Pages

Thursday, July 18, 2013

കൊട്ടാരക്കരയിൽ കലികാല ഔഷധമായി ജ്ഞാനപ്പാന ആലാപനം

                            കൊട്ടാരക്കരയിൽ 
      കലികാല ഔഷധമായി ജ്ഞാനപ്പാന ആലാപനം



കലികാല വിഷമങ്ങള്‍ തരണംചെയ്യാന്‍ 'ജ്ഞാനപ്പാന ഔഷധ' മാണെന്ന് തെളിയുന്നതായിരുന്നു കൊട്ടാരക്കര മഹാഗണപതി ക്ഷേത്രസന്നിധിയില്‍ നടന്ന ജ്ഞാനപ്പാനയുടെ സമൂഹ ആലാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രണ്ടായിരത്തിലധികം ആര്‍ട്ട് ഓഫ് ലിവിങ് അനുയായികള്‍ ഒരേ സ്വരത്തിലും താളത്തിലും ജ്ഞാനപ്പാന ചൊല്ലിയപ്പോള്‍ കേരളത്തിന്റെ വേദമെന്ന വിളിപ്പേര് അന്വര്‍ഥമായി.

രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ദീര്‍ഘദൃഷ്ടിയില്‍ കണ്ട കവി കൃഷ്ണഭക്തിയില്‍ ചാലിച്ച ജ്ഞാനപ്പാന നാടൊട്ടുക്കും പ്രചരിപ്പിക്കാന്‍ ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ തന്നെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആഗസ്ത് പതിനഞ്ചിന് ബാംഗ്ലൂര്‍ ആശ്രമത്തില്‍ പതിനായിരം മലയാളികള്‍ ഒന്നായി ജ്ഞാനപ്പാന ആലപിക്കും. 
ഗുരുജിയുടെ പ്രമുഖ ശിഷ്യരായ സ്വാമി സദ്യോജാതയും സ്വാമി ജ്യോതിര്‍മയയും നടത്തുന്ന വേവ്‌സ് ഓഫ് ഹാപ്പിനസ് സന്ദേശജാഥയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ ജില്ലാതല സ്വീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ജ്ഞാനപ്പാന ആലാപനം. ഗണപതിക്ഷേത്രം ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന സദസ്സ് ഒന്നായി ജ്ഞാനപ്പാന ആലപിച്ചു. തോമസ് കുരുവിള, പുഷ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

സ്വാമിമാരെ മണികണ്ഠന്‍ ആല്‍ത്തറയില്‍ പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് നടന്ന മഹാസത്സംഗിന്റെ ഉദ്ഘാടനം സ്വാമിമാര്‍ നിര്‍വഹിച്ചു. ജീവിതശൈലീ രോഗങ്ങള്‍ അകറ്റുന്നതിനുള്ള ലിവിങ് വെല്‍ കോഴ്‌സിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടത്തി. ആര്‍ട്ട് ഓഫ് ലിവിങ് കേരള ഉപരിസമിതി ചെയര്‍മാന്‍ വി.ആര്‍. ബാബുരാജ്, സംസ്ഥാന ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ബി. സുധീര്‍കുമാര്‍, ദക്ഷിണമേഖലാ സെക്രട്ടറി എസ്. തിലകന്‍, ജില്ലാ ടീച്ചേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. വിജയന്‍, ജില്ലാ സെക്രട്ടറി ജി.പദ്മാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

                                                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: