പ്രതിപക്ഷം
നിയമം കൈയ്യിലെടുക്കരുത്
സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ പേരില്‍ നിയമം കൈയ്യിലെടുക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുകയും നിയമവാഴ്ച ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് കേന്ദ്രസേനയെ വിളിച്ചത്. സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അടക്കം ആരെയും കടത്തിവിടില്ലെന്നൂം ഭരണം സ്തംഭിപ്പിക്കുമെന്നുമുള്ള പ്രഖ്യാപനം വെല്ലുവിളിയാണ്. സെക്രട്ടേറിയറ്റിന്റെ നാലു ഗേറ്റുകളും ഉപരോധിക്കുമെന്നാണ് ഇടതു കണ്‍വീനര്‍ വൈക്കം വിശ്വന്റെ പ്രസ്താവന. ഇത് അനുവദിക്കാനാവില്ല. സെക്രട്ടേറിയറ്റ് ഉപരോധിക്കുമ്പോള്‍ അത് ബാധിക്കുന്നത് ജനങ്ങളെയാണ്. അതുകൊണ്ട് ജനങ്ങള്ക്കു വേണ്ടിയാണ് കേന്ദ്രസേനയെ വിളിച്ചത്. അല്ലാതെ സമരക്കാരെ ഭയപ്പെടുത്താനല്ല. സമാധാനപരമാണ് സമരമെങ്കില്‍ ഒരു പ്രശ്നവുമുണ്ടാകില്ല. സര്‍ക്കാര്‍ പ്രകോപനമുണ്ടാക്കില്ല. എല്ഡിഎഫ് ആണ് ഭരിക്കുന്നതെങ്കില്‍ ഇത്തരമൊരു സാഹചര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമായിരുന്നു. സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്ച്ചയ്ക്ക് തയ്യാറാണ്. പ്രതിപക്ഷം സന്നദ്ധത അറിയിച്ചാല്‍ ചര്ച്ചയ്ക്ക് സമയം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടുക്കിയിലെ പ്രകൃതിക്ഷോഭത്തില്‍ കേന്ദ്രസഹായം തേടി പ്രധാനമന്ത്രിയെ കാണാനുള്ള സര്വ്വകക്ഷി സംഘത്തില്‍ നിന്നും പ്രതിപക്ഷം പിന്മാറിയതില് ദുഃഖമുണ്ട്. ഇടുക്കി പ്രശ്നം ചര്ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത വി.എസ് തന്നെയാണ് സര്വകക്ഷിസംഘം ഡല്ഹിക്ക് പോകണമെന്ന് നിര്ദേശിച്ചത്. അതുപ്രകാരം പ്രധാനമന്ത്രിയുടെ സമയം തേടി. വി.എസിന്റെ കൂടെ സൗകര്യം കണക്കിലെടുത്താണ് ഡല്ഹി യാത്ര നിശ്ചയിച്ചത്. എന്നാല്‍ അവസാന നിമിഷം വി.എസ് പിന്മാറി. സോളാര്‍ വിവാദത്തിലാണ് പിന്മാറ്റമെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുമ്പോഴും നിര്ദേശം വയ്ക്കുമ്പോഴും സമയം അറിയിക്കുമ്പോഴും അദ്ദേഹത്തിന് ഇക്കാര്യം അറിയാമായിരുന്നില്ലേ. അദ്ദേഹത്തിന്റെ ഭാഷയില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല, പഠിച്ചിട്ടില്ല. അത് തന്റെ സംസ്കാരവുമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള സമരമാണ്. സോളാര്‍ ഇടപാടില്‍ സര്ക്കാരിന് ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് താന്‍ പലവട്ടം വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ ഇടപാടുകാര്‍ക്ക് ഒരു സഹായവും നല്കിയിട്ടില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന പല ആരോപണങ്ങളും പിന്നീട് അവര്‍ തന്നെ തള്ളുകയാണ്. കൊറിയന്‍ കമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്നാണ് പുതിയ ആരോപണം. കെഎസ്ഇബി തന്നെ ഇത് നിഷേധിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണ്. 33 കേസുകളാണ് സോളാര്‍ ഇടപാടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഏഴ് കോടിയുടെ തട്ടിപ്പാണെന്നാണ്. അതേസമയം, പശ്ചിമ ബംഗാളില്‍ ശാരദാ ഗ്രൂപ്പ് ചിട്ടി കമ്പനി 14 ലക്ഷം ഗ്രാമീണരില്‍ നിന്നും 3000 കോടി രൂപയാണ് തട്ടിയെടുത്തത്. അതിനെതിരെ കൊല്‍ക്കൊത്തയില്‍ സിപിഎം സമരം നടത്തുന്നില്ല. ബംഗാള്‍ സെക്രട്ടേറിയറ്റ് വളയാന്‍ പ്രകാശ് കാരാട്ടിന് ധൈര്യമില്ല. രാഷ്രടീയ ലക്ഷ്യം മാത്രമാണ് ഇവിടെ സമരത്തിനു പിന്നില്‍. സര്ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ പുറത്തുകൊണ്ടുവരണം. എല്ഡിഎഫ് കാലത്ത് എടുത്ത 14 കേസുകളാണ് എടുത്തിരുന്നത്.
പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. രണ്ടു കേസുകളില് കുറ്റപത്രം സമര്പ്പിച്ചു. അഞ്ചു കേസുകളില് ഈ ആഴ്ച കുറ്റപത്രം സമര്പ്പിക്കും. അന്വേഷണം പൂര്ത്തിയായിട്ടും പ്രതിപക്ഷം തൃപ്തരല്ലെങ്കില്‍ തുറന്ന സമീപനത്തിന് സര്‍ക്കാര്‍ തയ്യാറാണ്. കേന്ദ്രസേനയെ വിളിച്ച നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്ശനം ഉയര്ന്നിട്ടില്ലെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്ജിന്റെ പ്രസ്താവനകള്ക്ക് താന്‍ മറുപടി നല്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment