വര്‍ഗീയ
കലാപമുണ്ടാക്കുന്നവര്‍ക്ക്
കനത്ത
ശിക്ഷ
രാജ്യത്ത് സാമുദായിക സംഘര്‍ഷവും വര്‍ഗീയ കലാപമുണ്ടാക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് വ്യക്തമാക്കി. മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി മുസാഫര്‍ നഗര്‍ കലാപം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
കലാപങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കരുതെന്നും സംഘര്‍ഷങ്ങളെ മുളയിലേ നുള്ളാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക ഭരണകൂടങ്ങള്‍ തുടക്കത്തില്‍ തന്നെ നടപടിയെടുത്താല്‍ പല സംഘര്‍ഷങ്ങളും ഇല്ലാതാക്കാം. രാഷ്ട്രീയ സ്വാധീനങ്ങള്‍ ഇതിന് തടസ്സമാകരുതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. മുസാഫര്‍ നഗര്‍ കലാപത്തില്‍ സോഷ്യല്‍ മീഡിയകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ദേശവിരുദ്ധ ശക്തികള്‍ ഇത്തരം മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ഐക്യവും അഖണ്ഡതയും വളര്‍ത്താന്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും ആഹ്വാനം ചെയ്തു.യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രിമാരും സോഷ്യല്‍ മീഡിയകള്‍ക്കെതിരെ ശക്തമായ വിമര്‍ശമാണുന്നയിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും എസ്.എം.എസ്സും സോഷ്യല്‍ മീഡിയയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ സഹായിച്ചതായി വ്യക്തമാക്കി.എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന് അറിയിച്ച യോഗത്തില്‍ ബി.ജെ.പി മുഖ്യമന്ത്രിമാരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മാത്രമാണ് പങ്കെടുക്കുന്നത്. നരേന്ദ്രമോഡി, രമണ്‍ സിങ്, മനോഹര്‍ പരീഖ് എന്നിവര്‍ക്ക് പുറമെ മമതാ ബാനര്‍ജിയും ജയലളിതയും യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. കേന്ദ്ര മന്ത്രിമാര്‍, രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരും പ്രാദേശിക-ദേശീയ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍, ദേശീയ കമ്മീഷനുകളുടെ അധ്യക്ഷര്‍, വിഖ്യാത പത്രപ്രവര്‍ത്തകര്‍, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ എന്നിവരും ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Prof. John Kurakar
No comments:
Post a Comment