ലിവര്‍ സിറോസിസ്
ഡോ. മിനി ഉണ്ണിക്കൃഷ്ണന്‍
മനുഷ്യശരീരത്തിലെ ഏററവും വലിയ ഗ്രന്ഥിയും ഏററവും സങ്കീര്‍ണമായ അവയവവുമാണ് കരള്‍. ജനിച്ചുവീഴുന്ന കുഞ്ഞിന്റെ കരളിന്റെ ശരാശരി ഭാരം ശരീരഭാരത്തിന്റെ അഞ്ചു ശതമാനം ആയിരിക്കും. വളരുംതോറും ഇതിന്റെ അനുപാതം കുറഞ്ഞ് മുതിരുമ്പോള്‍ രണ്ടു ശതമാനമായി മാറുന്നു. കരളിന്റെ ഈ പ്രത്യേകതയാലാണ് ചെറിയ കുട്ടികളുടെ വയര്‍ ഉന്തിനില്‍ക്കുന്നതായി കാണപ്പെടുന്നത്. മൃദുവും കടുംതവിട്ടുനിറവുമായ ഈ അവയവം അതിന്റെ നാല് വലിയ അറകളും ഒരു ലക്ഷത്തില്‍പ്പരം ചെറിയ അറകളുമായി ഒരേ സമയം അഞ്ഞൂറില്‍പ്പരം ജോലികള്‍ ചെയ്തുതീര്‍ക്കുന്നു.ശരീരത്തിന്റെ ആകെ രക്തത്തിന്റെ പതിമൂന്നു ശതമാനം ശേഖരിക്കപ്പെടുന്നത് ഇവിടെയാണ്.
അത്യധ്വാനിയായ ഈ അവയവം അഞ്ചില്‍ നാല് ഭാഗം രോഗബാധിതമായാലും പുറത്തറിയിക്കാതെ ജോലിചെയ്യുമെന്നതിനാല്‍ ഒന്നും ചെയ്യാന്‍ പററാത്ത സ്ഥിതിയില്‍ ശേഷിക്കുന്ന അഞ്ചിലൊരു ഭാഗം കൂടി എത്തുമ്പോഴേ രോഗിപോലും അറിയുകയുളളൂ. അതിനാല്‍ സിറോസിസില്‍ നിന്നും ഒരു രക്ഷപെടല്‍ പ്രായേണ അസംഭവ്യമാണ്. ദീര്‍ഘകാലമായുളള മദ്യപാനം, പോഷകാഹാരക്കുറവ്, കരളില്‍ നീര്‍ക്കെട്ട്, അണുബാധ ഇവയാണ് സിറോസിസ് ഉണ്ടാകാനുളള കാരണങ്ങള്‍. മനംമറിക്കുക, വിശപ്പില്ലാതാകുക, തൂക്കക്കുറവ്, ഇളം നിറമാകുന്ന മലം, ക്ഷീണം, വയറുവേദന, ഇവ ഒരേപോലെ ബുദ്ധിമുട്ടിക്കുകയും ധമനികള്‍ ക്രമാതീതമായി പിടച്ചുനില്‍ക്കുന്ന ഉദരവും സിറോസിസിന്റെ ലക്ഷണങ്ങളാണ്. അമിതമദ്യപാനം രക്തത്തില്‍ കലര്‍ത്തുന്ന വിഷവസ്തുക്കള്‍ കോശങ്ങളിലെ ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തുകയും പ്രാണവായു ലഭിക്കാതെ കരളിലെ കോശങ്ങള്‍ രോഗാതുരമാകുകയും ചെയ്യുന്നു .
ഇപ്രകാരമുണ്ടാകുന്ന സിറോസിസില്‍ പ്രാരംഭഭ ദശയില്‍ കൊഴുപ്പടിഞ്ഞു വലുതാകുന്ന കരള്‍ പിന്നീട് ചുരുങ്ങി പകുതിയായിമാറുന്നു. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ പ്രോസ്റ്റേറ്റിനും സ്തനങ്ങള്‍ക്കും രൂപവ്യതിയാനമുണ്ടാുകയും വൃഷണങ്ങള്‍ ചെറുതാകുകയുംചെയ്യുന്നു. വൈറസ് ബാധമൂലം പോസ്റ്റ് ഹെപ്പറ്റൈറ്റിക്, ചില മരുന്നുകളുടെ, വിശിഷ്യാ വേദനസംഹാരികളുടെ അമിതോപയോഗം മൂലമുളള പോസ്റ്റ് നെക്രോട്ടിക്, ബൈല്‍ ഡക്ടിലുണ്ടാകുന്ന തടസ്സം മൂലം ബിലിയറി എന്നിങ്ങനെയുളള സിറോസിസുകളും കണ്ടുവരുന്നു. മഹോദരം അഥവാ അസൈററിസ് നിയന്ത്രിക്കാന്‍ സോഡിയം ഉപയോഗം കുറയ്ക്കേണ്ടതിനാല്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുകയും പഴങ്ങള്‍, പച്ചക്കറികള്‍, വിററമിനുകള്‍, പ്രോട്ടീന്‍ ഇവയടങ്ങിയ സമീകൃതാഹാരം ശീലമാക്കുകയും ചെയ്യുന്നത് രോഗപീഡ കുറയ്ക്കാന്‍ ഉപകരിക്കും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment