Pages

Saturday, July 20, 2013

ENERGY SCARCITY (MALAYALAM)

ഊര്‍ജ്ജ പ്രതിസന്ധി
ദിലീപ് മമ്പള്ളില്‍
ഇന്ന് നാം ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ വലിയ പങ്കും പെട്രോളിയത്തില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. ആയിരമോ രണ്ടായിരമോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പെട്രോളിയത്തിന്റെ സാന്നിധ്യം മനുഷ്യര്‍ കണ്ടെത്തിയിരുന്നു. വളരെ കാലങ്ങള്‍ക്ക് ശേഷം 1840 കളില്‍ സ്‌കോട്‌ലണ്ട്കാരനായ ജെയിംസ് യങ്ങ് എന്ന രസതന്ത്രജ്ഞന്‍ പെട്രോളിയം പ്രത്യക താപനിലയില്‍ വാറ്റി എടുത്താല്‍ വിളക്ക് കത്തിക്കാന്‍ പറ്റിയ ഒരു ദ്രാവകം ലഭിക്കമെന്ന് കണ്ടെത്തി. ബ്രിട്ടനിലെ പ്രകൃതിദത്തമായ ഒരു ഉറവയില്‍ നിന്നുമാണ് അദ്ദേഹം പെട്രോളിയം ശേഖരിച്ചത്. ചൂടാക്കുന്ന രീതിക്കനുസരിച്ച് പല ഉല്പന്നങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കണ്ടെത്തി. സത്യത്തില്‍, പെട്രോളിയം ഉത്പന്നങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുന്‍പേതന്നെ ഉള്ളില്‍ നിന്നും കത്തിച്ചു (ആന്തരിക ദഹന യന്ത്രം ; internal combustion engine) പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന എഞ്ചിനുകളുടെ ആശയം കണ്ടുപിടിച്ചിരുന്നു. അതുകൊണ്ട് തന്നെ പെട്രോളിയത്തില്‍ നിന്നും കത്തിക്കാന്‍ പറ്റിയ എണ്ണകള്‍ ഉണ്ടാക്കാം എന്ന് കണ്ടുപിടിച്ചത് എന്ജിനുകളുടെ ആശയത്തിലും, വികാസത്തിനും ഉത്പാദനത്തിലും ഒരു കുതിച്ചു ചാട്ടം തന്നെ സമ്മാനിച്ചു. ആശയങ്ങളുടെ കുത്തൊഴുക്കില്‍ ശാസ്ത്രഞ്ജന്മാര്‍ പരസ്പരം മത്സരിച്ചു. 1885 ല്‍ ജര്‍മന്‍കാരനായ കാള്‍ ബെന്‍സ് ആണ് ആദ്യമായി പെട്രോളിയത്തില്‍ നിന്നുള്ള എണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനം അവതരിപ്പിച്ചത്. 

വാഹനങ്ങള്‍ തന്നെയാകാം ഇന്ന് ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പെട്രോളിയം ഉ
പയോഗിക്കുന്നത്. നാം സാധാരണ ജീവിതത്തില്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുവിലും, സേവനങ്ങളിലും പെട്രോളിയത്തിന്റെ ചെറിയ ഒരു ഉപയോഗം ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതി, അങ്ങനെ എല്ലാം. എന്തിനു വേണ്ടി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഒന്നിളകിയാല്‍ ജനജീവിതത്തിന്റെ താളം തന്നെ മാറും. 

ഈ പെട്രോളിയം തീര്‍ന്നു പോകുമോ? പോകും. ശാസ്ത്രീയമായ പഠനങ്ങള്‍ അനുസരിച്ച് 2050 കളോടെ പെട്രോളിയം ഉത്പാദനം അതിന്റെ അവസാന ഘട്ടത്തില്‍ എത്തും. ഇതിനര്‍ത്ഥം പെട്രോളിയത്തിന്റെ അവസാന തുള്ളിപോലും തീര്‍ന്നു പോകും എന്നല്ല. ഇന്ന് ഏകദേശം 35 % പെട്രോളിയം ഓയില്‍ മാത്രമേ എണ്ണകിണറുകളില്‍ നിന്നും പുറത്തെടുക്കാന്‍ കഴിയുന്നുള്ളൂ. ബാക്കി പാറകളുടെ സുഷിരങ്ങളിലൂടെയും മറ്റും ഇരിക്കുന്ന ഓയില്‍ പുറത്തെടുക്കാന്‍ ഉള്ള ഗവേഷണങ്ങള്‍ നടന്നു വരികയണ്. ഇത് പൂര്‍ണ്ണമായും എടുക്കുക എന്നത് ഒരു പക്ഷെ അസാധ്യം ആയിരിക്കം. എന്ന് വച്ചാല്‍, ഒരു പരിധി കഴിഞ്ഞാല്‍ പെട്രോളിയം പുറത്തെടുക്കാന്‍ ഉള്ള ചിലവ് ലഭിക്കുന്ന പെട്രോളിയത്തിന്റെ വിലയേക്കാള്‍ കൂടുതല്‍ ആയിരിക്കും. കാരണം പെട്രോളിയം ഭൂമിക്കു ഉള്ളില്‍ നിന്നും പുറത്തെടുക്കുവാനും ഊര്‍ജ്ജം (പെട്രോളിയം ) വേണം. പിന്നെ പെട്രോളിയം എന്നത് ലബോറട്ടറികളിലെ കുപ്പികളില്‍ ഒതുങ്ങുന്ന വിലകൂടിയ രാസവസ്തു മാത്രമായി മാറും എന്നര്‍ഥം.

ഇതൊക്കെ മുന്നില്‍ കണ്ടു കൊണ്ടാകാം, പെട്രോളിയത്തില്‍ നിന്നും ലഭിച്ചിരുന്ന ആര്‍ഭാടത്തില്‍ കഴിഞ്ഞിരുന്ന പെട്രോളിയം ഉത്പാദന (ഗള്‍ഫ്) രാഷ്ട്രങ്ങള്‍ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലേക്ക് ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത് . ഈ രംഗങ്ങളില്‍ അവര്‍ വന്‍ തുകയാണ് ഇപ്പോള്‍ ചിലവാക്കുന്നത്. പല ഗള്‍ഫ് രാജ്യങ്ങളും ഗവേഷണ രംഗത്തിന്റെ തലപ്പത്ത് നില്‍ക്കുന്ന പ്രധാന അമേരിക്കന്‍ സര്‍വകലശാലകളെ സ്വന്തം രാജ്യത്തെക്ക് ആകര്‍ഷിക്കുന്നതും ഇതിന്റെ തുടക്കം ആയിരിക്കാം.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വാഹന നിര്‍മ്മാതാക്കള്‍ വൈദ്യുതി കൊണ്ടു ഓടുന്ന വാഹനങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞു. സമയമെടുത്ത് ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് പകരം മാറ്റി വയ്ക്കാവുന്ന ബാറ്ററി പമ്പുകള്‍ എന്ന ആശയവും വന്നിട്ടുണ്ട്. വലിയ വാഹനങ്ങള്‍ക്ക് ഇത് അത്ര സുപ്പര്‍ ഐഡിയ അല്ല. കാരണം ബാറ്ററിയുടെ ഭാരം തന്നെ. അത് ചുമന്നു കൊണ്ട് പോകണ്ടേ, അതിനും ചിലവാകും കുറെ ഊര്‍ജം. അങ്ങനെ ആണെങ്കില്‍ ബാറ്ററിയില്ലാതെ കറന്റ്‌റ് ലഭ്യമാക്കിയാലോ? നമ്മുടെ ഹൈവേകളുടെ മുകളിലുടെ ഇലക്ട്രിക് ലൈനും അതിനെ തൊട്ടു ഓടുന്ന ഇലക്ട്രിക് ബസ്സുകളെ കുറിച്ചും വലിയ ലോറികളെ കുറിച്ചും ഒന്നാലോചിച്ചു നോക്കു. ഇതത്ര പുതിയ ആശയം ഒന്നും അല്ല. ജനീവയില്‍ ഇത്തരം ബസ്സുകള്‍ കണ്ടിട്ടുണ്ട്.

വൈദ്യുത വാഹനങ്ങള്‍ വന്നതുകൊണ്ടോന്നും ഊര്‍ജ പ്രതിസന്ധി തീരില്ല. കാരണം വൈദ്യുതിയുടെ വലിയ ഒരു പങ്കും ഉണ്ടാക്കുന്നത് പെട്രോളിയം (അല്ലെങ്കില്‍ കല്ക്കരി) ഉപയോഗിച്ചാണ് എന്നത് തന്നെ കാര്യം. വ്യവസയങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വേണ്ട വൈദ്യുതി പുനരുപയോഗിക്കാന്‍ പറ്റിയ പ്രകൃതിജന്യ സോത്രസ്സുകളില്‍ നിന്നും ആവശ്യത്തിനു ഉണ്ടാക്കാന്‍ പറ്റിയാല്‍ ഭാവിയില്‍ നമുക്ക് പെട്രോളിയത്തിന്റെ ആവശ്യം വേണ്ടി വരില്ല.

വന്‍തോതിലുള്ള വൈദ്യുതി ഉത്പാദനം എന്ന് പറയുമ്പോഴെ മനസ്സില്‍ വരുന്നത് ആണവ വൈദ്യുത നിലയങ്ങള്‍ ആയിരിക്കം. അണവ നിലയങ്ങള്‍ എന്നും ഭീതി ഉയര്‍ത്തു
ന്നവയാണ്. സത്യത്തില്‍ ഇന്നത്തെ സാങ്കേതിക വിദ്യയില്‍ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം പ്രകൃതി ക്ഷോഭങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ സുരക്ഷിതമാണ്. എന്നാല്‍ ആണവ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതില്‍ ഉള്ള ബുദ്ധിമുട്ടും, ജലത്തിലൂടെ അവ പടരും എന്ന ഭീതിയും ഒരിക്കലും തള്ളിക്കളയാന്‍ ആവില്ല. ആണവ അവശിഷ്ടങ്ങള്‍ വളരെ കുറച്ചു മാത്രം ഉണ്ടാക്കുന്ന ബ്രീഡര്‍ റിയാക്ടറുകള്‍ ഒരു പരിഹാരമാണ്. തോറിയം അടിസ്ഥാനമാക്കിയ ഇത്തരം നിലയങ്ങള്‍ക്കായുള്ള ഗവേഷണം ഇന്ത്യയില്‍ നടക്കുന്നുണ്ട്. കാരണം പതിനയിരക്കണക്കിനു വര്‍ഷങ്ങള്‍ ഉപയോഗിക്കാനുള്ള തോറിയം നമുക്കുണ്ട് എന്നത് തന്നെ കാര്യം. എങ്ങനെ തന്നെ ആയാലും ആണവ നിലയങ്ങള്‍ ചെലവ് കുറഞ്ഞ വൈദ്യുതി ഉണ്ടാക്കും എന്നത് അത്ര ശരിയല്ല. അവയുടെ നിര്‍മ്മാണത്തിന് വേണ്ടി വരുന്ന പണവും സമയവും, സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന ചിലവും എല്ലാം കണക്കാക്കിയാല്‍ ആണവ നിലയങ്ങള്‍ അത്ര പ്രായോഗികമല്ല. ലോകത്തില്‍ 437 ആണവ നിലയങ്ങള്‍ ഉണ്ട്. ഇതില്‍ എല്ലാം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അല്ല. ലോകത്തിലെ മൊത്തം വൈദ്യുതിയുടെ 13% മാത്രമാണ് ആണവ നിലയങ്ങള്‍ ഉല്പദിപ്പിക്കുന്നതു. 

ലോകത്തിലെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 16% ജലവൈദ്യുത നിലയങ്ങളില്‍ നിന്നും ആണ്. ജല വൈദ്യുത പദ്ധതികള്‍ ചെലവ് കുറഞ്ഞതും മലിനീകരണം ഇല്ലാത്തതുമാണ്. എന്നാല്‍ ഡാമുകള്‍ നിര്‍മ്മിക്കുമ്പോള്‍ വന്‍തോതില്‍ ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും. മാത്രമല്ല അവ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഉദാഹരണത്തിന് ഈജിപ്തിലെ നൈല്‍ നദിയില്‍ നിര്‍മ്മിച്ച അസ്വാന്‍ ഡാം നദിയിലൂടെ ഒഴുകി വന്നിരുന്ന പോഷകാംശമുള്ള ചെളിയും മറ്റും തടഞ്ഞു നിര്‍ത്തി. ഇത് ഡാമിന് താഴെ നൈല്‍ നദിതടത്തിലെ കൃഷിയെ കാര്യമായി ബാധിച്ചു. ഇതില്‍ നിന്നും ഒരു പാഠം ഉള്‍ക്കൊണ്ടു കൊണ്ടന്നു ചൈന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം ആയ ത്രീ ഗോര്‍ജസ് ഡാം ഉണ്ടാക്കിയപ്പോള്‍ ഡാമിന് അടിയില്‍ ചെളിയും വെള്ളവും തുറന്നു വിടാന്‍ അനേകം വലിയ ഗേറ്റുകള്‍ നിര്‍മ്മിച്ചത്. 22 ഗിഗാവാട്ട് പവര്‍ ആണ് ഈ ഡാം ഉല്പദിപ്പിക്കുന്നതു (കൂടംകുളം പദ്ധതി വെറും 2 ഗിഗാവാട്ട് അണെന്നോര്‍ക്കുക). പരിസ്ഥിതിയെ കണക്കിലെടുത്ത് ശാസ്ത്രീയമായി നിര്‍മ്മിച്ചാല്‍ ജലവൈദ്യുത പദ്ധതികള്‍ വലിയ തോതില്‍ ഊര്‍ജം നല്‍കും. സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്തല്‍ ചെറുകിട പദ്ധതികള്‍ ചെലവു കുറഞ്ഞതും പെട്ടന്ന് നിര്‍മ്മിക്കവുന്നതുമാണ് . ഇന്ത്യയില്‍ മൊത്തം ഉത്പാദനത്തിന്റെ 21 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികള്‍ ഉത്പാദിപ്പിക്കുന്നത്

ഇത്രയും വായിച്ച ശേഷം നിങ്ങള്‍ ചിന്തിച്ചേക്കാം തലയ്ക്കു മുകളില ഊര്‍ജം ഉള്ളപ്പോള്‍ പിന്നെന്തിനു വിഷമിക്കണം എന്നു. സത്യമാണ് . നമ്മുടെ സൂര്യന്‍ തന്നെയാണ് ഈ ഊര്‍ജം തരുന്നത്. ഭുമിയില്‍ ഒരു മണിക്കൂര്‍ ലഭിക്കുന്ന മൊത്തം സൗരോര്‍ജം ഒരു വര്‍ഷം ലോകത്ത് ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിനു അടുത്ത് വരും. ഭുമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതും ഈ ഊര്‍ജ്ജത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് തന്നെ. സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ച് ഇതില്‍ കുറച്ചു ഊര്‍ജ്ജം നമുക്ക് വൈദ്യുതി ആക്കി മാറ്റാം. സൗരോര്‍ജത്തിന്റെ ഒരു പ്രശ്‌നം അത് വളരെ നേര്‍ത്തതാണ് എന്നതാണ്. അതായതു സൗരോര്‍ജം ശേഖരിക്കാന്‍ വളരെ അധികം സ്ഥലം ആവശ്യമാണ്. കൂടാതെ സാധാരണ സോളാര്‍ സെല്ലുകള്‍ ഏകദേശം 10 ശതമാനം സൗരോര്‍ജം മാത്രമേ വൈദ്യുതി ആക്കി മാറ്റുന്നുള്ളൂ. ഇത് 40 ശതമാനം വരെ ഉയര്‍ത്തുവാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. എങ്കിലും നിര്‍മ്മാണ ചിലവും വന്‍ വിലയും കാരണം ഗവേഷണ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. സൌരോര്‍ജ്ജതിന്റെ മറ്റൊരു പ്രശ്‌നം അത് ശേഖരിച്ചു വയ്ക്കല്‍ ആണ് . ബാറ്ററിയില്‍ ശേഖരിക്കുകയും അത് വീണ്ടും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ കുറച്ചു ഊര്‍ജ്ജം നഷ്ടപ്പെടും. ബാറ്ററിയില്‍ മാത്രമല്ല, ഉയരത്തിലുള്ള ടാങ്കുകളിലേക്ക് വെള്ളം പമ്പു ചെയ്തു സൂക്ഷിച്ചും അല്ലെങ്കില്‍ വൈദ്യുതി ഉപയോഗിച്ച് ജലത്തില്‍ നിന്നും ഹൈഡ്രജെന്‍ ഉണ്ടാക്കിയും സൌരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇന്ത്യയുടെ ഭുമിയിലെ സ്ഥാനം ധാരാളം സൗരോര്‍ജത്താല്‍ അനുഗ്രഹീതമാണ് . നമുക്ക് വര്‍ഷത്തില്‍ ഏകദേശം 300 ദിവസവും ശരാശരി ചതുരശ്രമീറ്ററിന് 5 കിലോവാട്ട് അളവില്‍ സൗരോര്‍ജം ലഭിക്കുന്നു. സാധാരണ സോളാര്‍ സെല്‍ ഉപയോഗിച്ച് നമുക്ക് ഏകദേശം 1000 ഗിഗാവാട്ട ിനു മുകളില്‍ വൈദ്യുതി ഉല്‍പദിപ്പിക്കം. ഇപ്പോള്‍ ഇന്ത്യയുടെ മൊത്തം വൈദ്യുതി ആവശ്യം 214 ഗിഗാവാട്ട് മാത്രമാണെന്നിരിക്കെ ഇത് വളരെ വലിയ അളവാണിത്. ഇന്ന് ഇന്ത്യയില്‍ വെറും 1 ഗിഗാവാട്ട് വൈദ്യുതി മാത്രമാണ് സൌരോര്‍ജ്ജം കൊണ്ട് ഉണ്ടാക്കുന്നത്. ഇതില്‍ 67 ശതമാനം ഗുജറാത്തില്‍ നിന്നും 20 ശതമാനം രാജസ്ഥാനില്‍ നിന്നുമാണ്. ലോകത്തില്‍ ജര്‍മനി ആണ് സൌരോര്‍ജ്ജത്തില്‍ നിന്നും ഏറ്റവും കുടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 32 ഗിഗാവാട്ട് ആണിത്.

കാറ്റില്‍ നിന്നും ലഭിക്കുന്നതും ഭുമിയില്‍ എത്തുന്ന സൌരോര്‍ജ്ജതിന്റെ മറ്റൊരു രൂപമാണ്. ഡെന്മാര്‍ക്ക് ആണ് കാറ്റില്‍ നിന്നും മാത്രം ഏറ്റവും കൂടുതല്‍ വൈദ്യുതി ഉണ്ടാക്കുന്നതു. ഉല്‍പ്പാദിപ്പിക്കുന്ന അളവ് നോക്കിയാല്‍ ഇന്ത്യ അത്ര മോശമല്ല. നമുക്കുണ്ട് അഞ്ചാം സ്ഥാനം. 18 ഗിഗാവാട്ട് വൈദ്യുതി ആണ് നാം ഉത്പാദിപ്പിക്കുന്നത്. പരിസ്ഥിതിയെ ഹനിക്കാതെ സൌരോര്‍ജ്ജത്തില്‍ നിന്നും കാറ്റില്‍ നിന്നും നമുക്ക് വലിയ അളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. ഭുമിയിലെ എല്ലാ രാജ്യങ്ങള്‍ക്കും ധാരാളം സൌരോര്‍ജ്ജം ലഭിക്കില്ല. അതുകൊണ്ട് തന്നെ സൌരോര്‍ജ്ജം ഭുമിയിലെ മുഴുവന്‍ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമല്ല. എങ്കിലും ആണവ നിലയങ്ങളുടെ എണ്ണം കുറക്കാന്‍ തീര്‍ച്ചയായും കഴിയും. ഇന്ത്യയുടെ കാര്യം മാത്രം എടുക്കുകയാണെങ്കില്‍, നാം ഊര്‍ജ്ജ രംഗത്ത് വന്‍ മുതല്‍ മുടക്ക് തന്നെ നടത്തേണ്ടതുണ്ട്. ഇപ്പോള്‍ നാം കൂടുതലായി ആശ്രയിക്കുന്നത് കല്‍ക്കരിയെയും പ്രകൃതിവാതകത്തെയും ആണ്. 65 ശതമാനം ആണ് ഇങ്ങനെ ഉല്പദിപ്പിക്കുന്നതു. ഒന്ന് ഓര്‍ത്ത് നോക്കൂ, നമ്മുടെ കെട്ടിടങ്ങളുടെ എല്ലാം മേല്‍ല്‍ക്കൂര സോളാര്‍ പാനലുകള്‍ കൊണ്ട് ആയിരുന്നെങ്കില്‍, നമ്മുടെ കടല്‍തീരങ്ങള്‍ എല്ലാം കാറ്റാടികള്‍ കൊണ്ട് അലങ്കൃതമായിരുന്നെങ്കില്‍... ഇതൊക്കെ നടപ്പാകണം എങ്കില്‍ നമുക്ക് ഇപ്പോള്‍ വന്‍തോതില്‍ വൈദ്യുതി ആവശ്യം ആണ് (സോളാര്‍ പാനല്‍ ഉണ്ടാക്കാനും വൈദ്യുതി വേണമല്ലോ). 2020-ഓടെ ഇന്ത്യ 20 ഗിഗാവാട്ട് വൈദ്യുതി സൌരോര്‍ജ്ജതില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

സത്യത്തില്‍ ഇവിടെ മറ്റു രാജ്യങ്ങളില്‍ നടപ്പാക്കിയ പോലെയുള്ള സ്വകാര്യവത്ക്കരണം, കൂടുതല്‍ ശരിയായി പറഞ്ഞാല്‍ ജനകീയവത്ക്കരണം ആണ് വേണ്ടത്. അതായതു സ്വകാര്യ വ്യക്തികള്‍ സാധാരണക്കാരന്‍ മുതല്‍ വലിയ നിക്ഷേപകര്‍ വരെ സൌരോര്‍ജ്ജത്തില്‍ നിന്നും ഉണ്ടാക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് വിടുന്നു. സര്‍ക്കാര്‍ അല്ലെങ്കില്‍ വൈദ്യുത കമ്പനി ജനങ്ങള്‍ ഉണ്ടാക്കുന്ന വൈദ്യുതി അവരില്‍ നിന്നും വങ്ങുന്നു. ഇതിനു ഫീഡ് ഇന്‍ താരിഫ് (Feed in Tarief) എന്നാണ് പറയുന്നത്. അങ്ങനെ ജനങ്ങള്‍ക്ക് പണം ലഭിക്കുന്നതു കുടാതെ കുറഞ്ഞ സര്‍ക്കാര്‍ മുലധനത്തോടെ തന്നെ സൌരോര്‍ജ്ജ സ്രോതസ്സുകള്‍ വന്‍ തോതില്‍ ഉണ്ടാക്കപ്പെടുന്നു. സൌരോര്‍ജ്ജം മാത്രമല്ല മറ്റെല്ലാ ഊര്‍ജ്ജ മേഖലകളിലും ഇത് നടപ്പാക്കാം. ഈ പദ്ധതി സബ്‌സിഡിയോട്കൂടി കാര്യക്ഷമമായി നടപ്പാക്കിയാണ് ജര്‍മനി 32 ഗിഗാവാട്ട് വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്നും ഉണ്ടാക്കുന്നത്. നാം കൂടംകുളം ആണവ പദ്ധതിക്ക് ചിലവാക്കിയ പണം മുകളില്‍ പറഞ്ഞതുപോലെയുള്ള സൌരോര്‍ജ്ജ പദ്ധതിക്ക് സബ്‌സിഡി ആയി ചിലവക്കിയിരുന്നെങ്കില്‍ 2 ഗിഗാവാട്ട് കൂടുതല്‍ വൈദ്യുതി ജനങ്ങള്‍ തന്നെ ഉണ്ടാക്കുമായിരുന്നു . ചുരുക്കത്തില്‍, കല്‍ക്കരിയില്‍ നിന്നും പെട്രോളിയത്തില്‍ നിന്നും ഇന്ന് നാം ഉണ്ടാക്കുന്ന വൈദ്യുതി ഭാവിയിലെ പ്രതിസന്ധി മുന്നില്‍ കണ്ടുകൊണ്ട് പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു

                                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar