Pages

Monday, July 8, 2013

വിവാഹആർഭാടംഅതിരുവിടുന്നു - ബിനോയ്‌ വിശ്വത്തിന്റെ കുടുംബമാതൃക

വിവാഹആർഭാടംഅതിരുവിടുന്നു 
ബിനോയ്വിശ്വത്തിന്റെ കുടുംബമാതൃക

മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും വ്യവ സായ പ്രമാണിമാരും മക്കളുടെ വിവാഹ ആഘോഷത്തിന്‌ കോടികള്‍ പൊടിപൊടിക്കുമ്പോഴാണ്‌ മുന്‍മന്ത്രിയും സി. പി. ഐ നേതാവുമായ ബിനോയ്‌ വിശ്വവും കുടുംബവും സ്വന്തം വിവാഹജീവിതം കൊണ്ട്‌ സമൂഹത്തിന്‌ മാതൃകയാവുന്നത്‌. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹധൂര്‍ത്തിനെതിരെയുളള കനത്ത പ്രഹരം തന്നെയാണ്‌ ബിനോയ്‌ വിശ്വത്തിന്റെയും അദ്ദേഹത്തിന്റെ പെണ്‍മക്കളുടെയും ലളിതമായ വിവാഹ ചടങ്ങുകള്‍. ബിനോയ്‌ വിശ്വത്തിന്റെയും ഭാര്യ ഷൈല ജി ജോര്‍ജ്‌ജിന്റെയും മിശ്രവിവാഹമായിരുന്നു. കമ്മ്യൂണിസ്‌ററ്‌ പാരമ്പര്യത്തില്‍ പിറന്ന ഇരുവര്‍ക്കും അത്തരമൊരു വിവാഹത്തോടായിരുന്നു താല്‌പര്യം. 1981 ഒക്‌ടോബറില്‍ എറണാകുളത്തു വച്ചു നടത്തിയ ബിനോയ്‌ വിശ്വത്തിന്റെ വിവാഹ ചടങ്ങുകളില്‍ ധാരാളമാളുകള്‍ തടിച്ചുകൂടിയെങ്കിലും അവരെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. വളരെ ലളിതവും സുന്ദരവുമായിരുന്നു ബിനോയ്‌ വിശ്വത്തിന്റെ വിവാഹ ചടങ്ങുകള്‍. സ്‌നേഹം പങ്കിട്ട ചെറിയ സല്‍ക്കാരമായിരുന്നു ബിനോയ്‌ വിശ്വം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക്‌ ഒരുക്കിയത്‌. രണ്ട്‌ മനസ്സുകളുടെ ആത്മബന്ധമാണ്‌ വിവാഹം. അതിനു ജാതിയും മതവും വിശ്വാസവുമൊന്നുമില്ല. പരസ്‌പരം ഒന്നിച്ച്‌ ജീവിക്കാന്‍ പ്രതിജ്‌ഞയെടുക്കുന്ന വിവാഹത്തിന്‌ എന്തിനാണ്‌ ആഡംബരവും ആഘോഷവുമെന്നാണ്‌ ഇവര്‍ ചോദിക്കുന്നത്‌. ദാമ്പത്യജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കണം. ഈ മതമാണ്‌ മിശ്രവിവാഹിതര്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌.
ബിനോയ്‌വിശ്വം വനംമന്ത്രിയായിരിക്കെ 2010 ഓഗസ്‌ററ്‌ അഞ്ചിനായിരുന്നു മൂത്തമകള്‍ രശ്‌മി ബിനോയിയുടെ വിവാഹം. സമൂഹത്തിന്‌ മാതൃകയായി മാറിയ മാതാപിതാക്കളെ പിന്‍തുടര്‍ന്ന രശ്‌മിയുടേതും മിശ്രവിവാഹം തന്നെയായിരുന്നു. ദ ഹിന്ദു ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകയായ രശ്‌മി വിവാഹം കഴിച്ചതാകട്ടെ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകനായ ഷംസുദ്ദീനെയായിരുന്നു. തിരുവനന്തപുരം രജിസ്‌ട്രാര്‍ ഓഫീസില്‍വച്ച്‌ സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട് പ്രകാരമായിരുന്നു രശ്‌മിയുടേയും ഷംസുദ്ദീന്റെയും വിവാഹം. തുടര്‍ന്ന്‌ നടത്തിയ സല്‍ക്കാരമാവട്ടെ വളരെ ലളിതവും. അടുത്ത ബന്ധുക്കളും വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുമാണ്‌ ചടങ്ങില്‍ പങ്കാളികളായത്‌. 

ലക്ഷങ്ങള്‍ സ്‌ത്രീധനം വാങ്ങി വിവാഹമാമാങ്കം നടത്തുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ രശ്‌മിയുടെയും ഷംസുദ്ദീന്റെയും ലളിതമായ വിഹാഹം ഏറെ ശ്രദ്ധ പിടിച്ചുപററിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഇളയ മകള്‍ സൂര്യ ബിനോയിയുടെ വിവാഹം ചേച്ചിയുടേതുപോലെ തന്നെ ലളിതസുന്ദരമായിരുന്നു. ആഡംബരങ്ങളും ആഘോഷങ്ങളുമില്ലാതെ സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട് പ്രകാരം കോഴിക്കോട്‌ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ നടന്ന സൂര്യ ബിനോയിയുടെയും ജയമോഹന്റേയും വിവാഹത്തില്‍ പങ്കെടുത്തതാവട്ടെ വിരലിലെണ്ണാവുന്നവര്‍ മാത്രം.
താലി ചാര്‍ത്തലോ മററു വിവാഹ ചടങ്ങുകളോ ഒന്നുമില്ലായിരുന്നു. പരസ്‌പരം ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ തയ്യാറാണെന്ന്‌ ജയമോഹനനും സൂര്യ ബിനോയിയും മനസ്സ്‌ നിറഞ്ഞ്‌ വാക്കുപറഞ്ഞതു മാത്രമായിരുന്നു അവരുടെ വിവാഹ ചടങ്ങ്‌. സത്യത്തില്‍ വിവാഹത്തിന്‌ അതു മാത്രം മതി. ഭാര്യഭര്‍ത്താക്കന്മാരുടെ പരസ്‌പര വിശ്വാസവും സ്‌നേഹവുമാണല്ലോ ദാമ്പത്യത്തിന്റെ ആണിക്കല്ല്‌. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിവാഹങ്ങള്‍ ലളിതമാക്കി നടത്താന്‍ ആരും തയ്യാറാവുന്നില്ല. ഒക്കെ അനുസരിക്കും, പക്ഷേ സ്വന്തം കാര്യം വരുമ്പോള്‍ കാലുമാറും. അത്‌ വിവാഹ കാര്യത്തിലും മലയാളി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
എന്തുകൊണ്ടാണ്‌ മക്കളുടെ വിവാഹങ്ങള്‍ ഇങ്ങനെ നടത്തുന്നതെന്നു ചോദിച്ചാല്‍ ബിനോയ്‌ വിശ്വം പറയുന്നു. "എന്റെയും മക്കളുടെയും വിവാഹം ലളിതമായി നടത്തിയതിന്‌ യാതൊരു പ്രത്യേകതയുമില്ല. കല്ല്യാണത്തിന്‌ വാരിക്കോരി എറിയുന്ന പണം അര്‍ഹിക്കുന്ന പാവപ്പെട്ടവര്‍ക്ക്‌ നല്‍കാനാണ്‌ എന്റെ തീരുമാനം. എന്റെ മക്കളുടെ വിവാഹത്തെ പുകഴ്‌ത്തി പറയുകയല്ല. മറിച്ച്‌ ഇത്തരം വിവാഹരീതികള്‍ സമൂഹത്തിന്‌ മാതൃകയാവണം എന്നേയുളളൂ. വിവാഹത്തില്‍ ഞങ്ങള്‍ എടുത്ത തീരുമാനം രണ്ടു മരുമക്കളുടേയും വീട്ടുകാര്‍ പൂര്‍ണ്ണസമ്മതം നല്‍കിയതും വലിയ കാര്യമാണ്‌. ബന്ധുക്കളും മാതാപിതാക്കളും സത്യസന്ധമായി വിവാഹ കാര്യങ്ങളില്‍ തീരുമാനമെടുത്താല്‍ ആര്‍ക്കും ലളിതമായിത്തന്നെ വിവാഹം നടത്താവുന്നതാണ്‌."


കാല്‍ക്കാശിനു ഗതിയില്ലാത്തവര്‍ പോലും പൊങ്ങച്ചം കാണിക്കാനും അയല്‍ക്കാരോടുളള വാശിയുമായി പലിശയ്‌ക്കു പണമെടുത്തും തമിഴനോട്‌ കൊളളപലിശയ്‌ക്ക് പണമെടുത്തുമാണ്‌ നാട്ടിന്‍പുറങ്ങളില്‍പോലും ഇപ്പോള്‍ വിവാഹം അടിപൊളിയാക്കുന്നത്‌. കമ്മ്യൂണിസ്‌ററ്‌ പാരമ്പര്യത്തില്‍ ഊററം കൊളളുന്നവരും മുന്‍ നക്‌സലൈററ്‌ നേതാക്കളും മക്കളുടെ വിവാഹത്തിന്‌ ലക്ഷങ്ങള്‍ വാരിയെറിയുമ്പോള്‍ ബിനോയ്‌ വിശ്വത്തിന്റെയും മക്കളുടെയും ലളിതമായ വിവാഹം മാതൃകയാക്കാവുന്നതാണ്‌ .

                                                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: