Pages

Wednesday, October 23, 2013

അശാസ്ത്രീയ റോഡ്‌ നിർമാണം : എം.സി. റോഡിനെ മരണപാതയാക്കുന്നു

അശാസ്ത്രീയ റോഡ്‌ നിർമാണം  :
 എം.സി. റോഡിനെ മരണപാതയാക്കുന്നു

കൊട്ടാരക്കര: നിര്‍മാണത്തിലെ അശാസ്ത്രീയത എം.സി. റോഡിനെ മരണപാതയാക്കുന്നു. ഇഞ്ചക്കാട് വളവില്‍ കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേരാണ് മരിച്ചത്. ജില്ലയില്‍ എം.സി. റോഡ് സുരക്ഷിതപാതയാക്കാന്‍ പഠനവും അടിയന്തര നടപടികളുമുണ്ടാകുമെന്ന് പോലീസ് മേധാവികളും ജില്ലാ ഭരണകൂടവും പലകുറി പ്രഖ്യാപിച്ചിട്ടും അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കുറവില്ല. 
ഇഞ്ചക്കാട്ട് വളവുകളില്‍ ഒരുവര്‍ഷത്തിനിടയില്‍ അമ്പതിലധികം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അടുത്തടുത്തായി മൂന്ന് വളവുകള്‍ ഉള്ളതിനാല്‍ എതിര്‍ദിശയില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ല. വേഗതയിലെത്തി വളവ് തിരിയാനുള്ള ശ്രമങ്ങളും അപകടത്തിന് കാരണമാകുന്നു. റോഡ് നിര്‍മാണ വേളയില്‍ സ്ഥലമെടുപ്പിലുണ്ടായ ക്രമക്കേടുകളാണ് അശാസ്ത്രീയനിര്‍മാണത്തിനു കാരണമായതെന്ന് ആരോപണമുയരുന്നു.

വളവുകള്‍ പരമാവധി നിവര്‍ത്തി റോഡ് നിര്‍മിക്കാനായിരുന്നു തീരുമാനമെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പലയിടത്തും സ്ഥലമെടുപ്പ് ഉപേക്ഷിക്കുകയായിരുന്നു. ഉന്നതനിലവാരത്തില്‍ റോഡ് നിര്‍മിച്ചെങ്കിലും വളവുകള്‍ നിവരാത്തതിനാല്‍ അപകടം പതിവായി. കൊട്ടാരക്കരയ്ക്കും ഏനാത്തിനും ഇടയില്‍ മൈലം, ഇഞ്ചക്കാട്, കലയപുരം പുത്തൂര്‍മുക്ക്, കുളക്കട എന്നിവടങ്ങളാണ് പ്രധാന അപകടകേന്ദ്രങ്ങള്‍. നൂറിലധികം ജീവനുകളാണ് ഇവിടങ്ങളില്‍ പൊലിഞ്ഞിട്ടുള്ളത്. വളവുള്ള ഭാഗങ്ങളില്‍ ഹമ്പ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പായിട്ടില്ല. ഏനാത്ത് മുതല്‍ വടക്കോട്ടും കൊട്ടാരക്കര മുതല്‍ തെക്കോട്ടും അപകടമേഖലകളില്‍ നിരവധി ഹമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുളക്കടയിലും ഇഞ്ചക്കാട്ടും കലയപുരത്തും ഹമ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം കെ.എസ്.ടി.പി. അധികൃതര്‍ കേട്ടില്ലെന്നു നടിക്കുന്നു. റോഡുപരോധം ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ നടന്നെങ്കിലും അപകടമുണ്ടാകുമ്പോള്‍ മാത്രമാണ് അധികൃതര്‍ പ്രഖ്യാപനങ്ങളുമായെത്തുന്നത്. എം.സി. റോഡിലെ അശാസ്ത്രീയമായ വളവുകള്‍ നിവര്‍ക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും അടിയന്തരനടപടി ആവശ്യപ്പെട്ട് തുടര്‍പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. 

                                  പ്രൊഫ്‌,ജോണ്‍ കുരാക്കാർ 


No comments: