Pages

Monday, August 12, 2013

ഐഎന്‍എസ് വിക്രാന്ത് നീരണിഞ്ഞു

ഐഎന്‍എസ് വിക്രാന്ത്
നീരണിഞ്ഞു
രാജ്യം സ്വന്തമായി രൂപകല്പന ചെയ്ത ആദ്യ വിമാന വാഹിനിക്കപ്പല്‍ 'ഐഎന്‍എസ് വിക്രാന്ത്' നീരണിഞ്ഞു. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്താണ് കപ്പല്‍ നീറ്റിലിറക്കിയത്. കപ്പലുകള്‍ വനിതകള്‍ നീറ്റിലിറക്കുന്ന പാരമ്പര്യം പിന്തുടര്‍ന്നാണിത്. 
കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, ജി.കെ. വാസന്‍, കെ.വി. തോമസ്, അഡ്മിറല്‍ ഡി.കെ. ജോഷി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 2005 ല്‍ തകിടുമുറിക്കുകയും 2009 ല്‍ കീലിടുകയും ചെയ്ത വിമാന വാഹിനിയുടെ ഒന്നാം ഘട്ട നിര്‍മാണമാണ് പൂര്‍ത്തിയായത്. റണ്‍വേയടക്കമുള്ളവ പൂര്‍ത്തിയാക്കി യുദ്ധ സന്നാഹങ്ങളോടെ കപ്പല്‍ സേനയുടെ ഭാഗമാകാന്‍ ഇനിയും നാലുവര്‍ഷത്തോളം പിടിക്കും. ഇതോടെ സ്വന്തമായി വിമാന വാഹിനിക്കപ്പല്‍ രൂപകല്പന ചെയ്ത് നിര്‍മിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്എ, റഷ്യ, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.260 മീറ്റര്‍ നീളമുള്ള കപ്പലിന് 40,000 ടണ്‍ കേവുഭാരമുണ്ടാകും. അത്യാധുനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും മിസൈലുകളും റഡാറുകളുമടക്കമുള്ള സന്നാഹങ്ങള്‍ വിക്രാന്തിലുണ്ടാകും.

2500 കിലോമീറ്റര്‍ വരുന്ന കേബിള്‍, വയര്‍ സംവിധാനങ്ങളാണ് കപ്പലിലുണ്ടാവുക. 70 കിലോമീറ്ററിലധികം വരുന്ന പൈപ്പ് ശൃംഖലയും കപ്പലിലുണ്ടാകും. 2300ഓളം മുറികളും അറകളും ഇതില്‍ ഒരുക്കും. 1450 നാവികര്‍ക്കുള്ള സജ്ജീകരണങ്ങള്‍ കപ്പലിനുള്ളിലുണ്ടാകും.അത്യാധുനിക സംവിധാനങ്ങളോടെയാണ് ഐഎന്‍എസ് വിക്രാന്ത് ഒരുങ്ങുന്നത്. പെട്ടെന്ന് തിരിയാനും ദിശ മാറാനും കഴിയും വിധമാണ് രൂപകല്പന. 28 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ഹ്രസ്വദൂരം ഓടിയശേഷം പറന്നുയരാന്‍ കഴിയും വിധമാണ് മുകള്‍ത്തട്ടിലെ റണ്‍വേ ഒരുക്കിയിരിക്കുന്നത്. പറന്നിറങ്ങുന്ന വിമാനങ്ങളുടെ വേഗം പെട്ടെന്ന് കുറയ്ക്കാനുള്ള സംവിധാനങ്ങളും ഇതില്‍ ഒരുക്കും.

ബ്രിട്ടനില്‍ നിന്ന് വാങ്ങിയ ഐഎന്‍എസ് വിക്രാന്തും വിരാടുമായിരുന്നു ഇന്ത്യക്കുണ്ടായിരുന്ന വിമാന വാഹിനിക്കപ്പലുകള്‍. സേനയില്‍ നിന്ന് വിരമിച്ച വിക്രാന്തിന്റെ സ്മരണയ്ക്കായാണ് പുതിയ വിമാന വാഹിനിക്ക് അതേ പേരു നല്‍കിയത്. വിരാടും വൈകാതെ സേനയോട് വിടപറയും. റഷ്യയില്‍ നിന്ന് 'ഗോര്‍ഷകോവ്' എന്നൊരു വിമാന വാഹിനി വാങ്ങാന്‍ കരാറായിട്ടുണ്ട്. 'ഐഎന്‍എസ് വിക്രമാദിത്യ' എന്ന പേരില്‍ ഈ വര്‍ഷം അവസാനത്തോടെ ഇത് സേനയില്‍ ചേരുമെന്നു പ്രതീക്ഷിക്കുന്നു.ഐഎന്‍എസ് വിക്രാന്തിനു പിന്നാലെ കൊച്ചിയില്‍ 'ഐഎന്‍എസ് വിശാല്‍' എന്നൊരു വിമാനവാഹിനി കൂടി നിര്‍മിക്കാന്‍ പദ്ധതിയുമുണ്ട്.
          
                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: