Pages

Saturday, July 20, 2013

MORE EMPLOYMENT NO EMPLOYEE

തൊഴിലുണ്ട് തൊഴില്‍ ചെയ്യനാളില്ല


തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടും തൊഴിലില്ലായ്മ വന്‍തോതില്‍ നിലനില്‍ക്കുന്ന, വിചിത്രമായ സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. ഇവിടത്തെ ഉദ്യോഗാര്‍ഥികള്‍ പൊതുവേ വെള്ളക്കോളര്‍ ജോലിയില്‍ മാത്രം താത്പര്യം കാണിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ശാരീരികക്ലേശമുള്ള ജോലികള്‍ ചെയ്യാന്‍ അഭ്യസ്തവിദ്യരും അത്തരം ജോലികള്‍ അവര്‍ക്ക് നല്‍കാന്‍ ചില തൊഴിലുടമകളും മടിക്കുന്നത് സംസ്ഥാനത്തെങ്ങും സാധാരണമായിരിക്കുന്നു. ശമ്പളം കുറഞ്ഞാലും വെള്ളക്കോളര്‍ ജോലി മതിയെന്ന് ശഠിക്കാന്‍ തൊഴിലന്വേഷകര്‍ നിര്‍ബദ്ധരാകുന്നതില്‍ നമ്മുടെ സമൂഹത്തിന് കാര്യമായ പങ്കുണ്ട്. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ജോലിതേടി അലയുന്ന യുവാക്കളുടെ എണ്ണം ലക്ഷക്കണക്കിനുവരും. എന്തു പണിയും ചെയ്യാന്‍ അവരില്‍ ചുരുക്കം ചിലരേ തയ്യാറാകുന്നുള്ളൂ. 'മാതൃഭൂമി' പ്രസിദ്ധീകരിച്ച 'ഡീസന്റ് ജോലി, ഡീസന്റ് കൂലി' എന്ന പരമ്പര ഈ മേഖലയിലെ പ്രശ്‌നങ്ങളിലേക്കെന്നപോലെ മലയാളികളുടെ തൊഴില്‍ സങ്കല്പത്തിലേക്കും വെളിച്ചംവീശുന്ന ഒന്നാണ്. വിദ്യാഭ്യാസമുണ്ടെങ്കിലും വേണ്ടത്ര തൊഴില്‍വൈദഗ്ധ്യമില്ലാത്തത് കേരളീയരുടെ തൊഴില്‍ ലഭ്യതയെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ പോരായ്മ പരിഹരിക്കാന്‍ ചില സ്ഥലങ്ങളില്‍ തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല. പേരിന് കുറച്ചുകാലം പരിശീലനം നല്‍കി ഉദ്യോഗാര്‍ഥികളെ പറഞ്ഞുവിടുകയാണ് ഇത്തരം കേന്ദ്രങ്ങള്‍ ചെയ്തത്. തൊഴിലിന് പ്രാപ്തരാകുന്നതുവരെ പരിശീലനം നല്‍കുകയും അവര്‍ക്ക് പറ്റിയ ജോലി കണ്ടെത്തേണ്ട ചുമതല തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ വഹിക്കുകയും ചെയ്താലേ ഉദ്യോഗാര്‍ഥികള്‍ക്ക് കാര്യമായ പ്രയോജനം കിട്ടൂ. എന്തായാലും തൊഴില്‍ വകുപ്പ് ഇപ്പോള്‍ തുടങ്ങിയ എംപ്ലോയബിലിറ്റി സെന്ററുകള്‍ തൊഴിലന്വേഷകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാകും. ഉദ്യോഗാര്‍ ഥികളുടെ കുറവുകള്‍ കണ്ടെത്തി, പരിശീലനത്തിലൂടെ അവ നികത്തി, അവര്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്ന ചുമതലയാണ് ഇത്തരം സെന്ററുകള്‍ക്കുള്ളത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്കു പുറമേ താലൂക്ക് തലങ്ങളിലുള്ള ടൗണ്‍എക്‌സ്‌ചേഞ്ചുകളെയും എംപ്ലോയബിലിറ്റി സെന്ററുകളാക്കിയാല്‍ അത് കൂടുതല്‍ ഗുണം ചെയ്യും. ശാരീരികാധ്വാനം ആവശ്യമായ തൊഴില്‍ മേഖലകളെല്ലാം കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൈയടക്കിയിരിക്കുന്നു. ഏതാണ്ട് 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ട്. അവര്‍ എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാകുന്നു. അവരെല്ലാം കൂടി കൊല്ലത്തില്‍ 17,500 കോടി രൂപ വീട്ടിലേക്ക് അയയ്ക്കുന്നതായാണ് കണക്ക്. 

ഇവിടത്തെ യുവാക്കളുടെ വികലമായ തൊഴില്‍ സങ്കല്പമാണ്, അന്യസംസ്ഥാനക്കാര്‍ക്ക് കേരളത്തില്‍ ഇത്രയും വിപുലമായ തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്നത്. കായികാധ്വാനം വേണ്ട തൊഴിലുകളിലേക്ക് തൊഴില്‍രഹിതരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ചില പരിശ്രമങ്ങള്‍ അങ്ങിങ്ങ് നടക്കുന്നുണ്ട്. കൃഷിപ്പണി, തെങ്ങുകയറ്റം തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ വേണ്ടി തുടങ്ങിയ കൂട്ടായ്മകള്‍ പലേടത്തും ഫലപ്രദമാവുകയും ചെയ്തു. എന്നാല്‍, ഇത്തരം പരിപാടികള്‍ വ്യാപകമാക്കാന്‍ കഴിയുന്നില്ല. പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്ക് കേരളത്തില്‍ ആവശ്യത്തിന് തൊഴിലവസരങ്ങളില്ലെന്നത് മറ്റൊരു പ്രശ്‌നമാണ്. ഇവരില്‍ പലരും കേരളം വിടുന്നു. ബിരുദാനന്തരബിരുദവും പ്രൊഫഷണല്‍ വിദ്യാഭ്യാസവുമുള്ള 30 ശതമാനത്തിലേറെ മലയാളികളും മറുനാടുകളിലാണ് ജോലി ചെയ്യുന്നത്. എന്തായാലും കേരളത്തിലെ സ്ഥിതി പരിഗണിക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് ആവശ്യം തന്നെ. വ്യവസായമേഖല വികസിപ്പിച്ചും പുതിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിച്ചും ഒരുപരിധിവരെ ഇതു സാധിക്കാം. ഐ.ടി., ബയോടെക്‌നോളജി, ടൂറിസം വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ വന്‍സാധ്യതകളാണുള്ളത്. തൊഴിലന്വേഷകരെ എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി തൊഴിലിന് പ്രാപ്തരാക്കുന്നതും സ്ഥിതി മെച്ചപ്പെടുത്തും. ഈ പദ്ധതി വിപുലമാക്കണം. എന്നാല്‍, ഇവകൊണ്ടുമാത്രം പ്രശ്‌നം മുഴുവന്‍ പരിഹൃതമാവുകയില്ല. അതിന് മലയാളിയുടെ തൊഴില്‍ സങ്കല്പത്തിലും മാറ്റം ഉണ്ടാകണം. വെള്ളക്കോളര്‍ വിഭാഗത്തില്‍പ്പെടാത്ത ജോലികള്‍ മറുനാടുകളില്‍പ്പോയി ചെയ്യുന്ന മലയാളികള്‍ ഇവിടെ അതിന് മടിക്കുന്നതെന്തുകൊണ്ട്? തൊഴിലന്വേഷകര്‍ക്കെന്നപോലെ പൊതുസമൂഹത്തിനും അതിനുത്തരം തേടേണ്ട ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ രചനാത്മക സമീപനം സ്വീകരിക്കാന്‍ രണ്ടുകൂട്ടരും തയ്യാറാകുമ്പോഴേ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകൂ.

                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: