ഭീകരത ഭാരതത്തിന്റെ ശാപം
ആരാധനാലയങ്ങള്‍ക്കുനേരേ ഭീകരര്‍ ആക്രമണം നടത്തുന്നത് ആദ്യമായല്ല. സമാധാനമെന്നപോലെ സാമുദായികൈക്യം തകര്‍ക്കലും ഭീകരരുടെ ലക്ഷ്യങ്ങളാവാം. ഗയയിലേത്, ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരാക്രമണം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കരുതുന്നു. അതെന്തായാലും ഇത്തരം സംഭവങ്ങള്‍ തടയാന്‍ കഴിയുന്നില്ലെന്നത് നമ്മുടെ ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പോരായ്മ തന്നെയാണ്. ഭീകരരെ നേരിടുന്നതിനായി പുതിയ നിയമങ്ങള്‍ കൊണ്ടുവരുകയും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, അവ വേണ്ടവിധം ഫലപ്രദമാകുന്നില്ല. യു.എസ്സിനെപ്പോലുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന നിഷ്‌കര്‍ഷ നമുക്ക് പാഠമാകണം. സുരക്ഷയുടെ കാര്യത്തിലുണ്ടാകുന്ന നേരിയ വീഴ്ചപോലും വന്‍ ഭീകരാക്രമണങ്ങള്‍ക്ക് കാരണമായേക്കാം. മഹാബോധിക്ഷേത്രത്തിന് പുറത്തെ സുരക്ഷാച്ചുമതല മാത്രമേ പോലീസിനുള്ളൂ. ക്ഷേത്രസമുച്ചയത്തിനകത്ത് ക്ഷേത്രട്രസ്റ്റാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തരാഖണ്ഡിലെ പ്രളയക്കെടുതികളടക്കമുള്ള പ്രശ്‌നങ്ങള്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കേയാണ്, ഭീകരര്‍ വീണ്ടും ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവയടക്കം എട്ട് വന്‍ നഗരങ്ങളില്‍ ആക്രമണസാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുദ്ധ ആരാധനാകേന്ദ്രങ്ങളിലും ടിബറ്റുകാര്‍ താമസിക്കുന്ന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗയയില്‍ ആക്രമണസാധ്യതയുണ്ടെന്ന് ഡല്‍ഹി പോലീസ് നേരത്തേതന്നെ സൂചന നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ബിഹാര്‍ പോലീസിനും തങ്ങള്‍ വിവരം നല്‍കിയിരുന്നതായും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നു. മ്യാന്‍മറില്‍ വര്‍ഗീയസംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ബുദ്ധമത ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടാനിടയുണ്ടെന്ന് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവയെല്ലാം ശരിയാണെങ്കില്‍, ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ച ഉണ്ടായി എന്നാണ് കരുതേണ്ടത്. നേരത്തേ ലഭിച്ച സൂചനകള്‍ ഗൗരവമായി കണ്ടെില്ലെന്ന ആക്ഷേപം, മുന്‍പു നടന്ന പല വന്‍ ഭീകരാക്രമണങ്ങളുടെ കാര്യത്തിലും ഉണ്ടായി. ചില സംഭവങ്ങള്‍ സംബന്ധിച് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ പരസ്പരം പഴിചാരുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രി തന്നെ പലതവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫലത്തില്‍, ഭീകരശക്തികള്‍ക്കുതന്നെയാണ് ഇവയെല്ലാം ഗുണം ചെയ്യുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും സുരക്ഷാവിഭാഗങ്ങളും തികഞ്ഞ ഏകോപനത്തോടെ പ്രവര്‍ത്തിച്ചാലേ ഭീകരരെ അമര്‍ച്ചചെയ്യാനാവൂ. അത് സാധ്യമാക്കുന്നതിനുവേണ്ടതെല്ലാം ചെയ്യാന്‍ ഒട്ടും വൈകിക്കൂടാ. കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണം .
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment