ആശുപത്രിയില്‍നിന്നു നവജാതശിശുവിനെ
മോഷ്ടിച്ചു കടന്ന യുവതി പിടിയില്
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ആശുപത്രിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ കാഞ്ഞിരപ്പള്ളി: പിഞ്ചുകുഞ്ഞിനെ ആശുപത്രി മുറിയില്‍ നിന്നും തട്ടികൊണ്ട് പോയ സംഭവത്തെ തുടര്‍ന്ന് നാട് കടന്നുപോയത് നാടകീയ നിമിഷങ്ങളിലൂടെ. അലമുറയിട്ട് കരഞ്ഞ അമ്മയും കുട്ടിയെ കടത്താനുള്ള സൗകര്യത്തിനു വേണ്ടി കടയിലേയ്‌ക്ക് പറഞ്ഞയച്ച സഹോദരനുമെല്ലാം നടന്നത് തട്ടികൊണ്ടുപോകലാണെന്ന് തിരിച്ചറിയാന്‍ അല്‍പ്പസമയം വേണ്ടി വന്നു. കണ്ണുനീര്‍ വാര്‍ത്ത കുട്ടിയുടെ മാതാവ് റിയയ്‌ക്ക് മുന്‍പില്‍ തരിച്ചു നിന്ന ആശുപത്രിയിലെ ഡോക്‌ടര്‍ അച്ചാമ്മ ചാണ്ടിയും സഹപ്രവര്‍ത്തകരും അല്‍പ്പനിമിഷത്തിനുള്ളില്‍ സമചിത്തത വീണ്ടെടുത്ത് പോലീസിനെ വിവരമറിയിച്ചു. മിനിട്ടുകള്‍ക്കുള്ളില്‍ സ്‌ഥലത്ത് പോലീസെത്തുമ്പോഴേക്കും സംഭവം നടന്നിട്ട് ഏതാണ്ട് അരമണിക്കൂര്‍.കടന്നുപോകുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന തിരിച്ചറിവില്‍ പോലീസും ഒപ്പം എന്തിനും ഏതിനും സഹായവുമായി നാട്ടുകാരും. പോലീസ് വാഹനങ്ങള്‍ക്കൊപ്പം ബൈക്കിലും ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും പലവഴിയെ തിരഞ്ഞ് നാട്ടുകാരും സജീവമായി.ആശുപത്രിയ്‌ക്ക് മുന്‍പില്‍ നിന്നും ഷാളില്‍ കൈകുഞ്ഞിനെയും പൊതിഞ്ഞ് യുവതി ഓട്ടോറിക്ഷയില്‍
26 ാം മൈല്‍ ഭാഗത്തേയ്‌ക്ക് കടന്നതായി ആദ്യ വിവരം. 26 ാം മൈലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ നിന്നും കുമളിയ്‌ക്കുള്ള കെ. എസ്. ആര്‍. ടി. സി. ബസില്‍ യുവതി കയറിയതായതി പോലീസിന് വിവരം ലഭിക്കുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ ഹൈവേ പോലീസും ഫ്‌ളയിംഗ് സ്‌ക്വാഡും ദേശീയപാതയിലെ വിവിധ പ്രദേശങ്ങളിലെ സമീപ ടൗണുകളില്‍ തെരച്ചില്‍ ശക്‌തമാക്കി.
വയര്‍ലെസില്‍ നല്‍കിയ വിവരമനുസരിച്ച് മുണ്ടക്കയം ടൗണില്‍ കടന്ന് വന്ന എല്ലാ വാഹനങ്ങളും പോലീസ് അരിച്ചുപെറുക്കി. ബസ് സ്‌റ്റാന്റില്‍ നിന്നും പുറപ്പെടാനിറങ്ങിയ കുമളി കെ. എസ്. ആര്‍് ടി. ബസില്‍ എസ്. ഐ. നടത്തിയ പരിശോധനയില്‍ ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള സീറ്റില്‍ കൈയ്യില്‍ പിഞ്ചുകുഞ്ഞുമായി യുവതി.പ്രതിയെ കസ്‌റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം തിരികെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലേയ്‌ക്ക്. കൈയ്യില്‍ കൈക്കുഞ്ഞുമായി ചെറുചിരിയോടെ വനിതാ പോലീസ് സ്‌ഥലത്തിറങ്ങുമ്പോള്‍ പൊന്നോമനയെ വാരിപുണര്‍ന്ന മാതാവിനും മുത്തശ്ശിയ്‌ക്കുമൊപ്പം നാട്ടുകാരും ആശ്വാസ നിശ്വാസമുതിര്‍ത്തു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment