൈസര്‍ഗികതയും മലയാളിത്തവുമായി സംലയിച്ചപ്പോള്‍ ഗാനങ്ങള്‍ക്ക് ഭാവതീവ്രമായ നാദസൗഭാഗ്യം കൈവന്നു. നാടകങ്ങളിലാണ് രാഘവന്‍മാസ്റ്റര്‍ ആദ്യം ആ വിത്തെറിഞ്ഞത്. കെ.പി.എ.സി.യുടെ ബാനറില്‍ 'തലയ്ക്കു മീതേ ശൂന്യാകാശം' 'പാമ്പുകള്‍ക്ക് മാളമുണ്ട്' എന്നീ രണ്ടു ഗാനങ്ങള്‍ ഗ്രാമീണ കേരളത്തിന്റെ അന്തരംഗത്തില്‍ പുതിയൊരു അനുഭൂതി വിശേഷം സൃഷ്ടിച്ചു. മലയാള ചലച്ചിത്രങ്ങളില്‍ സംഗീതത്തിന്റെ പുതുകാലത്തെ അടയാളപ്പെടുത്തുകയാണ് പിന്നീടദ്ദേഹം ചെയ്തത്. ഉപകരണങ്ങളുടെ ആര്‍ഭാടമില്ലാതെ രാഗങ്ങളുടെ ഹൃദയത്തിലേക്ക് വിദ്യുല്‍പ്രവാഹം പോലെ ഭാഷയുടെയും നാടന്‍ ശീലുകളുടെയും തരംഗങ്ങളെ അദ്ദേഹം കടത്തിവിട്ടു. അന്യഭാഷയിലെ ചലച്ചിത്രഗാനങ്ങളുടെ വര്‍ണപ്പകിട്ടിലും ചെടിപ്പിലും വീണുപോകാതെ അതിനെ നിരാകരിച്ച ആ പ്രതിഭാ ശാലി 'നീലക്കുയിലി'ലൂടെ സര്‍ഗാത്മകമായ മലയാള ഗാനസംസ്‌കാരത്തിന് തുടക്കം കുറിച്ചു. അതിലെ ഒമ്പതുഗാനങ്ങളില്‍ വാക്കും സംഗീതവും ആശ്ലേഷിച്ചു നില്‍ക്കുന്നത് കേരളം വിസ്മയത്തോടെ കണ്ടു. വാക്കുകളുടെ മായിക സൗന്ദര്യത്തെയും സംഗീതത്തിന്റെ ഗരിമയെയും പോഷിപ്പിച്ചുകൊണ്ട് സംഗീതത്തില്‍കാവ്യ സംസ്‌കാരത്തിന് പ്രാധാന്യമുണ്ടെന്നു അദ്ദേഹം അടയാളപ്പെടുത്തി. നാടോടി സംഗീതത്തിന്റെ ആന്തരിക ലോകത്തു നിന്നു കണ്ടെടുത്ത ശീലുകളും താളവൈവിധ്യവും ചേര്‍ത്ത് കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്ന ഗാനം രാഘവന്‍ മാസ്റ്റര്‍ പാടിയപ്പോള്‍ മലയാള ഗാനങ്ങളിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് പിറന്നു വീണു. ഓരോ പാട്ടിനും സവിശേഷതയുള്ള ശബ്ദങ്ങള്‍ അന്വേഷിച്ച രാഘവന്‍ മാസ്റ്റര്‍ പിന്നണിഗാനരംഗത്തേക്ക് കെ.പി. ഉദയഭാനു, ബ്രഹ്മാനന്ദന്‍, എം.ജി. രാധാകൃഷ്ണന്‍, ശാന്താ പി. നായര്‍, വി.ടി. മുരളി എന്നിവരെ കൊണ്ടുവന്നതുതന്നെ, കെ.ജെ. യേശുദാസ് എന്ന മാന്ത്രികനപ്പുറത്തും ഗായകരുണ്ടെന്ന് മനസ്സിലാക്കിയാണ്. 'കള്ളിച്ചെല്ലമ്മ'യില്‍ ബ്രഹ്മാനന്ദന് 'മാനത്തെ കായലില്‍' എന്ന ഗാനം നല്‍കിയപ്പോള്‍, 'കരിമുകില്‍ക്കാട്ടിലെ' എന്ന തീവ്രമായ വിഷാദ ഭാവത്തെ പി. ജയചന്ദ്രന്റെ ആലാപനത്തിലൂടെ സാക്ഷാത്കരിക്കുകയാണ് ചെയ്തത്. അതേസമയം 'ഉത്തരായണ'ത്തിലെ 'ഹൃദയത്തിന്‍ രോമാഞ്ചം' എന്ന കവിതയെ ധ്യാനതുല്യമായി ചിട്ടപ്പെടുത്തേണ്ടിവന്നപ്പോള്‍ ഗാനഗന്ധര്‍വനെ തന്നെ ആശ്രയിച്ചു.

പ്രണയവും നൈര്‍മല്യവും കേരളീയതയും മലയാളത്തിന്റെ ഗ്രാമീണ ശുദ്ധിയും ശുഭ്രതയും ആ ആവിഷ്‌കാരങ്ങളിലുണ്ടായിരുന്നു. പി. ഭാസ്‌കരനും മാസ്റ്ററും ചേര്‍ന്ന് ഒരുക്കിയെടുത്ത ഗാനങ്ങള്‍ ഭാഷയുടെയും സംഗീതത്തിന്റെയും ആഘോഷമായി. മൂല്യങ്ങളുടെ പ്രതീകമായിരുന്നു രാഘവന്‍ മാസ്റ്റര്‍. ശ്രീനാരായണ ഗുരുദേവന്റെ പാദസ്​പര്‍ശമേറ്റ ശരവണത്തിലെ വരാന്തയിലിരുന്ന് മുറ്റത്തെ നാട്ടുപൂക്കളെയെന്നപോലെ നീണ്ട ഒമ്പതു നൂറ്റാണ്ടുകള്‍ അദ്ദേഹം ജീവിതം കണ്ടു. സ്‌നേഹത്തിനും ലാളിത്യത്തിനും നിഷ്ഠയ്ക്കും ആ പാട്ടുകളെന്നപോലെ ജീവിതത്തിലും സ്ഥാനമുണ്ടായിരുന്നു. 'മുറപ്പെണ്ണ്' എന്ന ചലച്ചിത്രത്തില്‍ തനിക്കുപകരം ചിദംബരനാഥിനെ സംഗീത സംവിധായകനായി നിര്‍ദേശിച്ചുകൊണ്ട് അനന്യമായ ഹൃദയശുദ്ധിയും അദ്ദേഹം പ്രകടിപ്പിച്ചു. ഏതാണ്ട് ഒരു നൂറ്റാണ്ട് തന്നെ അദ്ദേഹത്തോടൊപ്പം കടന്നുപോയി. നൂറുവയസ്സിന് ഒരു വിളിപ്പാടകലെ വെച്ച് പൂര്‍ണതയ്‌ക്കൊരു വിസ്മയ വിരാമമിട്ട് രാഘവന്‍മാസ്റ്റര്‍ വിടപറയുമ്പോള്‍ അദ്ദേഹം സൃഷ്ടിച്ച ഒരു ഗാനത്തിന്റെ വിഷാദത്തോടെ കേരളവും സ്വയം പാടിപ്പോകുന്നു -''എങ്ങനെ നീ മറക്കും''!

                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: