കലിതുള്ളിയെത്തിയ കാലവര്ഷം
കലി തുള്ളിയെത്തിയ കാലവർഷം കേരളത്തിൽ ദുരന്തമായി പെയ്തിറങ്ങി.ദിവസങ്ങളായി തുടരുന്ന
കനത്തമഴ കേരളത്തില്‍ പലസ്ഥലങ്ങളിലായി ഒട്ടേറെപ്പേരുടെ മരണത്തിനും കനത്ത
നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയിരിക്കുന്നു. കനിവൊട്ടുമില്ലാത്ത കാലവര്ഷം. അടിമാലിയിലെ ചീയപ്പാറയിലും ചെറുതോണിയിലും കുഞ്ചിത്തണ്ണിയിലും തടിയമ്പാട്ടും മലയിഞ്ചിയിലുമൊക്കെ ദുരന്തമായി പെയ്തിറങ്ങുകയായിരുന്നു. പ്രകൃതിയുടെ ആ സംഹാരതാണ്ഡവത്തില്‍ നഷ്ടമായത് പതിനാലു ജീവനുകള്‍. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്രാമധ്യേ അടിമാലിക്കടുത്താണ് മനോഹരമായ ചീയപ്പാറ വെള്ളച്ചാട്ടം. വിനോദസഞ്ചാരികളുടെ വാഹനങ്ങളെല്ലാം അവിടെയൊന്നു നിര്ത്തി പ്രകൃതിസൗന്ദര്യം നുകരാതെ പോകില്ല. അവിടെ റോഡിലേക്കിടിഞ്ഞുവീണ മണ്ണ് മാറ്റുന്നതിനിടയില്‍ ശക്തമായ മലയിടിച്ചിലുണ്ടായി രക്ഷാപ്രവര്ത്തകരുള്പ്പെടെ അപകടത്തില്‍ പെടുകയായിരുന്നു.
കുഞ്ചിത്തണ്ണിയില്‍ ഉരുള്‍പൊട്ടലില്‍ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞുവീണ് ഭാര്യയും ഭര്‍ത്താവും മരിച്ചപ്പോള്‍ ചെറുതോണിയില്‍ സഹോദരികളായ രണ്ടു പെണ്‍കുട്ടികളാണ് ഉരുള്‍പൊട്ടിയൊഴുകിയെത്തിയ മണ്ണും കല്ലും വീടിനു മുകളില്‍ പതിച്ച് മരണപ്പെട്ടത്. തൊടുപുഴയ്‌ക്കടുത്ത് മലയിഞ്ചിയില്‍ ഉരുള്‍പൊട്ടലില്‍ അമ്മയെയും നാലുവയസുള്ള മകനെയും കാണാതായി. ഉരുള്‍പൊട്ടി മലമുകളില്‍നിന്ന് ശരവേഗത്തില്‍ താഴേക്കെത്തുന്ന വെള്ളവും മണ്ണും കൂറ്റന്‍ പാറക്കല്ലുകളും തകര്‍ത്തെറിയുന്നത് ഓരോ കുടുംബത്തിന്റെയും സ്വപ്‌നങ്ങളാണ്.റോഡുകളില്‍ വെള്ളം കയറുകയും മണ്ണിടിയുകയും ചെയ്തതിനെത്തുടര്‍ന്ന്
പലസ്ഥലങ്ങളിലും ഗതാഗതം നിലച്ചിരിക്കുകയാണ്. തകര്‍ന്നുകിടക്കുന്ന റോഡുകള്‍,
രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരിതബാധിത പ്രദേശങ്ങളില്‍ ഉടന്‍ എത്താന്‍ കഴിയാത്ത
സ്ഥിതി ഉണ്ടാക്കുന്നു. ഒട്ടേറെപ്പേരെ വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും
ഒഴിപ്പിക്കേണ്ടിവന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്
അടച്ചു.ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്നാണ്
സര്‍ക്കാര്‍ അറിയിച്ചത്. വ്യോമസേനയുടെ സഹായവും തേടി. ഡോക്ടര്‍മാരുടെ സംഘത്തെയും
അങ്ങോട്ട് നിയോഗിച്ചിട്ടുണ്ട്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍
മുഴുകിയിരിക്കുകയാണ്.ഇത്തവണ മഴക്കാലത്തുണ്ടായ കനത്ത നാശ നഷ്ടങ്ങള്‍
ദുരന്തനിവാരണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം
പ്രേരകമാകണം. ദുരന്തം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ദുരന്ത സേനക്ക് എത്താൻ കഴിഞ്ഞില്ല .മുന്‍കരുതലുകളെടുക്കുന്നതിലെന്നപോലെ ദുരന്തങ്ങള്‍ ഉണ്ടായാല്‍ ഉടന്‍
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യത്തിലും കേരളത്തിലെ
സ്ഥിതി തൃപ്തികരമല്ല. ഇവിടത്തെ കാലാവസ്ഥയുടെ സവിശേഷതകള്‍ക്കനുസരിച്ച് മുന്‍കരുതലുകളെടുത്താല്‍
കെടുതികള്‍ ഒരു പരിധിവരെയെങ്കിലും കുറയ്ക്കാന്‍ കഴിയും. ഏറെ വര്‍ഷങ്ങളായി ഇത്രവലിയ
വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ പല സ്ഥലങ്ങളിലും തീരെ താഴ്ന്ന
പ്രദേശങ്ങളില്‍ വീടുകളും മറ്റ് കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. അത്തരം
സ്ഥലങ്ങളില്‍ ഇക്കുറി വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. പുഴകളോടും തോടുകളോടും
ചേര്‍ന്ന താഴ്ന്ന പ്രദേശങ്ങളില്‍ അടുത്തകാലത്തായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
വ്യാപകമായി. ഓരോ സ്ഥലത്തെയും പരിസ്ഥിതി കണക്കിലെടുക്കാതെയുള്ള ഭൂവിനിയോഗവും
വെള്ളക്കെട്ടിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
മലമ്പ്രദേശങ്ങളിലെ കടുത്ത പ്രകൃതിചൂഷണം ഉരുള്‍പൊട്ടലിന് കാരണമാകുമെന്ന് വിദഗ്ധര്‍
പലവട്ടം ഓര്‍മിപ്പിച്ചിട്ടുള്ളതാണ്. ഹൈറേഞ്ചിലെ റോഡുകളില്‍ അപകടസാധ്യതയുള്ള
സ്ഥലങ്ങള്‍ കണ്ടെത്തി, രക്ഷാസംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയണം. മലഞ്ചെരിവുകളിലെ
ഖനനവും വനനശീകരണവുമാണ് ഉത്തരാഖണ്ഡിലെ പ്രളയക്കെടുതി രൂക്ഷമാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകളുടെ സ്ഥിതിയും നിര്‍മാണ പ്രവര്‍ത്തനങ്ങളും
മറ്റും പുനരവലോകനം ചെയ്യണമെന്ന് ചീയപ്പാറ ദുരന്തം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.
സര്‍ക്കാറും സന്നദ്ധസംഘടനകളുമെല്ലാം ഒരൊറ്റ മനസ്സോടെ മഴക്കെടുതികള്‍ നേരിടാന്‍
രംഗത്തിറങ്ങേണ്ട സമയമാണിത്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം. പാര്‍പ്പിടങ്ങള്‍
ഒഴിയേണ്ടിവന്നവര്‍ക്ക് താമസത്തിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടിവരും.
അപായസാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. സ്‌കൂള്‍ കെട്ടിടങ്ങളുടെ
സുരക്ഷയും ഉറപ്പാക്കിയേ മതിയാകൂ. ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടരുമെന്നാണ്
മുന്നറിയിപ്പ്. ആ നിലയ്ക്ക് , മുന്‍കരുതലെടുക്കുന്ന കാര്യത്തില്‍ നേരിയ വീഴ്ചപോലും
ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.ലക്ഷക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. റോഡുകളുടെ തകര്‍ച്ചയും തകര്‍ന്ന റോഡുകളിലുണ്ടാകുന്ന വാഹനാപകടങ്ങളും വരുത്തിവയ്‌ക്കുന്ന നഷ്‌ടവും കോടികളുടേതാണ്.ഇടുക്കി ജില്ലയില്‍ പതിനേഴിടങ്ങളില്‍ ഉരുള്‍പൊട്ടലുകളുണ്ടായെന്നാണ് അധികൃതരുടെ കണക്ക്. മിക്കവാറും ഡാമുകളില്ലൊം അപകടകരമായ നിലയില്‍ ജലനിരപ്പെത്തിയിരിക്കുന്നു. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, പൊന്‍മുടി ഉള്‍പ്പെടെ ആറോളം ഡാമുകള്‍ തുറന്നുവിട്ടുകഴിഞ്ഞു. നെയ്യാര്‍, ഇടമലയാര്‍, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നുവിട്ടിരിക്കുകയാണ്. ഇടുക്കി ഡാം നിറയാറായ അവസ്‌ഥയിലാണ്. മുല്ലപ്പെരിയാറില്‍ 133 അടിയിലധികമായി ജലനിരപ്പ്. ആലപ്പുഴയും കോട്ടയവും പത്തനംതിട്ടയും എറണാകുളവും മലബാര്‍ മേഖലയുമൊക്കെ കനത്ത മഴയുടെ ദുരിതവലയത്തിലാണ്.ഒരായുഷ്‌ക്കാലം മുഴുവന്‍ കഠിനാദ്ധ്വാനം ചെയ്‌ത് ഒരുക്കിയെടുത്ത് കൃഷിചെയ്‌ത ഭൂമി ഒറ്റരാത്രികൊണ്ട് വെറും പാറക്കല്ലുകള്‍ നിറഞ്ഞ തോടായി മാറുന്ന കാഴ്‌ച കര്‍ഷകര്‍ക്കു നെഞ്ചു പിളര്‍ക്കുന്ന നൊമ്പരമാണു നല്‍കുന്നത്. ഒരുപക്ഷേ, തലമുടി നാരിഴയുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടുമ്പോഴും തകര്‍ന്നടിഞ്ഞ കൃഷിയിടത്തെ നോക്കി നെഞ്ചുരുകി കരയാനാണ് അവരുടെ വിധി. തെങ്ങും കമുകും കുരുമുളകുകൊടിയും കാപ്പിയും ഏലവുമൊക്കെ ചതഞ്ഞരഞ്ഞ് ഇഞ്ചപ്പരുവമായി മണ്ണിനും കല്ലിനുമടിയിലാകുമ്പോള്‍ സ്വന്തം മക്കള്‍ നഷ്‌ടപ്പെട്ട നൊമ്പരമാണവരില്‍.അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നതു നല്ലകാര്യം. കാര്‍ഷിക വിളകളുടെയും കൃഷിയിടങ്ങളുടെയും നഷ്‌ടത്തിനു മുന്നില്‍ ആ തുകയൊന്നുമല്ല. കൃഷിയും ഭൂമിയും കിടപ്പാടവും ഉറ്റവരെയും നഷ്‌ടപ്പെട്ട് മനമുരുകി കഴിയുന്നവര്‍ക്ക് പുനരധിവാസത്തിനുള്ള എല്ലാ നടപടികളും എത്രയും വേഗം ചെയ്‌തുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. നിയമത്തിന്റെ നൂലാമാലകളോ, ഔദ്യോഗികമായ കടുംപിടിത്തങ്ങളോ ഇക്കാര്യത്തില്‍ ഉണ്ടാകാന്‍ പാടില്ല. കൃഷിയിടവും കൃഷിയും നഷ്‌ടപ്പെട്ടവര്‍ക്ക് വേറെ ഭൂമി നല്‍കണം. കൃഷി ചെയ്യാനുള്ള സഹായങ്ങളും നല്‍കണം. അവര്‍ക്ക് നഷ്‌ടപ്പെട്ട വീടുകള്‍ക്കു പകരം പുതിയ വീടു വച്ചുനല്‍കണം. കാലവര്‍ഷക്കെടുതിയില്‍പ്പെടുത്തി നഷ്‌ടപ്പെട്ട മരത്തിന്റെയോ കൃഷിവിളയുടെയോ എണ്ണമെടുത്ത് എണ്ണിച്ചുട്ട അപ്പംപോലെ എന്തെങ്കിലും കൊടുത്തു തലയൂരുന്ന രീതി ഇവരുടെ കാര്യത്തിലുണ്ടാകരുത്. എല്ലാം നഷ്‌ടപ്പെട്ടവരുടെ മുന്നില്‍ നിയമം പറഞ്ഞിട്ടു കാര്യമില്ല. അവര്‍ക്കു വേണ്ടതു മനുഷ്യത്വമാണ്. ദുഃഖത്തില്‍നിന്നു കരകയറാനുള്ള മാര്‍ഗമാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment