Pages

Thursday, October 31, 2013

കേരളത്തിന് ഇന്ന് പിറന്നാള്‍

കേരളത്തിന് ഇന്ന് പിറന്നാള്‍ :
 ശ്രേഷ്ഠദിന മധുരവും
മധുരമലയാളത്തിന് ഇന്ന് ശ്രേഷ്ഠദിനം. മലയാളം ശ്രേഷ്ഠമെന്ന് അംഗീകരിച്ചതിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമാകുകയാണ്. കേരളപ്പിറവി ദിനത്തിലെ പതിവ് ഭരണഭാഷാ വാരാചരണം ഇക്കുറി ശ്രേഷ്ഠഭാഷാ വാരാചരണമായി പുതുമോടി ചൂടും. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചശേഷമുള്ള ആദ്യപിറന്നാള്‍ ദിനം ഭാഷാസ്‌നേഹികളുടെ അന്തസ്സിന്റെ ദിനം കൂടിയാണ്. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പൊന്‍കേരളത്തിന്റെ കസവണിയും. ഭാഷാസ്‌നേഹത്തിന്റെ പ്രതിജ്ഞയും പുതുക്കും. 
ഗുരുതുല്യരായ കവികളെയും കലാകാരന്‍മാരെയും ആദരിച്ച് മലയാള ദിനാഘോഷത്തിന്റെ മാറ്റുകൂട്ടാന്‍ സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. സാംസ്‌കാരിക വകുപ്പും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സിഡാക്കും ചേര്‍ന്നാണ് ഗുരുവന്ദനം ഒരുക്കുന്നത്. കലയ്ക്കും കാവ്യത്തിനും പുതു കല്പനകള്‍ ഒരുക്കിയ ഒ.എന്‍.വിയും സുഗതകുമാരിയും പുതുശ്ശേരിയും അടൂരും കാവാലവും മലയാളത്തിന്റെ ആദരം ഏറ്റുവാങ്ങും. തിരുവനന്തപുരം വി.ജെ.ടി. ഹാളിലാണ് ചടങ്ങ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഭരണഭാഷാ പ്രതിജ്ഞ ചൊല്ലണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 11 ന് ഓഫീസ് തലവന്റെ നേതൃത്വത്തില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിച്ച് പ്രതിജ്ഞയെടുക്കണം. മലയാളം ഭരണഭാഷയാക്കിയിട്ടുള്ള എല്ലാ വകുപ്പുകളിലും മറ്റ് ഭരണ വകുപ്പുകളിലും സ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ ഉണ്ടാകും. ഭരണഭാഷാ മാറ്റത്തിന് ഉതകുന്ന ചര്‍ച്ചകളും സെമിനാറുകളും നാട്ടിലാകെ സംഘടിപ്പിക്കും. ഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവന നല്‍കിയവരെ ജില്ലകളില്‍ ആദരിക്കും. 
ഭരണഭാഷാ പ്രതിജ്ഞ
' മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. ഭരണ നിര്‍വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. ' 

                                        Prof. John Kurakar

No comments: