Pages

Tuesday, August 27, 2013

അവയവദാനം

വൃക്കരോഗിയായ അമ്മ
അപകടത്തില്‍ മരിച്ച മകന്റെ വൃക്കകളും കണ്ണുകളും കരളും ദാനം ചെയ്തു

            രണ്ട് വൃക്കകളും തകരാറിലായി ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന അമ്മ ബൈക്കപകടത്തില്‍ മരിച്ച മകന്റെ വൃക്കകളും കണ്ണുകളും കരളും ദാനം ചെയ്തു. മകന്റെ വൃക്കകള്‍ അമ്മയ്ക്ക് യോജിക്കുമായിരുന്നുവെങ്കിലും അവ സ്വീകരിക്കാന്‍ അവര്‍ വൈകാരികമായി സന്നദ്ധയല്ലാത്തതിനാല്‍ ദാനംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുതുജീവനേകും.കോഴിക്കോട് ബേപ്പൂര്‍ ഇരട്ടച്ചിറ സ്വദേശിയും ബേപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍അംഗവുമായ കല്ലായി പ്രസന്നയുടെ മകന്‍ ദീപു (23) ഞായറാഴ്ച തിരുവണ്ണൂര്‍ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തിലാണ് മരിച്ചത്. റോഡില്‍ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റായിരുന്നു മരണം. ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു ദീപു. ബൈക്ക് ഓടിച്ചിരുന്ന ബേപ്പൂര്‍ വെള്ളായിക്കോട് പുതിയ വീട്ടില്‍ നിഷാന്തിന്റെ കണ്ണുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദീപുവിന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന് കോഴിക്കോട് മിംസ് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ അച്ഛന്‍ സുദര്‍ശന്‍ അവയവങ്ങള്‍ ദാനംചെയ്യാന്‍ രേഖാമൂലം സമ്മതിക്കുകയായിരുന്നു.

ദീപുവിന്റെ ഒരു വൃക്ക. നാലുവര്‍ഷമായി 'മിംസി'ല്‍ ഡയാലിസിസ് നടത്തിവരുന്ന 40-കാരനായ കൊണ്ടോട്ടി സ്വദേശിക്കും മറ്റേ വൃക്ക വടകര മിംസില്‍ ഡയാലിസിസ് ചെയ്യുന്ന വടകര സ്വദേശിയായ 50 വയസ്സു കാരനുമാണ് മാറ്റിവെക്കുന്നത്. കരള്‍ മണ്ണാര്‍ക്കാട് സ്വദേശിനിയായ 52-കാരിക്കാണ് മാറ്റിവെക്കുന്നത്. ഉത്തര കേരളത്തില്‍ നടക്കുന്ന ആദ്യത്തെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാകുമിതെന്ന് 'മിംസ്' അധികൃതര്‍ അറിയിച്ചു.ദീപുവിന്റെ കണ്ണുകള്‍ കോംട്രസ്റ്റ് കണ്ണാസ്പത്രിക്ക് കൈമാറി. രണ്ടുപേര്‍ക്കാണ് കണ്ണുകള്‍ നല്‍കുന്നത്. ശസ്ത്രക്രിയയ്ക്ക് കോംട്രസ്റ്റ് കണ്ണാസ്പത്രിയിലെ ഡോ. പ്രിയ സൈമണ്‍ നേതൃത്വം നല്‍കി.

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: