Pages

Monday, August 5, 2013

iഇടുക്കിയുടെ ദുരന്ത മുഖം

ഇടുക്കിയുടെ ദുരന്ത മുഖം 
കുഞ്ചിത്തണ്ണിയില്‍ ഉരുള്‍പൊട്ടി;
 ദമ്പതിമാര്‍ മരിച്ചു
കുഞ്ചിത്തണ്ണി ടൗണില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. ഒരിടത്ത് ദമ്പതിമാര്‍ മരിച്ചു. ഉരുള്‍പൊട്ടി ഒലിച്ചുപോയ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. വരിക്കയില്‍ പാപ്പച്ചന്‍ (80), ഭാര്യ തങ്കമ്മ (73) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് തകര്‍ന്ന വീടിനടുത്ത് മണ്ണിനടിയില്‍നിന്ന് പാപ്പച്ചന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകന്‍ സജി, മരുമകള്‍ ഷീബ എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.50 മീറ്റര്‍ അകലെ ടൗണിനോടു ചേര്‍ന്നുള്ള ഭാഗത്ത് ഉരുള്‍പൊട്ടി 20 കടകള്‍ പൂര്‍ണമായും 30 കടകള്‍ ഭാഗികമായും തകര്‍ന്നു. കുഞ്ചിത്തണ്ണി മെയിന്‍ റോഡ് മുതല്‍ ബൈസണ്‍വാലി റോഡ് വരെയുള്ള 750 മീറ്റര്‍ സ്ഥലത്തെ കടകളാണ് ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്നത്.
ഈ ഭാഗത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ നിരവധിപേരെ മരണത്തില്‍നിന്ന് രക്ഷിക്കാനായി.

ഷൈലജന്‍ കണ്ണങ്കയം, ജോജോ, പരീത് കരുണസ്വാമി, നാണുക്കുട്ടന്‍ തുടങ്ങിയവരുടെ ഇരുപത് വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. കുഞ്ചിത്തണ്ണി ആറിന്റെ കരയിലുള്ള നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. അടുത്തിടെ ഉരുള്‍പൊട്ടി രണ്ട് കടകള്‍ മണ്ണിനടിയില്‍പെട്ടിരുന്നു. റോഡില്‍ കൂടിക്കിടന്ന പാറകളും മണ്ണും നീക്കം ചെയ്യാത്തതാണ് ടൗണിനോട് ചേര്‍ന്നുള്ള ഭാഗത്തെ ഉരുള്‍പൊട്ടലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാത്രി 1.30ഓടെ കുഞ്ചിത്തണ്ണി താഴെ ടൗണ്‍ ഭാഗത്ത് മുണ്ടനാട് മാത്യുവിന്റെ പുരയിടത്തില്‍ ഉരുള്‍പൊട്ടി മാത്യൂസ് ജോസഫിന്റെ 10 ഷട്ടര്‍ മുറിയോടുകൂടിയ കെട്ടിടം നിശ്ശേഷം തകര്‍ന്നു. ഈ കെട്ടിടത്തിന്റെ താഴ്ഭാഗത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന എന്‍.എസ്.എസ്. കരയോഗ മന്ദിരവും ഓഫീസും സമീപത്തുണ്ടായിരുന്ന കുരിശുങ്കല്‍ യേശുദാസിന്റെ വീടും പൂര്‍ണമായും തകര്‍ന്നു. യേശുദാസും കുടുംബാംഗങ്ങളും അപകടസാധ്യത മുന്നില്‍കണ്ട് ബന്ധുവീട്ടിലേക്ക് രാത്രി 10മണിയോടെ പോയിരുന്നു.

ഇവിടെ പ്രവര്‍ത്തിച്ചുവന്നിരുന്ന സോഫാ ഏജന്‍സീസ്, മരിയ ടെക്സ്റ്റയില്‍സ്, ഷാജന്‍ ബേക്കറി, നാണുക്കുട്ടന്റെ സ്‌റ്റേഷനറി കട എന്നിവ ഭാഗികമായി തകര്‍ന്നു. ഏതുസമയവും മലമുകളില്‍നിന്ന് ഉരുള്‍പൊട്ടി വരുമെന്നതിനാല്‍ ഭീകരാന്തരീക്ഷം നിലനില്‍ക്കുന്നുണ്ടിവിടെ. ഉരുള്‍പൊട്ടിയൊഴുകി ആദ്യം തകര്‍ന്ന കെട്ടിടത്തില്‍ സി.കെ.അസൈനാരുടെ മീന്‍കട വേലുക്കുഴി ഷാജിയുടെ ഉടമസ്ഥതയിലുള്ള ഷാജി ലഞ്ച് ഹോം, വെട്ടിക്കാട്ടില്‍ നിബിന്റെ വളം ഗോഡൗണ്‍, കള്ളുഷാപ്പ് എന്നിവയും നിശ്ശേഷം തകര്‍ന്നു. മൂന്ന് കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ദേവികുളം ആര്‍.ഡി.ഒ., എസ്.രാജേന്ദ്രന്‍ എം.എല്‍.എ., കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് സാബു പരപരാഹം, ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകര്‍, വെള്ളത്തൂവല്‍ രാജാക്കാട് പോലീസ് അധികാരികള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മരിച്ച പാപ്പച്ചന്റെയും ഭാര്യ തങ്കമ്മയുടെയും ശവസംസ്‌കാരം പിന്നീട് നടക്കും. തങ്കമ്മ മണിമല ആനിപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: സുമ, സജി, ഷാന്റി. മരുമക്കള്‍: ബേബി, ഷീബ. 

തൊടുപുഴ മലയിഞ്ചിയില്‍ മൂന്നുപേര്‍ മരിച്ചു
തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ ഉരുള്‍പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്നുപേര്‍ മരിച്ചു.ഞായറാഴ്ച(August 4) പുലര്‍ച്ചെ അഞ്ചരയോടെയാണ് ഉരുള്‍പൊട്ടിയത്. തൊടുപുഴ ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ പൂമറ്റം ഷാജിയുടെ ഭാര്യ ബീന(32), മകള്‍ ഒരുവയസ്സുള്ള ആദിത്യ, ഉടുമ്പന്നൂര്‍ പാലമറ്റം വാവലക്കാട്ട് പീതാംബരന്റെ ഭാര്യ ശാരദ(56) എന്നിവരാണ് മരിച്ചത്.മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ വീടുകള്‍ നിശ്ശേഷം തകര്‍ന്നു. കനത്ത നാശമാണ് ഈ മേഖലയില്‍.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ശനിയാഴ്ച വൈകീട്ട് മുതല്‍ പെയ്യുന്ന അതിശക്തമായ മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി. മൃതദേഹങ്ങള്‍ തൊടുപുഴ താലൂക്ക് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആസ്പത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.മലയിഞ്ചിയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പെരിങ്ങാശ്ശേരി, മലയിഞ്ചി, അമയപ്ര, ഉടുമ്പന്നൂര്‍, പാറേക്കവല, തട്ടക്കുഴ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. 240പേരെ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മന്ത്രി പി.ജെ.ജോസഫ് ക്യാമ്പിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തൊടുപുഴ തഹസില്‍ദാര്‍ ജോയി കുര്യാക്കോസ്, ഉടുമ്പന്നൂര്‍ വില്ലേജ് ഓഫീസര്‍ കെ.ഗോപകുമാര്‍, ഫീല്‍ഡ് അസിസ്റ്റന്റ് ജയന്തി എം.ആര്‍. എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ പൂമറ്റത്തില്‍ രവീന്ദ്രന്റെ മകളാണ് മരിച്ച ബീന. 
മൂന്നാറില്‍ അഞ്ച് വാഹനങ്ങള്‍ ഒലിച്ചുപോയി

കനത്ത മഴയില്‍ ഉരുള്‍പൊട്ടി മൂന്നാറിലും പരിസരങ്ങളിലും വന്‍ നാശനഷ്ടം. മൂന്നാറിനു സമിപം പോതമേട്ടിലെ ടീവാലി റിസോര്‍ട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതില്‍ വിനോദസഞ്ചാരികളുടെ വാഹനവും ഉണ്ടായിരുന്നു. കെ.ഡി.എച്ച്.പി. കമ്പനി വക ലക്ഷ്മി സൗത്ത് ഡിവിഷനില്‍ ഉരുള്‍പൊട്ടി ഏക്കറുകണക്കിന്സ്ഥലത്തെ തേയിലച്ചെടികള്‍ നശിച്ചു. പള്ളിവാസല്‍ പൈപ്പുലൈനു സമീപം ഉരുള്‍പൊട്ടി എല്‍ദോസിന്റെ അഞ്ച് ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു.
തിങ്കളാഴ്ച വെളുപ്പിന് ഒരുമണിക്കാണ് മൂന്നാര്‍ പോതമേട്ടില്‍ ടീവാലി റിസോര്‍ട്ടിരിക്കുന്ന സ്ഥലത്ത് ഉരുള്‍പൊട്ടിയത്. കീഴ്ക്കാംതൂക്കായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിന് അരകിലോമീറ്റര്‍ മുകളില്‍നിന്നാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടിയ സ്ഥലത്ത് പുതുതായി പണിയുന്ന റിസോര്‍ട്ടിന്റെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ ഒലിച്ചുപോയി. തമിഴ്‌നാട് ട്രിച്ചിയില്‍ നിന്ന് വിനോദസഞ്ചാരികളുമായെത്തിയ വാന്‍, ഉത്തരേന്ത്യക്കാര്‍ എത്തിയ വാന്‍, റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള വാന്‍, കാര്‍, ഒരു ബൈക്ക് എന്നിവയാണ് ഒലിച്ചുപോയത്. വാനില്‍ കിടന്നുറങ്ങുകയായിരുന്ന ട്രിച്ചി സ്വദേശിയായ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പള്ളിവാസലിനു സമീപമുള്ള പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് സമീപമാണ് ഇന്നലെ വെളുപ്പിന് 2ന് ഉരുള്‍പൊട്ടിയത്. അഞ്ചേക്കര്‍ സ്ഥലത്തെ ഏലകൃഷിയാണ് നശിച്ചത്. 
കൂടപ്പിറപ്പുകള്‍ മരണത്തിലും ഒരുമിച്ചു
സഹോരിമാരുടെ ഒന്നിച്ചുള്ള വേര്‍പാട് ഹൈറേഞ്ചിനെ ദുഃഖത്തിലാക്കി.ഞായറാഴ്ച ഉരുള്‍പൊട്ടലിലാണ് തടിയമ്പാട് ഉറുമ്പില്‍തടത്തില്‍ ജോസ്-ബീന ദമ്പതിമാരുടെ മക്കളായ ജോസ്‌ന(13), ജോസ്മി (17) എന്നിവര്‍ മരിച്ചത്.വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് ജോസ്മിയും ജോസ്‌നയും. ഇവരുടെ ഇളയ സഹോദരന്‍ ജോബി(10) ഇതേ സ്‌കൂളില്‍ പഠിക്കുന്നു.ജോസും ബീനയും കൂലിപ്പണിക്കാരാണ്. തടിയമ്പാടിന് സമീപം റോഡിന്റെ താഴെയായി അഞ്ചുസെന്റ് സ്ഥലത്ത് ആസ്ബസ്റ്റോസ് മേഞ്ഞ വീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്.സഹോദരിമാര്‍ക്കൊപ്പമാണ് ജോബി ഉറങ്ങിയിരുന്നത്.സംഭവദിവസം അവരോട് പിണങ്ങി അച്ഛനമ്മമാരോടൊപ്പം തൊട്ടടുത്ത മുറിയിലേക്ക് ജോബി പോയി.അര്‍ദ്ധരാത്രിയില്‍ ഉരുള്‍പൊട്ടി സഹോദരിമാര്‍ കിടന്ന മുറി പൂര്‍ണമായും മണ്ണിനടിയില്‍പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
                                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
Idukki_disaster





No comments: