Pages

Sunday, July 21, 2013

കേരളത്തിൽ തേനുത്പാദനത്തില്‍ വന്‍ കുറവ്

കേരളത്തിൽ 
തേനുത്പാദനത്തില്‍ വന്‍ കുറവ്
കേരളത്തിൽ തേനീച്ച കൃഷിയില്‍ ഗണ്യമായ കുറവ്. രോഗബാധ, മൊബൈല്‍ഫോണ്‍ ടവറുകളുടെ പെരുകല്‍, വനസമ്പത്ത് കുറയല്‍, കീടനാശിനി ഉപയോഗം തുടങ്ങിയവയാണ് തേനീച്ച കൃഷിയില്‍ ഗണ്യമായ കുറവ് വരാന്‍ കാരണമായതെന്ന് കേരള ഖാദി ബോര്‍ഡ് ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് അധികൃതര്‍ വ്യക്തമാക്കി. തായ്‌സാക്ക് ബ്രൂഡ് എന്ന ബാക്ടീരിയ രോഗമാണ് നിലവില്‍ തേനീച്ച കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. വളരെക്കാലമായി തേനീച്ച കൃഷിയെ പ്രതിസന്ധിയിലാഴ്ത്തുന്ന രോഗമാണിതെങ്കിലും ഇത് വരെയായും ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതാണ് കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തുന്നത്. പൂനെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഈ രോഗം കണ്ടെത്തി ഇതിന്റെ പ്രതിരോധ മരുന്നിനായി അമേരിക്കയിലെ ഒരു കമ്പനിക്ക് സാമ്പിള്‍ അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. രോഗത്തെ പ്രതിരോധിക്കുന്നതിനായി മരുന്ന് കണ്ട് പിടിക്കുന്നത് വരെ കര്‍ഷകര്‍ ഏറെ നഷ്ടം അനുഭവിക്കേണ്ട അവസ്ഥയിലാണെന്ന് തിരുവനന്തപുരത്തെ തേനീച്ച കൃഷി വിദഗ്ധന്‍ ഡെല്‍സന്‍ പറഞ്ഞു. ഒരു കിലോ തേനിന് 115 രൂപയാണ് സര്‍ക്കാര്‍ വില. സ്വകാര്യമേഖലയില്‍ നിന്നും ഇതിലും കൂടുതല്‍ തുക ലഭിക്കും. സംസ്ഥാനത്ത് നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ തേനീച്ച കൃഷിയുള്ളത്. നാല് വര്‍ഷം മുമ്പ് ഇവിടെ ഏകദേശം ഒരു ലക്ഷത്തിലധികം തേനീച്ച പെട്ടികള്‍ കിട്ടിയിരുന്ന സ്ഥാനത്ത് ഇന്ന് എണ്‍പതിനായിരം പെട്ടിയായി ചുരുങ്ങിയിരിക്കുകയാണ്. ഒരു പെട്ടിയില്‍ നിന്നും 20 കിലോ തേന്‍ വരെ കിട്ടുന്ന സ്ഥാനത്ത് ഇന്ന് ലഭിക്കുന്നത് പതിനഞ്ച് കിലോയില്‍ താഴെയാണ്. ചെറിയതോതില്‍ പരിചരണവും ശ്രദ്ധയും കൊടുത്താല്‍ നല്ല വരുമാനം ലഭിക്കുന്നതാണ് തേനീച്ച കൃഷിയെങ്കിലും ഇതിന് വേണ്ട അനുകൂലമായ സാഹചര്യം ഉണ്ടാക്കുവാനുള്ള നടപടി അധികൃതരില്‍ നിന്നുണ്ടാകണമെന്നതാണ് കര്‍ഷകരുടെ ആവശ്യമെന്ന് മലപ്പുറത്തെ കൃഷിവിദഗ്ധന്‍  അജയന്‍ പറഞ്ഞു. 

തേനീച്ചകളുടെ നാശത്തിന് മൊബൈല്‍ ടവറുകളില്‍ നിന്നുള്ള തരംഗങ്ങളും കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു. ടവറില്‍ നിന്നുമുള്ള ഇലക്‌ട്രോ മാഗ്‌നറ്റിക് തരംഗങ്ങള്‍ തേനീച്ചകളുടെ കൂട്ടനാശത്തിന് വഴിയൊരുക്കുന്നതായി പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.  തേന്‍ ശേഖരണത്തിനായി കിലോമീറ്ററുകള്‍ താണ്ടുന്ന തേനീച്ചകള്‍ക്ക് മൊബൈല്‍ഫോണ്‍ സിഗ്‌നലുകളില്‍പ്പെട്ട് വഴിതെറ്റുകയും കൂട്ടില്‍ തിരിച്ചെത്താന്‍ കഴിയാതെ കറങ്ങിനടന്ന് പിന്നീട് ചത്തുപോകുന്നതായുമാണ് നിഗമനം. സംസ്ഥാനത്ത് നിലവില്‍ ഓരോ സ്ഥലങ്ങളിലും ആയിരം പെട്ടികള്‍ സ്ഥാപിക്കാന്‍ കഴിയുന്നിടത്ത് അഞ്ഞൂറും നാനൂറുമായി കുറഞ്ഞിരിക്കുകയാണ്. തേനിന്റെ ഉത്പാദനം കുറഞ്ഞതോടെ തേനീച്ച കര്‍ഷകരും ശുദ്ധമായ തേന്‍ വാങ്ങിക്കുന്ന നിരവധി ഔഷധ നിര്‍മ്മാണ സ്ഥാപനങ്ങളും ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വാഭാവിക തേനുത്പാദനം കുറഞ്ഞതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജതേന്‍ വില്‍പ്പന സംഘങ്ങളും സംസ്ഥാത്ത് പല ജില്ലകളിലും തമ്പടിക്കുവാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ നിന്നുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഔഷധ നിര്‍മ്മാണ സ്ഥാപനങ്ങള്‍ പത്തായിരം കിലോഗ്രാം തേന്‍ വരെ വാങ്ങിയിരുന്നു. എന്നാല്‍ നിലവില്‍ രോഗബാധയെ തുടര്‍ന്നും മാറ്റും ഉല്‍പാദനം കുറഞ്ഞതോടെ വലിയ വില്‍പ്പനയ്‌ക്കൊന്നും തേന്‍ തികയാതെ വരികയാണ്. ഔഷധങ്ങളില്‍ തേന്‍ മുഖ്യ ചേരുവയായതിനാല്‍ നല്ല തേന്‍ കിട്ടാത്തത് കാരണം ഔഷധങ്ങളുടെ ഗുണനിലവാരത്തെയാണ് ഇത് ഏറെ ബാധിക്കുന്നത്.  

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: