പശ്ചിമഘട്ടം
സംരക്ഷിക്കണമെന്ന്
ഹരിത ട്രൈബ്യൂണല്‍
പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. മാധവ ഗാഡ്ഗില്‍ കമ്മിറ്റിയാണ് കേരളത്തിന്റേതുള്‍പ്പെടെയുള്ള പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കണമെന്നും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നുമുള്ള റിപ്പോര്‍ട്ട് നല്‍കിയത്. 2009ല്‍ ആണ് കേന്ദ്ര വനംപരിസ്തിതി മന്ത്രാലയം, വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ ഗാഡ്ഗില്‍ അധ്യക്ഷനായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി കിടക്കുന്ന പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രാധാന്യമനുസരിച്ച് മൂന്നായി തരംതിരിക്കാനായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. ഒന്നാം മേഖലയില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന കമ്മറ്റിയുടെ ശുപാര്‍ശ പല കേന്ദ്രങ്ങളിലും പ്രതിഷേധം ഉയര്‍ത്തി. ചില സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ നടത്തി. ഗാഡ്ഗില്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കസ്തൂരിരംഗന്‍ കമ്മറ്റിയെ സര്‍ക്കാര്‍ നിയമിച്ചു. കസ്തൂരിരംഗന്‍ കമ്മറ്റി, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് പൂര്‍ണമായി യോജിച്ചില്ല. കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നു. മാധവ ഗാഡ്ഗില്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് തള്ളണമെന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ വാദിച്ചത്. എന്നാല്‍ മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ഗോവ ഫൗണ്ടേഷനും, പീസ്ഫുള്‍ സൊസൈറ്റിയും ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജികള്‍ വാദം കേട്ടശേഷമാണ് ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വികസനത്തിന്റേയും വിനോദ സഞ്ചാരത്തിന്റേയും പേരില്‍ ഉത്തരഖണ്ഡില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവിടെ ഭീമമായ ദുരന്തം ഉണ്ടാക്കിയതെന്നും ഹിമാലയന്‍ പര്‍വ്വതനിരകള്‍ക്കു പോലും നിലനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും പരിസ്ഥിതിവാദികള്‍ പറഞ്ഞു. സഹ്യപര്‍വതനിരകള്‍ തകര്‍ത്താല്‍ ഉത്താരഖണ്ഡില്‍ നടന്നതിനെക്കാള്‍ വലിയ ദുരന്തം കേരളത്തിനുണ്ടാകുമെന്നാണ് അവരുടെ അഭിപ്രായം.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment