ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഓണം
കാലത്തിന്റെമാറ്റംഓണത്തിന്റമാറ്റത്തിലുംകാണാം.ഊഞ്ഞാല്‍വള്ളികളും
ഓടല്‍പ്പടര്‍പ്പുകളും എങ്ങും കാണാനില്ലെന്ന് സങ്കടപ്പെട്ടത് മലയാളത്തിന്റെ
പ്രിയകവി എന്‍ വി കൃഷ്ണവാര്യരാണ്. ആ വേദന അദ്ദേഹം തന്റെ മരങ്ങളും വള്ളികളും എന്ന
കവിതയില്‍ വരച്ചിട്ടിട്ടുണ്ട്. ഓടപ്പഴം തേടുന്ന മരപ്പട്ടികളും അവയോടിയ തട്ടിന്‍പുറവും
അവിടെ നിന്ന് അവ ചാടിയ കുണ്ടന്‍കിണറും തൂര്‍ന്നുപോയെന്നും വാര്യര്‍മാഷ്
നിറകണ്ണുകളോടെ എഴുതിവച്ചു. പ്രകൃതിയെ ആരാധനാമൂര്‍ത്തിയാക്കിയ ഒരാള്‍ക്കേ ഇങ്ങനെ
സങ്കടപ്പെടാന്‍ കഴിയൂ. പഴയകാല കവികള്‍ ദീര്‍ഘദര്‍ശനം ചെയ്ത ദുരന്തങ്ങളെല്ലാം
മലയാളത്തിന് വന്നുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ.
മുളങ്കൂട്ടം
പൂക്കുന്നത് വിനാശകാലത്താണെന്ന് മുത്തശ്ശിമാര്‍ പറയാറുണ്ട്. പ്രകൃതിയുടെ ജൈവതാളം
കണക്കേ 65 മുതല്‍ 125 വര്‍ഷത്തിലൊരിക്കല്‍ മുളയങ്ങനെ പൂത്തുലയും.
മുളങ്കൂട്ടങ്ങളുടെ ചുവട് അടിച്ചുവൃത്തിയാക്കി മുളയരി ശേഖരിച്ച് കുത്തി കഞ്ഞിവച്ച
വറുതിയുടെ കാലം ഓര്‍മയില്‍ നിന്ന് മായ്ക്കാന്‍ ആര്‍ക്കുകഴിയും? കൊടുംവരള്‍ച്ചയുടെ
നാളുകളെ തുയിലുണര്‍ത്തി കണിക്കൊന്നയും ഇറുങ്ങനെ പൂക്കാറില്ലേ? രാത്രിയുടെ
ആദ്യയാമത്തില്‍ വിരിയുന്ന ചില പൂക്കളുണ്ട്. ചിലത് അര്‍ധരാത്രിയിലോ പുലരാന്‍
നേരത്തോ ഒക്കെയാണ് വിരിയുന്നത്. വെയിലാറി കൃത്യം നാലുമണിയാകുമ്പോള്‍
കുണുങ്ങിച്ചിരിച്ച് വിരിഞ്ഞ് ഇളംമനസുകളെ ആഹ്ലാദിപ്പിക്കുന്ന നാലുമണിപ്പൂക്കളെ
നാട്ടിടവഴികളില്‍ തീരെ കാണാനില്ല. രാവിലെ പത്തുമണിക്ക് വിരിയുന്നവയും ഉള്ളില്‍
പ്രാവിന്‍കുഞ്ഞിനെ ഒളിപ്പിച്ചവയുമൊക്കെയുണ്ട്. കാശിത്തുമ്പകളും കൊങ്ങിണിപ്പൂക്കളും
എവിടെപ്പോയ്മറഞ്ഞോ ആവോ. വേലിയിറമ്പുകളില്‍ പുഞ്ചിരി പൊഴിക്കുന്ന നീല
കോളാമ്പിപ്പൂക്കളും കാഴ്ചയില്‍ നിന്ന് മായുകയാണ്. നാട്ടിന്‍പുറങ്ങളില്‍ ഇടയ്‌ക്കൊക്കെ
കാക്കപ്പൂവും മേന്തോന്നിപ്പൂവും കാണാനാകുന്നത് ഏതോ സുകൃതം. നാശത്തിനായാലും
നല്ലതിനായാലും പൂക്കള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മേശപ്പുറത്തെ സ്ഫടികപാത്രത്തിലെ
പുത്തനിലകളും കുഞ്ഞുപൂക്കളും മാത്രം മതി വര്‍ണങ്ങള്‍ നഷ്ടപ്പെട്ട ഒരാളെ
ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍.
ഓണമിങ്ങെത്തി.
ചിങ്ങം 31നാണ് ഇത്തവണത്തെ തിരുവോണം. എല്ലാ ഓണക്കാലത്തും നമ്മള്‍
വിലപിക്കുന്നതുപോലെ ഇക്കുറിയും പൂവിളികളൊന്നും കേള്‍ക്കാനില്ല, ഒരിടത്തുനിന്നും.
ഊഞ്ഞാലാടിയ ഓര്‍മകള്‍. പൂവിളികള്‍ കൊലവിളികള്‍ക്ക് വഴിമാറിയത് മലയാളത്തിന്റെ
ദുരന്തം. നല്ലതൊക്കെ നമുക്ക് അന്യമാവുകയാണ്. കലികാലവൈഭവമെന്നുപറഞ്ഞ്
സമാശ്വസിക്കാനാവില്ല, മലയാളിക്ക്. കാരണം പച്ചപ്പിന്റെ തുടിപ്പ് നമ്മുടെ സിരകളില്‍
ജന്മനാ കോറിയിടപ്പെട്ടതാണല്ലോ. കാടും കാവും കുളവും തൊടിയുമൊക്കെ ചേര്‍ന്ന്
രൂപപ്പെടുത്തിയ ഒരു ജൈവബോധമുണ്ട്. എത്ര പിഴുതുകളഞ്ഞാലും പിന്നെയും പിന്നെയും
തളിരിടുന്ന ചില നാട്ടുനന്മകള്‍. അത്തം മുതല്‍ പത്തുനാളും നാം മുറ്റത്ത് തീര്‍ക്കുന്ന
വിവിധ രൂപത്തിലുള്ള പൂക്കളങ്ങള്‍. ഓരോ നാള്‍ കഴിയുംതോറും കളത്തിന്റെ വലുപ്പവും
കൂടും. തിരുവോണത്തിനാകട്ടെ ഏറ്റവും വലിയ പൂക്കളം മാത്രമല്ല, മാതേവരും
പൊരിത്തിലടയും പൂവടയും....... ആ കളങ്ങളില്‍ മറ്റുപൂക്കള്‍ക്കുള്ളതിലും പ്രധാന്യം
തുമ്പയും മുക്കൂറ്റിയുമൊക്കെ നേടിയത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ലേ?
തൃക്കാക്കരയപ്പന്റെ നിറുകയില്‍ പ്ലാസ്റ്റിക് പൂക്കള്‍ വിരിയുന്ന കാലമാണിത്.
പൂവിളിയില്ലെങ്കിലും കുറച്ചുകാലമായി ഓണനാളുകളില്‍ കുട്ടിക്കൂട്ടങ്ങള്‍
തുമ്പപ്പൂകെട്ടുകളുമായി വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. അഞ്ചും പത്തും രൂപയൊക്കെ
അവര്‍ വിലയിടും. ഏതോ വിദൂരസ്ഥലങ്ങളില്‍ പോയി അവര്‍ ആ പൂക്കള്‍ ചെടിയോടെ പിഴുത്
നമ്മുടെ മുറ്റത്തെത്തുന്നു. അതവര്‍ക്കൊരു വരുമാനമാര്‍ഗം.
കര്‍ക്കിടകമഴ
കഴിയുന്നതോടെ തൊടി നിറയേ തുമ്പയും തുളസിയുമൊക്കെയായിരുന്ന ഒരു മാവേലിക്കാലം
നമുക്കുണ്ടായിരുന്നു. ഇന്ന് നമുക്ക് തൊടികളില്ലല്ലോ. നഷ്ടപ്പെട്ട നാട്ടുനന്മകളെയും
നാട്ടുപൂക്കളെയുമൊക്കെ തിരിച്ചുപിടിക്കാനാകണം ഓണക്കാലത്ത്. അതിന് ആദ്യം വീടിനു
ചുറ്റും ചെറുതൊടികള്‍ ഉണ്ടാകണം. ആ തൊടികളിലെല്ലാം ചെത്തിയും മന്ദാരവും
തീപ്പൊരിപൂവും തുമ്പയും കൃഷ്ണകിരീടവുമൊക്കെ നട്ടുവളര്‍ത്തണം. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്
അവയെ തിരിച്ചറിയാനാകണം. നിയതമായ ചിട്ടവട്ടങ്ങളോടെയുള്ള പൂന്തോട്ടമൊന്നും വേണ്ട.
ചെറുകാവുകള്‍ മതി. അവിടെയാകട്ടെ എല്ലാത്തരം ചെടികള്‍ക്കും ഇടമുണ്ടാകണം. ബഷീറിന്റെ
ഭൂമിയുടെ അവകാശികള്‍ ഓര്‍ക്കുന്നില്ലേ? ചെറുകുരുവികളും വര്‍ണശലഭങ്ങളും
അണ്ണാറക്കണ്ണന്മാരും നമ്മുടെ തൊടികളിലേക്ക് പാറിവരും. പൂക്കളുടെ പരാഗണവും വംശവര്‍ധനയുമൊക്കെ
പ്രകൃത്യാ കണ്ടുപഠിക്കാന്‍ കൂടി കുഞ്ഞുങ്ങള്‍ക്കാകും. അത് ഒരു ബദലിന്റെ
തുടക്കമാണ്. ഈ നാട്ടുപൂക്കള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതെന്താണ്? നാം ഇവിടെ
നിലനില്‍ക്കുമെന്നതാണ് അവ നല്‍കുന്ന ഉറപ്പ്. ഇത്തരം ബദലുകള്‍ വഴി നാം കുഞ്ഞുമനസുകളില്‍
നാട്ടുനന്മകളെ കുടിയിരുത്തുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. അട്ടപ്പാടിയിലെ
മൊട്ടക്കുന്നുകളില്‍ കുഞ്ഞുനാമ്പുകള്‍ നട്ടുവച്ച് ഏറെനാള്‍ കഴിയുംമുമ്പേ,
പണ്ടെങ്ങോ മണ്ണടരുകളിലേക്ക് പോയ്മറഞ്ഞ നീരുറവകള്‍ വീണ്ടും സജീവമായതിനെപ്പറ്റി
സുഗതകുമാരി ടീച്ചര്‍ പറയാറുണ്ട്. വീട്ടുമുറ്റത്തൊരു ചെറുകാവുതീര്‍ക്കുന്ന
കുഞ്ഞിന്റെ ഉള്ളിലും സ്‌നേഹപ്രവാഹങ്ങള്‍ ഉറവെടുക്കുമെന്നത് തീര്‍ച്ചയാണ്. കാലം
കരുതിവയ്ക്കുന്ന കാരുണ്യപാഠമാണിത്. എത്ര പഠിച്ചാലും തീരാത്ത
പ്രകൃതിപാഠപുസ്തകത്തിലേക്ക് മനസര്‍പ്പിക്കാന്‍ കഴിയുന്ന ഓരോ കുഞ്ഞും അപരന്റെ കണ്ണീരൊപ്പാനും
വേദനിക്കുന്നവരെ ചേര്‍ത്തുപിടിക്കാനും കെല്‍പ്പുള്ളവരാകും. അവരുടെ മാതാപിതാക്കള്‍ക്ക്
ഒരിക്കലും വൃദ്ധസദനങ്ങളിലോ അനാഥമന്ദിരങ്ങളിലോ അന്തിയുറങ്ങേണ്ടിയും വരില്ല. അവര്‍
ഒരിക്കലും കൊലക്കത്തി രാകിമിനുക്കാനും പോകില്ല. മറക്കരുത്; ഇനി നമുക്ക് വേണ്ടത്
ഉള്ളുനിറയെ സ്‌നേഹവും കരുതലുമുള്ള ഒരു തലമുറയെയാണ്. മിഴിപൂട്ടി
അല്‍പ്പമൊന്നിരിക്കാനായാല്‍ പ്രജാക്ഷേമതത്പരനായ ഒരുരാജാവിനെയും കള്ളത്തരങ്ങളും
ചതിയും ഒട്ടും പരിചയമില്ലാത്ത സ്‌നേഹസമ്പന്നരായ പ്രജകളെയും കാണാനാകും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment