Pages

Friday, July 19, 2013

MOSQUITOES AND DENGUE FEVER (MALAYALAM)

                    കൊതുകുകള്‍പെരുകുന്നു :
                 നാടാകെ ഡെങ്കിപ്പനിപടരുന്നു . 

വേനല്‍മഴയ്‌ക്കുശേഷം കൊതുകുകള്‍ പെരുകി. ഡെങ്കിപ്പനി നാടാകെ പടരുന്നു .പോയവര്‍ഷത്തേക്കാള്‍ വന്‍തോതില്‍ ആളുകളില്‍ പനി പടര്‍ന്നു. മരണസംഖ്യയുമേറി. പിന്നാലെ കാലവര്‍ഷവും കലിതുള്ളി. അതിനും ചെറിയൊരു ശമനം വന്നു തുടങ്ങി. ഇപ്പോഴാണ്‌ പലയിടത്തും സര്‍ക്കാര്‍ വക അവലോകനയോഗങ്ങളും കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങുന്നത്‌. അതായത്‌ 'കതിരേല്‍ വളം വയ്‌ക്കുന്ന' പരിപാടി. യഥാസമയം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകാതെ വിവാദത്തിലും ബഹളത്തിലും കുരുങ്ങി നടന്നവര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടത്തുന്നതെന്ന ആക്ഷേപം ശക്‌തമാണ്‌.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊതുകിനെതിരേ നടത്തുന്ന ഫോഗിംഗ്‌ മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും ദോഷകരമാകുമെന്ന അഭിപ്രായവും ഇതിനിടെ ശക്‌തമായിക്കഴിഞ്ഞു. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ പേരില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദേശം മറികടന്നാണ്‌ ഫോഗിംഗ്‌ നടത്തുന്നത്‌. ഉപയോഗിക്കരുതെന്ന്‌ കേന്ദ്രം കര്‍ശനമായി വിലക്കിയിട്ടുള്ള എന്‍ഡോസള്‍ഫാന്റെ വകഭേദങ്ങളായ മാലത്തിയോണ്‍, പൈറത്രിയം തുടങ്ങിയ കീടനാശിനികളാണ്‌ സംസ്‌ഥാനത്ത്‌ ഫോഗിംഗിന്‌ ഉപയോഗിക്കുന്നത്‌. ഉദ്യോഗസ്‌ഥ ലോബിക്ക്‌ നേട്ടമുണ്ടാകുന്നതിനാലാണ്‌ നിരോധനമുണ്ടായിട്ടും ഇത്തരം വിഷലിപ്‌തമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതെന്നും പരാതിയുണ്ട്‌.കടുത്ത രാസവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ഫോഗിംഗ്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നു സംസ്‌ഥാന സര്‍ക്കാരുകള്‍തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയുടെയും പഠനത്തിന്റെയും അടിസ്‌ഥാനത്തിലാണ്‌ മാരകമായ കീടനാശിനികള്‍ ഉപയോഗിച്ചുള്ള ഫോംഗിംഗ്‌ അവസാനിപ്പിക്കണമെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡോ. കല്‍പന ബറുവ കര്‍ശന നിര്‍ദേശം നല്‍കിയത്‌. നാഷണല്‍ വെക്‌ടര്‍ കണ്‍ട്രോള്‍ ഡിസീസ്‌ പ്രോഗ്രാമിന്റെ ജോയിന്റ്‌ ഡയറക്‌ടര്‍കൂടിയായ കല്‍പന ബറുവ കഴിഞ്ഞവാരം കേരളത്തിലെത്തുകയും ചെയ്‌തിരുന്നു. ഗുരുതരമായ അനന്തരഫലങ്ങളുണ്ടാക്കുന്ന കീടനാശിനികള്‍ ഉപയോഗിക്കാതെതന്നെ കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കണമെന്ന്‌ അവര്‍ നിര്‍ദേശിക്കുകയും ചെയ്‌തതാണ്‌.
എന്നാല്‍ അവരെത്തും മുമ്പുതന്നെ സംസ്‌ഥാന ആരോഗ്യവകുപ്പിലെ ഉന്നതര്‍ അഞ്ചുകോടിയോളം രൂപ മുടക്കി കീടനാശിനികളും അനുബന്ധ സാധനങ്ങളും വാങ്ങിയതായാണ്‌ ആക്ഷേപം. ഇതിനാവശ്യമായ വാഹനങ്ങള്‍ വാങ്ങാനുള്ള നടപടിയുമായത്രേ. ഉദ്യോഗസ്‌ഥ ലോബി ഈ ഇടപാടുകളുടെ പേരില്‍ വന്‍തുക പോക്കറ്റിലാക്കിയതായി ആരോപണവുമുയരുന്നു.
വേനല്‍ മഴയുടെ തുടക്കത്തില്‍തന്നെ കൊതുകുകള്‍ പെരുകാന്‍ തുടങ്ങും. ആ സമയത്താണ്‌ കൊതുകുനശീകരണം ആരംഭിക്കേണ്ടത്‌. എങ്കിലേ പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ സഹായകമാകൂ. ഫോഗിംഗ്‌കൊണ്ട്‌ വെള്ളക്കെട്ടുകളില്‍ കഴിയുന്ന കൊതുകിനോ കൂത്താടികള്‍ക്കോ കാര്യമായ നാശമുണ്ടാകില്ലെന്നും ഇത്തരമിടങ്ങളില്‍ ഫോഗിംഗ്‌ ഫലപ്രദമല്ലെന്നുമാണ്‌ വിദഗ്‌ധാഭിപ്രായം. കീടനാശിനികള്‍ അന്തരീക്ഷത്തില്‍തങ്ങിനിന്ന്‌ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക്‌ കാരണമാകുമെന്നും വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുമ്പോഴാണ്‌ മുന്നും പിന്നും നോക്കാതെയുള്ള കീടനാശിനി പ്രയോഗം. കൊതുകിനൊപ്പം തേനീച്ച ഉള്‍പ്പെടെയുള്ള മറ്റു ചെറുപ്രാണികള്‍ക്കും ഫോഗിംഗ്‌ മൂലം നാശമുണ്ടാകും. ഇത്‌ പാരിസ്‌ഥിതികമായി ദോഷഫലങ്ങളുണ്ടാക്കും.
വെള്ളക്കെട്ടുകളില്‍ കഴിയുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ഫോഗിംഗിനു പകരമായി ഫലപ്രദമായ മറ്റു സംവിധാനങ്ങള്‍ കണ്ടുപിടിക്കാനും പ്രയോഗിക്കാനും അധികൃതര്‍ തയാറാകണം. വെള്ളക്കെട്ടുകളില്‍ ഫോഗിംഗിനെക്കാള്‍ നല്ലത്‌ നേരിട്ടു കൂത്താടികളെ നശിപ്പിക്കുന്നതരത്തില്‍ വിതറാന്‍ പറ്റിയതും മാരകമല്ലാത്തതുമായ കീടനാശിനികളാണ്‌. അന്തരീക്ഷമാകെ മലിനമാക്കുന്ന വാതക രൂപത്തിലുള്ള പ്രതിരോധരീതികള്‍ മനുഷ്യരില്‍ അലര്‍ജിയടക്കമുള്ള രോഗങ്ങളുമുണ്ടാക്കും. അതുകൊണ്ട്‌ കൊതുകു നശീകരണത്തിന്‌ നൂതനമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അതോടൊപ്പം നാടാകെ കൂനകൂടി ചീഞ്ഞളിഞ്ഞു കിടക്കുന്ന മാലിന്യപ്രശ്‌നത്തിനു പരിഹാരമുണ്ടാക്കണം. ചീഞ്ഞളിഞ്ഞ്‌ പരിസരത്തെ കിണറുകളും കുടിവെള്ളസ്രോതസുകളും മലിനമാക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ കൊതുകുകളുടെ ഉത്‌പാദനകേന്ദ്രങ്ങളാണ്‌.ദുര്‍ഗന്ധം സഹിച്ചും കൊതുകുകടികൊണ്ടും ദുരിതമനുഭവിക്കുന്ന ജനത്തിനുമേല്‍ ഇനിയെങ്കിലും വിഷപ്പുകകൂടി അടിച്ചു കയറ്റരുത്‌. പോക്കറ്റില്‍ വീഴുന്ന കോഴപ്പണമല്ല മനുഷ്യന്റെ ആരോഗ്യവും ജീവനുമാണ്‌ വലുതെന്ന്‌ ഓര്‍ക്കണം.

                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar