Pages

Monday, September 2, 2013

KERALA BHASHA INSTITUTE -ANNUAL CELEBRATION

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

വൈജ്ഞാനികസാഹിത്യരംഗത്ത് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നാല്‍പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്കും പുസ്തകോത്സവത്തിനും തുടക്കമായി. വൈജ്ഞാനിക-കലാസാഹിത്യ-സംഗീത രംഗങ്ങളിലെ പത്ത് രചനകളുടെ പ്രകാശനത്തോടെയാണ് ദശദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ അധ്യക്ഷനായി. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഭാഷാവൈജ്ഞാനികരംഗത്ത് 3200 പുസ്തകങ്ങളാണ് ഭാഷാഇന്‍സ്റ്റിറ്റിയൂട്ടിന്റെ സംഭാവനകള്‍.മറ്റൊരുഭാഷയ്ക്കും അവകാശപ്പെടാനില്ലാത്ത മഹാനിഘണ്ടു മലയാളത്തില്‍ സാധ്യമാക്കിയത് ഇന്‍സ്റ്റിറ്റിയൂട്ടാണ്. വിമര്‍ശനങ്ങളുണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടുദശകങ്ങളായി മറ്റുഭാഷകളെയുമുള്‍ക്കൊണ്ട് മലയാളപദസമ്പത്ത് ഇന്‍സ്റ്റിറ്റിയൂട്ട് കൂട്ടിയിട്ടുണ്ടെന്നും തമ്പാന്‍ പറഞ്ഞു.കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെ സര്‍ക്കാരിന്റെ പ്രസിദ്ധീകരണശാല എന്നതിനേക്കാളുപരി പഠന-ഗവേഷണ സ്ഥാപനമാക്കി ഉയര്‍ത്തണമെന്ന് മുന്‍മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. അംഗീകാരം ലഭിച്ചിട്ടുപോലും ഭാഷയോടുള്ള അവഗണനയിപ്പോഴും തുടരുകയാണ്. ഇതിനോടകം നിരവധി പുസ്തകങ്ങള്‍ പുറത്തിറക്കിയ ഇന്‍സ്റ്റിറ്റിയൂട്ട് എണ്ണത്തില്‍ മാത്രമല്ല, ഗുണത്തിലും ശ്രദ്ധിക്കണമെന്ന് വിജയകുമാര്‍ പറഞ്ഞു. മലയാളിയുടെ വിദ്യാഭ്യാസ-വൈജ്ഞാനിക-സാംസ്‌ക്കാരിക ജീവിതത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ സേവനം നിസ്തുലമാണെന്ന് സാഹിത്യഅക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ലോകാനുഭവങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മലയാള ഭാഷയില്‍ പദസമ്പത്തുണ്ടാക്കാന്‍ ഭാഷാഇന്‍സ്റ്റിറ്റിയൂട്ടിന് കഴിയുന്നു. ശാസ്ത്ര-സാങ്കേതികരംഗങ്ങളിലെ വികാസങ്ങളെയുമുള്‍ക്കൊണ്ട് സാഹിത്യത്തെ പരിപോഷിപ്പിക്കണമെന്നും പെരുമ്പടവം പറഞ്ഞു.

സര്‍ക്കാരിന്റെ തലയെടുപ്പുള്ള പ്രസിദ്ധീകരണശാലയാണ് കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടെന്നും സമീപകാലത്ത് ഈ സ്ഥാപനം പുലര്‍ത്തുന്ന പ്രൊഫഷണലിസം സ്വകാര്യപ്രസിദ്ധീകരണശാലകളെ വെല്ലുന്നതാണെന്നും 'മാതൃഭൂമി' ബ്യൂറോ ചീഫ് ജി. ശേഖരന്‍നായര്‍ പറഞ്ഞു.ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പത്ത് പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രൊഫ. ഓമനക്കുട്ടി, യക്ഷഗാന-പാവകളി കലാകാരന്‍ കെ.വി. രമേശ്, ചിത്രാ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചട്ടമ്പിസ്വാമികളുടെ അപൂര്‍വ ചികിത്സാവിധികള്‍, ഗുരു നിത്യചൈതന്യയതിയുടെ ഊര്‍ജതാണ്ഡവം, പ്രൊഫ. പി.ആര്‍. കുമാരകേരളവര്‍മയുടെ ത്യാഗരാജകൃതികള്‍, എസ്. കൃഷ്ണകുമാറിന്റെ യക്ഷഗാനം, ഡോ. ആര്‍. ഗിരീഷ്‌കുമാറിന്റെ ലോകവ്യാപാരസംഘടനയും മൂന്നാംലോകരാജ്യങ്ങളും, ചിത്രാശ്രീകുമാര്‍ രചിച്ച തനിനാടന്‍ മറുനാടന്‍, സിജോ കെ. മാനുവലിന്റെ ഇന്ത്യയിലെ മനുഷ്യാവകാശങ്ങള്‍, പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ രചിച്ച ശ്രീനാരായണ ഗുരുദേവകൃതികള്‍ -ഒന്നാം വാള്യം, രണ്ടാംവാള്യം, പ്രൊഫ. പി. രാമചന്ദ്രമേനോന്റെ ഭാരതീയഗണിതം എന്നിവയാണ് പ്രകാശനം ചെയ്ത പുസ്തകങ്ങള്‍.

                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: