Pages

Saturday, July 20, 2013

പട്ടാപ്പകല്‍ 37 ലക്ഷം പിടിച്ചു പറിച്ചു;

പട്ടാപ്പകല്‍ 37 ലക്ഷം പിടിച്ചു പറിച്ചു; മണിക്കൂറുകള്‍ക്കകം മോഷ്ടാക്കള്‍ പിടിയില്‍
പിടിയിലായത് ബംഗാള്‍, ജാര്‍ഖണ്ഡ് സ്വദേശികള്‍

തിരുവനന്തപുരംമത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ള വായ്പാതുക ബാങ്കില്‍ നിന്ന് എടുത്തുമടങ്ങിയ സഹകരണ സംഘം പ്രസിഡന്‍റില്‍ നിന്ന് 36,45,000 രൂപ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു. എം.ജി. റോഡില്‍ ആയുര്‍വേദ കോളേജിന് മുന്നില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വൈകീട്ടോടെ സംഘത്തിലെ നാലുപേര്‍ പിടിയിലായി. ഇവരില്‍നിന്ന് പണവും കണ്ടെത്തി. ഇവര്‍ ബംഗാള്‍, ജാര്‍ഖണ്ഡ് സ്വദേശികളാണ്. സംഘത്തിലെ രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ട്.

കരുംകുളം മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ പണവുമായി റോഡ് മുറിച്ചു കടക്കുമ്പോഴാണ് പ്രസിഡന്‍റ് യേശുരാജനില്‍ നിന്ന് ബൈക്കിലെത്തിയവര്‍ പണം തട്ടിപ്പറിച്ച് കടന്നത്. കൊച്ചുതുറയിലെ കരുംകുളം മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന് മത്സ്യഫെഡ് അനുവദിച്ച പലിശരഹിത വായ്പ ത്തുകയായിരുന്നു കൈയില്‍. പ്രസിഡന്‍റിന്റെ സുഹൃത്തായ വിജയകുമാറും ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച കരുംകുളം ബാങ്കില്‍ 350 മത്സ്യത്തൊഴിലാളി സത്രീകള്‍ക്കുള്ള ലോണ്‍ വിതരണത്തിനുള്ള പണമെടുക്കാനാണ് ഇവര്‍ ബാങ്കിലെത്തിയത്. പുളിമൂട്ടില്‍ നിന്ന് ബൈക്കില്‍ വന്ന സംഘം പണം പിടിച്ചു പറിച്ച് ഓവര്‍ബ്രിഡ്ജ് ഭാഗത്തേക്ക് പോയി. ഉത്തര്‍ പ്രദേശ് രജിസ്‌ട്രേഷനുള്ള ബൈക്കാണ് മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കണ്‍ട്രോള്‍ റൂമിലെ ക്യാമറാ ദൃശ്യങ്ങളിലൂടെ കണ്ടെത്തി. ആയുര്‍വേദ കോളേജ് ജങ്ഷനിലെ ക്യാമറയില്‍ നിന്നാണ് ഇവരുടെ വിവരങ്ങള്‍ ലഭിച്ചത്. മോഷണ സംഘത്തില്‍ ആറു പേരുണ്ടായിരുന്നത് തിരിച്ചറിഞ്ഞത് ഈ ദൃശ്യങ്ങളിലൂടെയായിരുന്നു. ഓട്ടോയിലും ബൈക്കിലും കാറിലുമായാണ് മോഷ്ടാക്കള്‍ സഞ്ചരിച്ചത്. ഇവരുടെ മുഖവും വാഹനത്തിന്റെ നമ്പറും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നില്ല. എന്നാല്‍ മോഷ്ടാക്കളുടെ വസ്ത്രത്തിന്റെ നിറം കണ്ട് യേശുരാജനാണ് ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞത്.ഓട്ടോയിലുണ്ടായിരുന്ന സംഘത്തെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒരാള്‍ റെയിവേസ്റ്റേഷനില്‍ നിന്നാണ് പിടിയിലായത്. ബൈക്കിലുണ്ടായിരുന്നവരെ വൈകീട്ട് നാലുമണിയോടെ കോവളത്ത് സ്വകാര്യ ഹോട്ടലിന് സമീപത്തെ പാര്‍ക്കിങ് സ്ഥലത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്.

മോഷണം നടന്ന ഉടന്‍ പത്ത് സംഘങ്ങളായി തിരിഞ്ഞ് പോലീസ് വിവിധ ഭാഗങ്ങളില്‍ പരിശോധന തുടങ്ങിയിരുന്നു. ഇനി പിടികൂടാനുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ തലസ്ഥാനം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.  യേശുരാജന്‍ പണം കൊണ്ടു വരുന്ന വിവരം മോഷ്ടാക്കള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നത് വ്യക്തമായിട്ടില്ല. സംഭവവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. 

                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar