കൊലയാളി ബസുകളും
മത്സരഓട്ടവും
മത്സരഓട്ടവും
സ്വകാര്യ ബസുകൾ അരങ്ങുവാഴുന്ന എല്ലാ സ്ഥലത്തും ഇടയ്ക്കിടെ ഇമ്മാതിരി അപകടങ്ങൾ പതിവായിട്ടുണ്ട്. മത്സരഓട്ടം ഈ സ്വകാര്യ ബസുകളുടെ പതിവു രീതിയുമാണ്. പരമാവധി യാത്രക്കാരെ വലയിലാക്കാനുള്ള വെപ്രാളത്തിൽ മുന്നിലുള്ള മറ്റു ബസുകളെ പിന്നിലാക്കാൻ നടത്തുന്ന സാഹസിക ശ്രമങ്ങളാണ് മിക്കപ്പോഴും ഇതുപോലുള്ള അപകടങ്ങൾ വരുത്തിവയ്ക്കുന്നത്. താനൂരിൽ അപകടം സൃഷ്ടിച്ച സ്വകാര്യ ബസും മറ്റൊരു ബസ് മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയുടെ മേൽ പാഞ്ഞുകയറിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.കൊലയാനയെപ്പോലെ ഇതിനുമുൻപും അരഡസനോളം അപകടങ്ങൾ വരുത്തിവച്ച ചരിത്രവും ഈ ബസിനുണ്ടെന്ന വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. താനൂരിൽ മാത്രമല്ല, സംസ്ഥാനത്ത് എവിടെയും ഇതുപോലുള്ള കൊലയാളി ബസുകൾ കാണാം. ഓരോ അപകടമുണ്ടാകുമ്പോഴും അന്വേഷണവും റിപ്പോർട്ട് തേടലുമൊക്കെ നടക്കാറുണ്ട്. ഗതാഗതനിയമം കർക്കശമാക്കുമെന്ന പ്രഖ്യാപനവും കൂട്ടത്തിലുണ്ടാകും. വലിയ അപകടത്തിന്റെ ഞെട്ടൽ മാറുന്നതുവരെയായിരിക്കും ഇത്തരം പ്രഖ്യാപനങ്ങളുടെ ആയുസ്. രണ്ടുദിവസം കഴിയുമ്പോൾ എല്ലാവരും സംഭവം മറക്കും.ഇത്തരത്തിലുള്ള ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കാൻ സർക്കാരിന് കഴിയണം .തുടർച്ചയായി അപകടം വരുത്തുന്ന ഡ്രൈവർ മാരുടെ ലൈസൻസ് ക്യാൻസൽ ചെയ്യുകയും വേണം . നന്നേ ചെറിയ റോഡുകളും അനിയന്ത്രിതമായ വാഹനപ്പെരുപ്പവും പരാധീനതകളായി നിലനിൽക്കുമ്പോൾ വാഹനം ഓടിക്കുന്ന ഓരോരുത്തരും മനസുവച്ചാലേ അപകടങ്ങൾ കുറയ്ക്കാനാവൂ. എന്നാൽ, ഭ്രാന്തമായ മത്സര ഓട്ടമാണ് എവിടെയും കാണുന്നത്. മുന്നേപോകുന്നവനെ എങ്ങനെയും മറികടക്കുക എന്നായിട്ടുണ്ട് വാഹനം ഓടിക്കുന്നവരുടെ മനോഭാവം. സിഗ്നലുള്ള ജംഗ്ഷനുകളിൽപ്പോലും അച്ചടക്കം പാലിക്കാൻ ആരും ശ്രദ്ധിക്കുന്നില്ല. ഗതാഗതനിയന്ത്രണച്ചുമതലയ്ക്ക് വേണ്ടത്ര സേനാംഗങ്ങളില്ലാത്തതിനാൽ എവിടെയും കൈയൂക്കുള്ളവർ കാര്യക്കാർ എന്നതാണ് അവസ്ഥ. ഗതാഗതനിയമം നടപ്പാക്കാൻ ചുമതലപ്പെട്ടവർ വാഹനപരിശോധനയും പിഴ ചുമത്തലുമായി നാളുകൾ നീക്കുന്നു. നാടുനീളെ കാമറകൾ വച്ചും ഇന്റർസെപ്റ്റർപോലുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയും അമിത വേഗക്കാരെയെല്ലാം പിടികൂടുമെന്നാണ് പറയുന്നത്. എന്നാൽ, തിരക്കേറിയ നഗരവീഥികൾപോലും അമിതവേഗക്കാർ കൈയടക്കുകയാണ്.
സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരണമടയുന്നവരുടെ സംഖ്യ ഓരോവർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. 4286 പേരാണ് കഴിഞ്ഞവർഷം റോഡപകടങ്ങളിൽ മരിച്ചത്. ഇതിന്റെ പത്തിരട്ടിയിലേറെയാണ് അപകടങ്ങളിൽ പരിക്കേറ്റവരുടെ സംഖ്യ. മഹായുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരെക്കാൾ അധികമാണ് ഇന്ത്യയിൽ റോഡപകടങ്ങൾ മൂലമുള്ള മരണമെന്ന് ഇതുസംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം രാജ്യത്തുനടന്ന റോഡപകടങ്ങളിൽ 1,39,091 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റവരുടെ സംഖ്യ ഇതിന്റെ പതിനഞ്ചിരട്ടിവരും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അപകടനിരക്കിലോ മരണനിരക്കിലോ ഒരു കുറവും ഉണ്ടാകുന്നില്ല.
കുറ്റക്കാരെ കണ്ടെത്തി കടുത്ത ശിക്ഷ നൽകിയാലേ അപകടങ്ങൾ കുറയ്ക്കാൻ കഴി യുകയുള്ളൂ .
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment