Pages

Wednesday, September 11, 2013

അന്തര്‍ സംസ്‌ഥാന ബസുടമകൾ ഓണമാഘോഷിക്കാന്‍ നാട്ടിലെത്തുന്ന മലയാളികളെ പിഴിയുന്നു


                          അന്തര്‍ സംസ്‌ഥാന ബസുടമകൾ 
                               ഓണമാഘോഷിക്കാന്‍ നാട്ടിലെത്തുന്ന
                                   മലയാളികളെ  പിഴിയുന്നു 

ഓണക്കാലമായതോടെ  അന്തർ സംസ്ഥാന ബസുടമകൾ  ഓണമാഘോഷിക്കാൻ  നാട്ടിലെത്തുന്ന മലയാളികളുടെ  പക്കൽ നിന്നും  അമിത ചാർജ്  ഈടാക്കുകയാണ് .  ഓണക്കാലത്തിനും മാസങ്ങള്‍ക്കു മുമ്പേതന്നെ മിക്ക സംസ്‌ഥാനങ്ങളില്‍നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ്‌ ബുക്കിംഗ്‌ കഴിഞ്ഞിരുന്നു. അതോടെ നാട്ടിലേക്കെത്തേണ്ട ആയിരങ്ങള്‍ക്ക്‌ ആശ്രയം അന്തര്‍ സംസ്‌ഥാന പ്രൈവറ്റ്‌ ബസുകളാണ്‌. പുരയ്‌ക്കു തീകത്തുമ്പോള്‍ വാഴവെട്ടുന്നു എന്നു പറയുംപോലെ നാട്ടിലെത്താനും തിരിച്ചുപോകാനും മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതെ ഇത്തരം ബസുകളെ ആശ്രയിക്കുന്നവരെയാണ്‌ അമിത ചാര്‍ജ്‌ ഈടാക്കി ദ്രോഹിക്കുന്നത്‌.
കൊച്ചിയില്‍നിന്ന്‌ ചെന്നൈയിലേക്ക്‌ ഉത്സവ സീസണാകും മുമ്പ്‌ എ.സി. ബസ്‌ യാത്രയ്‌ക്ക് 800-850 രൂപയായിരുന്നു ചാര്‍ജ്‌. സീസണ്‍ ആരംഭിച്ചതോടെ അത്‌ 1300-1400 രൂപ നിരക്കായി. ഇപ്പോള്‍ ഓണം ഇങ്ങെത്തിയതോടെ ചാര്‍ജ്‌ 1800 രൂപയിലേക്കുയര്‍ന്നിരിക്കുന്നു. എ.സിയില്ലാത്ത ബസ്‌ യാത്രയ്‌ക്ക് 1400 രൂപയാണു വാങ്ങുന്നത്‌. കൊച്ചിയില്‍നിന്ന്‌ ബംഗളുരുവിലേക്കും ഹൈദരാബാദിലേക്കും മംഗലാപുരത്തേക്കും കോയമ്പത്തൂരിലേക്കുമൊക്കെയുള്ള നിരക്കില്‍ വന്‍ വര്‍ധനയാണ്‌ വരുത്തിയിരിക്കുന്നത്‌. യാതൊരു മാനദണ്ഡവുമില്ലാതെ ഇവര്‍ യാത്രാനിരക്ക്‌ ഉയര്‍ത്തുന്നതിനെ ചോദ്യം ചെയ്യാനോ നടപടികള്‍ സ്വീകരിക്കാനോ അധികൃതരും തയാറാകുന്നില്ല.
കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി മുന്നൂറോളം അന്തര്‍ സംസ്‌ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഇവയ്‌ക്കൊന്നും സംസ്‌ഥാന സര്‍ക്കാരിന്റെ നിയമാനുസൃതമുള്ള റൂട്ട്‌ പെര്‍മിറ്റുകളോ സര്‍വീസ്‌ പെര്‍മിറ്റുകളോ ഇല്ലെന്നതാണ്‌ വസ്‌തുത. ഇവയൊക്കെയും സര്‍വീസ്‌ നടത്തുന്നത്‌ ടൂറിസ്‌റ്റ് കോണ്‍ട്രാക്‌ട് ലൈസന്‍സിലാണ്‌. യാത്രക്കാര്‍ക്കു പുറമേ, ഇത്തരം ബസുകളുടെ അടിഭാഗത്തുള്ള വിസ്‌തൃതമായ അറകളില്‍ സാധനങ്ങള്‍ എത്തിച്ചും വരുമാനമുണ്ടാക്കുന്നുണ്ട്‌. ബസുകളുടെ ആഡംബരവും മള്‍ട്ടി ആക്‌സില്‍, എയര്‍കണ്ടീഷന്‍ഡ്‌, സെമിസ്ലീപ്പര്‍, സ്ലീപ്പര്‍ എന്നിങ്ങനെയുള്ള തരംതിരിവുമൊക്കെ ടിക്കറ്റ്‌ നിരക്കിന്റെ വര്‍ധനയ്‌ക്ക് ഇവര്‍ ഉപാധിയാക്കുന്നുണ്ട്‌. ടിക്കറ്റ്‌ നിരക്കില്‍ ഏകീകൃത സ്വഭാവമില്ല. ഓരോ ബസിനും ഓരോ നിരക്ക്‌. എപ്പോള്‍ വേണമെങ്കിലും അത്‌ വര്‍ധിപ്പിക്കും.
അതേസമയം കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്റെയും കേരളാ സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്റെയും ബസുകളില്‍ നിരക്ക്‌ വളരെ കുറവാണ്‌. കേരളത്തിന്റെ ബസുകളില്‍ കൊച്ചിയില്‍നിന്നു ബംഗളുരുവിലേക്ക്‌ 438 രൂപ മാത്രമാണ്‌ ചാര്‍ജ്‌. കര്‍ണാടകയുടെ ബസില്‍ 552 രൂപയും. കര്‍ണാടക മള്‍ട്ടി ആക്‌സില്‍ എ.സി. ബസും എ.സി. ബസും ഓടിക്കുന്നുണ്ട്‌. 950 രൂപയോളമാണ്‌ നിരക്ക്‌. കേരളത്തിന്റെ രണ്ടു ബസുകള്‍ കൊച്ചി-ബംഗളുരു റൂട്ടില്‍ സര്‍വീസ്‌ നടത്തുമ്പോള്‍ കര്‍ണാടക 15 സര്‍വീസുകളാണ്‌ നടത്തുന്നത്‌. അന്തര്‍ സംസ്‌ഥാന സ്വകാര്യബസുകള്‍ തോന്നുമ്പോഴൊക്കെ നിരക്ക്‌ വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും കേരളമോ കര്‍ണാടകമോ ഓണം സീസണില്‍ പ്രത്യേക നിരക്ക്‌ ഈടാക്കില്ലെന്നത്‌ യാത്രക്കാര്‍ക്ക്‌ ആശ്വാസം നല്‍കുന്നു. പക്ഷേ, ഇവ പരിമിതമായേ ഉള്ളൂ എന്നതുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ സ്വകാര്യ ബസുകളെ ആശ്രയിക്കാതിരിക്കാനാവുന്നില്ല. സര്‍ക്കാര്‍ വക ബസുകളുടെ കുറവും ട്രെയിനുകളുടെ ടിക്കറ്റുകളെല്ലാം മാസങ്ങള്‍ക്കുമുമ്പേ വിറ്റുപോയതും വിമാനടിക്കറ്റുകള്‍ക്ക്‌ ഇരട്ടിയോടടുത്ത്‌ വര്‍ധനയുണ്ടായതും മുതലെടുക്കുകയാണ്‌ അന്തര്‍ സംസ്‌ഥാന സ്വകാര്യബസുടമകള്‍.
അന്യനാട്ടില്‍ വര്‍ഷം മുഴുവന്‍ പണിയെടുത്ത്‌ വര്‍ഷത്തിലൊരിക്കല്‍ ഓണമാഘോഷിക്കാന്‍ കുടുംബസമേതം നാട്ടിലേക്കു വരുന്ന സാധാരണ ജനങ്ങളെയാണ്‌ ഈ നിരക്കുവര്‍ധന വിഷമിപ്പിക്കുന്നത്‌. കാലുകുത്താനിടമില്ലാത്ത ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലെ ദുരിതയാത്രയെക്കുറിച്ചു ചിന്തിക്കാന്‍പോലുമാകാതെവരുമ്പോള്‍ അവര്‍ അമിതകൂലി നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. പക്ഷേ, മാനദണ്ഡങ്ങളൊന്നുമില്ലാതെ, ബസുടമകള്‍ക്കു തോന്നുമ്പോള്‍ വന്‍തോതില്‍ നിരക്കു വര്‍ധിപ്പിക്കുന്നത്‌ അനുവദിക്കാന്‍പാടില്ല. അധികൃതരുടെ ഭാഗത്തുനിന്ന്‌ ഈ പ്രവണതയ്‌ക്കെതിരേ ശക്‌തമായ നടപടികളുണ്ടാവണം. ഓട്ടോറിക്ഷ മുതല്‍ നാഷണല്‍ പെര്‍മിറ്റ്‌ ലോറിവരെയുള്ളവയുടെ നിരക്ക്‌ നിശ്‌ചയിക്കുന്ന സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ എന്തുകൊണ്ട്‌ നടപടിയെടുത്തുകൂടാ?ജനങ്ങളെ  സാരമായി ബാധിക്കുന്ന  പ്രശനങ്ങളിൽ നിന്ന്  സർക്കാർ  ഒഴിഞ്ഞു നിൽക്കരുത് .

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: