റോഡപകടങ്ങൾ കുറയ്ക്കാൻ
ശിക്ഷാനടപടികള്‍ ആരംഭിച്ചു
യാത്രക്കാർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം
മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നിരത്തിലിറങ്ങിയത് നല്ല കാര്യം തന്നെ. ഇതൊരിക്കലും വാഹനയാത്രികരെ ബുദ്ധിമുട്ടിക്കാനാവരുത്. പകരം നൂറു ശതമാനവും റോഡപകടങ്ങള്‍ കുറയ്‌ക്കുക എന്ന ലക്ഷ്യം മാത്രമായിരിക്കണം. മോട്ടോര്‍ വാഹന നിയമം അനുശാസിച്ചിട്ടും പിന്നീട് കോടതികള്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടും ഹെല്‍മറ്റ് ധരിക്കാന്‍ കൂട്ടാക്കാത്തവരാണ് ഇരുചക്ര വാഹനമോടിക്കുന്നവരില്‍ നല്ലൊരു ശതമാനവും. സ്വന്തം സുരക്ഷയ്‌ക്കുവേണ്ടി നിയമം ബാധകമാക്കിയിരിക്കുന്ന ഒരു മാര്‍ഗം മനപ്പൂര്‍വം അവഗണിക്കുന്നവരെ ശിക്ഷാമാര്‍ഗത്തിലൂടെ അതിനു നിര്‍ബന്ധതരാക്കുന്നതില്‍ തെറ്റൊന്നുമില്ല.
തമിഴ്‌നാട്ടിലേതിനെക്കാളും മഹാരാഷ്‌ട്രയിലേതിനെക്കാളും കൂടുതല്‍ ഇരുചക്ര വാഹന അപകടങ്ങള്‍ നടക്കുന്നതു കേരളത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അമിത വേഗം, ഗതാഗത നിയമം തെറ്റിച്ച് ഇടതുവശത്തു കൂടിയുള്ള ഓവര്‍ടേക്കിംഗ്, തിരക്കുള്ള റോഡുകളില്‍ നടത്തുന്ന മത്സരയോട്ടം, പുതുതലമുറ ഇരുചക്ര വാഹനങ്ങളുടെ വരവ് എന്നിവയൊക്കെ അപകട വര്‍ധനയ്‌ക്കു കാരണമാകുന്നുവെന്നാണു പഠനങ്ങള്‍ പറയുന്നത്. ഈ അപകടങ്ങളില്‍ മരണനിരക്ക് ഏറാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഹെല്‍െമറ്റ് ധരിക്കാത്തതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ ധരിക്കുക, ഹെല്‍മെറ്റ് ധരിച്ചിട്ടും അതിന്റെ ബെല്‍റ്റ് ബന്ധിപ്പിക്കാതിരിക്കുക എന്നിവയൊക്കെ ഹെല്‍മെറ്റില്‍ നിന്നു ലഭിക്കേണ്ട സുരക്ഷ ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു. ഇരുചക്ര വാഹന അപകടത്തില്‍ മരിക്കുന്നതില്‍ എഴുപതു ശതമാനവും തലയ്‌ക്കു ഗുരുതരമായി പരുക്കേല്‍ക്കുന്നതു മൂലമാണെന്നാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. പോയവര്‍ഷം സംസ്‌ഥാനത്ത് 12479 ഇരുചക്ര വാഹന അപകടങ്ങളാണുണ്ടായത്. 1668 പേര്‍ മരിച്ചു. 15841 പേര്‍ക്കു പരുക്കേറ്റു. ഈ വര്‍ഷം പതിനായിരത്തിലധികം അപകടങ്ങള്‍ നടന്നുകഴിഞ്ഞു.
യുവാക്കളെ ആകര്‍ഷിക്കുന്ന രൂപഭംഗിയിലും നിറത്തിലും ഇറങ്ങുന്ന ബൈക്കുകളും മറ്റും സുരക്ഷാമാനദണ്ഡങ്ങളേക്കാള്‍ ഫാഷനു പ്രാധാന്യം നല്‍കുന്നത് അപകട സാധ്യതയേറ്റുന്നുണ്ട്. റോഡ് ബാലന്‍സ് നഷ്‌ടപ്പെടുന്ന രീതിയിലുള്ള രൂപകല്‌പനയും സീറ്റുകളുടെപോലും സംവിധാനത്തിലുള്ളഅശാസ്‌ത്രീയതയുമൊക്കെ അപകടത്തിനു വഴിയൊരുക്കുന്നു. ഇത്തരം വാഹനങ്ങളില്‍ അമിത വേഗം കൂടിയാവുമ്പോള്‍ പറയുകയും വേണ്ട.
ഇരുചക്ര വാഹനമോടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കാതിരുന്നാലും വാഹനം 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ ഓടിച്ചാലും പിടികൂടി ഒരു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തുടങ്ങിവച്ചിരിക്കുന്നത്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി ആദ്യ ദിവസം തന്നെ മുന്നൂറോളം പേരുടെ ലൈസന്‍സാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്‌തത്. പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെയോ കണ്ണില്‍ പൊടിയിടാനായി വില കുറഞ്ഞതോ നിലവാരമില്ലാത്തതോ ആയ ഹെല്‍മെറ്റുകള്‍ വച്ചിരുന്നവരും ഇപ്പോള്‍ കുടുങ്ങാന്‍ തുടങ്ങി. ഐ.എസ്.ഐ. മാര്‍ക്കുള്ളതും തല മുഴുവന്‍ കവര്‍ ചെയ്യുന്നതുമായ ഹെല്‍മെറ്റുകള്‍ തന്നെ ഉപയോഗിക്കണം. അല്ലെങ്കില്‍ ശിക്ഷ ഉറപ്പ്. സീറ്റ് ബല്‍റ്റ് ഇടാതെ കാറോടിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക, സിഗരറ്റു വലിക്കുക തുടങ്ങിയവ ചെയ്‌താലും നടപടിയുണ്ടാകും. എയര്‍ഹോണ്‍ മുഴക്കി ജനങ്ങളെ വിരട്ടുന്ന സ്വകാര്യബസുകളുള്‍പ്പെടെയുള്ള വലിയ വണ്ടിക്കാര്‍ക്കും ശിക്ഷ കിട്ടിത്തുടങ്ങി.
റോഡ് നിയമങ്ങളും മോട്ടോര്‍ വാഹന നിയമങ്ങളുമൊക്കെ തെറ്റിച്ചേ അടങ്ങൂ എന്ന് വാശി പിടിക്കുന്ന ഒരു വിഭാഗമുണ്ട്. സ്വന്തം സുരക്ഷയ്‌ക്കുവേണ്ടി ഹെല്‍െമറ്റ് ധരിക്കുവാന്‍ പറയുന്നതുപോലും അവര്‍ക്കു പോരായ്‌കയാണ്. അറിയാത്ത കുഞ്ഞ് ചൊറിയുമ്പം പഠിച്ചോളും എന്നു പറയുംപോലെ തക്കതായ ശിക്ഷ കിട്ടുമ്പോഴെങ്കിലും അവര്‍ ഇതൊക്കെ ഉള്‍ക്കൊള്ളുമെന്നു പ്രത്യാശിക്കാം. പക്ഷേ, അവര്‍ ചിന്തിക്കേണ്ട ഒരു യാഥാര്‍ഥ്യമുണ്ട്. നിയമം കാറ്റില്‍ പറത്തി അവര്‍ അപകടത്തില്‍ ചെന്നു ചാടുമ്പോള്‍ അതിന്റെ പേരില്‍ ദുരിതമനുഭവിക്കേണ്ടി വരുന്നത് അവര്‍ മാത്രമല്ല. അവരുടെ കുടുംബാംഗങ്ങളോ, നിരപരാധികളായ കാല്‍നട യാത്രക്കാരോ, നിയമം തെറ്റിക്കാതെ വന്ന മറ്റു വണ്ടിക്കാരോ കൂടിയായിരിക്കും. യുവത്വത്തിന്റെ തിളപ്പില്‍ എല്ലാം മറന്ന് നിയമങ്ങളൊക്കെ കാറ്റില്‍ പറത്തി ബൈക്കില്‍ പറക്കുന്ന യുവാക്കള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ തകരുന്നത് മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളുമായിരിക്കും.അമിത ഫാഷന്റെ പേരില്‍ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയും അപകടസാധ്യതയേറ്റുന്നതുമായ ന്യൂ ജനറേഷന്‍ ഇരുചക്ര വാഹനങ്ങളെ നിയന്ത്രിക്കാന്‍ അധികൃതര്‍ തയാറാകണം. അതിരുവിട്ട അലങ്കാരത്തേക്കാള്‍ റോഡില്‍ നിയന്ത്രണമുള്ള ഇരുചക്ര വാഹനങ്ങളാണു വേണ്ടത്. ഇപ്പോള്‍ നിയമലംഘകര്‍ക്കു നേരേ നടത്തുന്ന ശിക്ഷാനടപടികള്‍ക്കൊപ്പം ശക്‌തമായ ബോധവത്‌ക്കരണ നടപടികളും ഉണ്ടാകണം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment