Pages

Sunday, August 4, 2013

കേരളത്തിൽ നടക്കുന്നത് ഭരണമോ? നാടകമോ ?

കേരളത്തിൽ നടക്കുന്നത് 
  ഭരണമോ?  നാടകമോ ?


         
സത്യത്തിൽ  കേരളത്തിൽ  നടക്കുന്നത്  ഭരണമാണോ  വല്ല  നാടകമോ മറ്റോ  ആണോ ? കേരളത്തില്‍ ഭരണമില്ലാതായിട്ട് മാസങ്ങളായി. പുനഃസംഘടന, അഴിച്ചുപണി എന്നൊക്കെപ്പറഞ്ഞ് ഓരോ നാടകങ്ങള്‍ നടക്കുകയാണ്. വോട്ടു നല്‍കി ജയിപ്പിച്ച ജനങ്ങളെ ചതിക്കുന്നതിനു  ഒരതിരില്ലേ? മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലേക്കും അവിടുന്നിങ്ങോട്ടും വാലില്‍ തീപിടിച്ച കുരങ്ങന്മാരെപ്പോലെ ചാടി നടക്കുന്നു. എന്തിന് വേണ്ടി? ആർക്കുവേണ്ടി ?
ഇവിടെ നടന്ന ഗൗരവമേറിയ പ്രശ്‌നങ്ങള്‍ക്കൊന്നിനുപോലും ഉത്തരം തരാൻ  സർക്കാരിനു  കഴിയുന്നില്ല . പ്രതിപക്ഷം  കുറെ  നാളായി  രാപകൽ  സെക്രട്ടറിയേനു  മുന്നിൽ  കിടക്കുകയാണ് . അവരും  നാടിന്റെ  ദയനീയ  സ്ഥിതി  കാണുന്നില്ല .സോളാർ  തട്ടിപ്പിൽ തട്ടി  എല്ലാം  തകർന്നു. ഭരണം ഒരിഞ്ചുമുന്നോട്ടുപോകുന്നില്ല. കോണ്‍ഗ്രസിലെ  ഗ്രൂപ്പ്  വഴക്ക്  സർവ  സീമകളും  ലംഘിച്ചിരിക്കുന്നു .ആരാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ ഇന്ന് നയിക്കുന്നത്? തട്ടിപ്പുകാരെയും  റിയല്‍ എസ്റ്റേറ്റ് മാഫിയകളെയും നിലക്കു നിർത്താൻ  സർക്കാരിനു  കഴിയുന്നില്ല .സ്ത്രീപീഡനങ്ങളോ സർക്കാരിനെ  ഒട്ടും അസ്വസ്ഥമാക്കുന്നില്ല. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച നിയമമടക്കം ഒരു നടപടിയും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനാകുന്നില്ല. പെട്രോള്‍, ഡീസല്‍ വില വര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും സര്‍ക്കാരറിയുന്നുപോലുമില്ല. നാല്‍പത് ശതമാനം വില പിടിച്ചുനിര്‍ത്തി എന്ന് ഭക്ഷ്യവകുപ്പ് വീമ്പിളക്കുമ്പോള്‍ സപ്ലൈകോയിലെ യഥാര്‍ഥവിലയെന്തെന്ന് ജനങ്ങള്‍ അനുഭവിക്കുകയാണ്. റംസാനും ഓണവും അടുത്തിട്ടുപോലും ജനകീയ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരിന് സമയമില്ല. പുനഃസംഘടനയാണല്ലോ എല്ലാത്തിനുമുള്ള ഒറ്റമൂലി.
കര്‍ഷക ആത്മഹത്യകള്‍ക്കും അട്ടപ്പാടി മരണങ്ങള്‍ക്കുമൊന്നും ചെവികൊടുക്കാനുള്ള സാവകാശം മുഖ്യമന്ത്രിക്കോ  സർക്കാരിനോ  ഇല്ല  രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനമെന്ന കീറാമുട്ടി ഉയര്‍ത്തിപ്പിടിച്ച്  എത്ര  നാളായി നടക്കുന്നു .യു ഡി എഫില്‍ പൊട്ടലും ചീറ്റലും പൂര്‍വാധികം ശക്തിയോടെ തുടരുമെന്ന സന്ദേശത്തോടെയാണ് ഡല്‍ഹിയിലെ പൊറാട്ടുനാടകത്തിന് തിരശീല വീണിരിക്കുന്നത്. കുറച്ചുനാളായി ഇവിടെ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നുണ്ടാകില്ല- ഉണ്ടെങ്കിലും അറിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് പറയാം, അരിക്കും പഞ്ചസാരയ്ക്കും പച്ചക്കറിക്കും പലവ്യഞ്ജനത്തിനും പൊള്ളുന്നവിലയാണ്. മിനിഞ്ഞാന്ന് പെട്രോള്‍ വില വീണ്ടുംകൂട്ടി,റോഡുകള്‍ തോടുകളാണ്, കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ നിസഹായരായി നില്‍ക്കുന്നു, മഴക്കെടുതിയും പ്രകൃതിക്ഷോഭവും വീടും സ്ഥാവരജംഗമവസ്തുക്കളും അപഹരിച്ചിരിക്കുന്നു, സ്‌കൂളില്‍ ഇതുവരെ പാഠപുസ്തകങ്ങള്‍ കിട്ടിയിട്ടില്ല... എണ്ണിയാലൊടുങ്ങാത്ത  ജനങ്ങളുടെ ദുരിതത്തിന്  ആര്  പരിഹാരം  കണ്ടെത്തും .

                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: