രൂപയുടെ മൂല്യത്തകര്‍ച്ച
ആശങ്ക പരത്തിയിരിക്കുന്നു.സ്വർണ്ണ ഭ്രമം രൂപയുടെ തകർച്ചക്ക് കാരണമാകാം

ഇതുവരെയുണ്ടാകാത്ത രീതിയില്‍ രൂപയ്‌ക്കുണ്ടായിരിക്കുന്ന മൂല്യത്തകര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലാകെ ആശങ്ക പരത്തിയിരിക്കുന്നു. ഡോളറിന്റെ കരുത്താര്‍ജിക്കല്‍ ഭൂരിപക്ഷം ഏഷ്യന്‍ രാജ്യങ്ങളിലെയും കറന്‍സികളെ മൂല്യത്തകര്‍ച്ചയിലേക്കു നയിച്ചെങ്കിലും കുത്തനെയുള്ള വീഴ്‌ചയുണ്ടായത് ഇന്ത്യന്‍ രൂപയ്‌ക്കാണ് എന്നത് ആശങ്കയേറ്റുന്നു. രണ്ടുമാസത്തിനുള്ളില്‍ ഡോളറിനു മുന്നില്‍ രൂപ വന്‍തോതില്‍ മൂക്കു കുത്തുന്ന കാഴ്‌ചയാണു കാണാന്‍ കഴിഞ്ഞത്. മേയില്‍ 11 ശതമാനവും ജൂണില്‍ അഞ്ചു ശതമാനവുമാണ് രൂപയുടെ തകര്‍ച്ചയെന്ന് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്കുണ്ടാകുന്ന തകര്‍ച്ച തടയാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രമം വിഫലമാകുക കൂടി ചെയ്‌തപ്പോള്‍ ബുധനാഴ്‌ച ഡോളറിന്റെ വില 60.76 രൂപ വരെയാണ് ഉയര്‍ന്നത്. ഇതോടെ രൂപ എക്കാലത്തെയും താഴ്‌ന്ന അവസ്‌ഥയിലേക്കാണു പതിച്ചത്. രൂപയുടെ ഈ മൂല്യത്തകര്‍ച്ച കനത്ത ആഘാതമാകും സാമ്പത്തികരംഗത്തുണ്ടാക്കുക. ഓഹരി വിപണിയുടെ പതനത്തിനും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കും ഇതു കാരണമാകും. പെട്രോള്‍, ഡീസല്‍ എന്നിവയ്‌ക്കു വില കൂടിയാല്‍ നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ എല്ലാത്തിന്റെയും വിലക്കയറ്റത്തിനു കാരണമാകും. അത് സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുഷ്‌കരമാക്കും. ഇപ്പോഴത്തെ, ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ വിലക്കയറ്റം നേരിടുന്ന അവസ്‌ഥ കൂടുതല്‍ സങ്കീര്‍ണമാകും. വിദേശത്തേക്കുള്ള യാത്രാച്ചെലവും വിദേശത്തു പഠിക്കുന്നതിനും ചെലവേറും. അമേരിക്കയിലെ സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുന്നു എന്ന അറിവും എണ്ണക്കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതിക്കാര്‍ക്കും ബാങ്കുകള്‍ക്കും ഡോളറിന്റെ ആവശ്യം ഏറിയതുമാണ് ഡോളറിന്റെ വില വര്‍ധിക്കാനും രൂപയുടെ മൂല്യം കുറയാനുമുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോളറിന്റെ ഈ വിലക്കയറ്റം മൂലം ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കും ഇന്ത്യയില്‍ നിര്‍മിക്കുന്ന, വിദേശ ഘടകങ്ങളുള്ള സാധനങ്ങള്‍ക്കും വില കൂടും. മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനുമൊക്കെ വിലക്കയറ്റ സാധ്യതയേറുന്നു. ഡോളര്‍ വില സ്വര്‍ണവിലത്തകര്‍ച്ചയ്‌ക്കും കാരണമാകും. അതേസമയം ചില മേഖലകളില്‍ ഇതു ഗുണം ചെയ്യുമെന്നത് തെല്ല് ആശ്വാസം നല്‍കുന്നു. കയറ്റുമതി, വിനോദസഞ്ചാര മേഖലകള്‍ക്ക് ആശ്വസിക്കാം. അതുപോലെ വിദേശ വിപണികളെ ആശ്രയിക്കുന്ന സമുദ്രോല്‍പന്നങ്ങള്‍, കയര്‍, കശുവണ്ടി വ്യവസായങ്ങള്‍ എന്നിവയ്‌ക്കും ഗുണമുണ്ടാകാം. ഡോളര്‍ വിലക്കയറ്റത്തില്‍ ഏറെ സന്തോഷിക്കുന്നത് പ്രവാസി മലയാളികളാണ്. പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍. അന്താരാഷ്‌ട്ര വിപണിയില്‍ രൂപയുടെ വിലയിടിഞ്ഞതിനാല്‍ ഗള്‍ഫ് കറന്‍സിയും രൂപയുമായുള്ള മൂല്യവ്യത്യാസം ഏറി. അതുകൊണ്ടുതന്നെ കിട്ടാവുന്നത്ര പണം നാട്ടിലേക്കയച്ച് ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള തിരക്കിലാണു പ്രവാസികള്‍. അവിടെനിന്ന് ലോണെടുത്തും വായ്‌പയായി വാങ്ങിയുമൊക്കെ പണം നാട്ടിലേക്കയച്ച് അവസരം മുതലെടുക്കാനാണ് മിക്കവരുടെയും ശ്രമം. ഇപ്പോള്‍ നാട്ടിലേക്കയച്ച് നിക്ഷേപിക്കുന്ന പണം രൂപയുടെ തകര്‍ച്ച മാറി മൂല്യമേറുന്ന അവസ്‌ഥയില്‍ ലാഭകരമായി തിരിച്ചെടുക്കാനാവുമെന്നതാണ് അവരുടെ നേട്ടം. പക്ഷേ, ഡോളറിന്റെ വില 61 രൂപയിലേക്കും അതല്ല 62 മുതല്‍ 64 വരെയും എത്തുമെന്നാണ് വിവിധ രംഗങ്ങളില്‍ നിന്നുള്ള സാമ്പത്തിക വിദഗ്‌ധരുടെ പ്രവചനം. അങ്ങനെയായാല്‍ ഉണ്ടാകാവുന്ന പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമായിരിക്കും. കാര്‍ഷിക മേഖലയേയും വ്യവസായങ്ങളെയുമൊക്കെ അതു ബാധിക്കും. നാണയപ്പെരുപ്പം വര്‍ധിക്കാനും പലിശനിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കാനും ഇടയാക്കുമെന്നാണു വാര്‍ത്തകള്‍. ഇതു വ്യവസായ മേഖലയേയും മറ്റും പ്രതിസന്ധിയിലാക്കും. അങ്ങനെ സംഭവിച്ചാല്‍ തൊഴിലവസരങ്ങള്‍ കുറയാനും ഇടയാകുമെന്ന് വിദഗ്‌ധര്‍ പറയുന്നു. ഇതിന്റെയൊക്കെ ദുരിതഫലങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വരിക സാധാരണ ജനവിഭാഗമായിരിക്കും. ഇപ്പോള്‍തന്നെ ഒരു കിലോ അരിക്ക് അമ്പതു രൂപ വരെ കൊടുക്കേണ്ടിവരുന്ന അവസ്‌ഥയാണ്. അതിന്റെ കൂടെ കൂനിന്മേല്‍ കുരുവെന്നോണം ഇനിയും വിലക്കയറ്റമുണ്ടായാല്‍ സാധാരണക്കാരനു ജീവിക്കാന്‍ പറ്റാത്ത അവസ്‌ഥയാകും ഉണ്ടാകുക. കേന്ദ്ര ധനമന്ത്രാലയവും രാജ്യത്തെ സാമ്പത്തിക വിദഗ്‌ധരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമൊക്കെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. രൂപയുടെ ചരിത്രപരമായ ഈ തകര്‍ച്ചയ്‌ക്കു തടയിടാന്‍ എത്രയും വേഗം യുദ്ധകാലാടിസ്‌ഥാനത്തിലുള്ള നടപടിയാണ് ഉണ്ടാകേണ്ടത്..
രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കനത്ത ഇടിവും സമ്പദ് വ്യവസ്ഥയുടെ ഗതിവേഗം കുറയുന്നതും ആശങ്കാജനകമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ സാഹചര്യം നേരിടാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. രാജ്യം ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. നിലവിലെ സാഹചര്യം മറികടക്കാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉടന്‍തന്നെ ഫലപ്രാപ്തിയിലെത്തുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ധനക്കമ്മി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ജിഡിപിയുടെ 2.5 ശതമാനമായി ധനക്കമ്മി കുറയ്ക്കേണ്ടതുണ്ട്. ധനക്കമ്മി കുറയ്ക്കാനായി രാജ്യം കയറ്റുമതി വര്‍ധിപ്പിക്കേണ്ടതുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറവായിരിക്കുമെന്നാണ് സൂചനകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar