Pages

Tuesday, October 8, 2013

കേരളത്തില്‍ കുട്ടിക്കുറ്റവാളികളുടെ വര്‍ധന

                               കേരളത്തില്‍

                 കുട്ടിക്കുറ്റവാളികളുടെ വര്‍ധന 


                 കേരളത്തില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന സര്‍ക്കാറിന്റെ എന്നപോലെ സമൂഹത്തിന്റെയും അടിയന്തരശ്രദ്ധ പതിയേണ്ട പ്രശ്‌നമാണ്. മര്‍ദനം, മോഷണം എന്നിവ മാത്രമല്ല, പീഡനം, കൊലപാതകം തുടങ്ങിയവയിലും കുട്ടികള്‍ കുറ്റവാളികളാകുന്നുണ്ട്. ജുവനൈല്‍ കേസുകള്‍ പരിഗണിക്കുന്ന ബോര്‍ഡ് 2003-ല്‍ നിലവില്‍ വരുമ്പോള്‍, 2001 മുതലുള്ള 430-ഓളം കേസുകളാണ് കോടതികളില്‍ കെട്ടിക്കിടന്നിരുന്നത്. എന്നാല്‍, 2012-ല്‍ 989 കുട്ടികള്‍ അറസ്റ്റിലായി. ഇക്കൊല്ലം ഇതുവരെ 1,400 ലേറെ കുട്ടികള്‍ അറസ്റ്റിലായിട്ടുണ്ട് . കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 16 കുട്ടികള്‍ കൊലക്കേസില്‍ പ്രതികളായെന്ന് ക്രൈം റെക്കോഡ്‌സ് ബ്യൂറോ പറയുന്നു. തികച്ചും ആപത്കരമായ സ്ഥിതിയാണ് ഇക്കാര്യത്തില്‍ കേരളത്തിലുള്ളതെന്ന് ഈ കണക്കുകള്‍ ഓര്‍മിപ്പിക്കുന്നു. 'മാതൃഭൂമി 'പ്രസിദ്ധീകരിച്ച 'മറ്റൊരു കുറ്റം, മറ്റൊരു ശിക്ഷ' എന്ന പരമ്പര കുട്ടിക്കുറ്റവാളികള്‍ കൊടുംകുറ്റവാളികളായിമാറുന്ന സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. 
                ജീവിത പരിതസ്ഥിതികള്‍, കൂട്ടുകെട്ടുകള്‍, മുതിര്‍ന്നവരുടെ ദുഷ്‌പ്രേരണകള്‍ തുടങ്ങിയവയെല്ലാം കുട്ടിക്കുറ്റവാളികള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു. മയക്കുമരുന്നു വിതരണത്തിനും കുഴല്‍പ്പണ വിതരണത്തിനുമെല്ലാം കുട്ടികളെ ഉപയോഗിക്കുന്ന മാഫിയകള്‍ പലേടത്തുമുണ്ട്. ഒരിക്കല്‍ കുറ്റകൃത്യത്തില്‍പ്പെട്ടാല്‍ പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍കഴിയാത്തവരായി പലരും മാറുന്നു. സ്വന്തം കുഞ്ഞിനെ കൊന്ന കേസില്‍ പ്രതികളായ പെണ്‍കുട്ടികളും കുട്ടിക്കുറ്റവാളികളിലുള്‍പ്പെടുന്നു. കൊച്ചുകുട്ടികളെ പീഡിപ്പിച്ചതിന് പിടിയിലായവരാണ് മറ്റൊരു വിഭാഗം. കുട്ടിക്കുറ്റവാളികളെ പിടികൂടി ശിക്ഷ നല്‍കിയതുകൊണ്ടുമാത്രം പ്രശ്‌നം അവസാനിക്കുകയില്ല. അവരെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ വിപുലമായ സംവിധാനങ്ങള്‍ ആവശ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ സ്ഥിതി തൃപ്തികരമല്ല. നമ്മുടെ ജുവനൈല്‍ഹോമുകളും ഒബ്‌സര്‍വേഷന്‍ ഹോമുകളും മറ്റും ഈ ലക്ഷ്യത്തോടെ പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികള്‍ കുറ്റവാളികളായി മാറാതിരിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പല കുട്ടികളും കുറ്റവാളികളായി മാറാന്‍ കാരണമാകുന്നുണ്ട്. രക്ഷിതാക്കളുടെ വഴിവിട്ട ജീവിതം, മദ്യപാനം, സമീപനം, കഠിനശിക്ഷ തുടങ്ങിയവ കുട്ടികളെ വഴിതെറ്റിച്ചേക്കാം. ബന്ധുക്കളില്‍നിന്ന് കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളാണ് മറ്റൊരു പ്രശ്‌നം. പീഡനങ്ങള്‍ സഹിച്ച് കഴിയുന്ന കുട്ടികളില്‍ പലരും പില്‍ക്കാലത്ത് കുറ്റവാളികളായി മാറാറുണ്ട്. 

രക്ഷിതാക്കള്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ജാഗ്രത പാലിക്കുകയും ചെയ്താല്‍ത്തന്നെ കാര്യങ്ങള്‍ ഏറെ മെച്ചപ്പെടും. രക്ഷിതാക്കളുടെ കൊടുംക്രൂരതകള്‍ക്കിരയാകുന്ന കുട്ടികളെ കണ്ടെത്താന്‍ സന്നദ്ധസംഘടനകളും മറ്റും കൂടുതല്‍ താത്പര്യമെടുക്കുകയും വേണം.കുടുംബത്തിനെന്നപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ വിപത്ത് തടയുന്നതില്‍ വലിയ പങ്കുവഹിക്കാന്‍കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കടുത്ത നിയന്ത്രണങ്ങളും മത്സരമനോഭാവവും മറ്റും കുട്ടികളെ അതൃപ്തരും കുറ്റവാസനയുള്ളവരുമാക്കിയേക്കും. ഹൈടെക്‌യുഗത്തില്‍ ജീവിക്കുന്ന കുട്ടികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അധ്യാപകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയണം. അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള സന്നദ്ധതയും സൗഹൃദത്തോടെയുള്ള സമീപനവുമാണ് ഇവിടെയും ആവശ്യം. ആരോഗ്യകരമായ ആണ്‍-പെണ്‍ സൗഹൃദം വളര്‍ത്തിയെടുക്കാനുതകുന്ന വിധത്തിലുള്ള ലൈംഗിക വിദ്യാഭ്യാസവും വിദ്യാര്‍ഥികള്‍ക്ക് അനിവാര്യമാണ്. അധികൃതരും പൊതുസമൂഹവും കൂട്ടായി പരിശ്രമിച്ചാലേ കുട്ടിക്കുറ്റവാളികളെ നേര്‍വഴിക്കുകൊണ്ടുവരാനും കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ആകൃഷ്ടരാകുന്നത് തടയാനും കഴിയൂ. പോലീസ്, നിയമജ്ഞര്‍, മനശ്ശാസ്ത്രജ്ഞര്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെട്ട കൂട്ടായ്മ വിശദമായി ചര്‍ച്ചകള്‍നടത്തി ഇതിനായി ഒരു കര്‍മപദ്ധതി തന്നെ ആവിഷ്‌കരിക്കണം (Mathrubhumi)


                                                      Prof. John Kurakar

No comments: