കൊള്ളാം, കൊള്ളാം മഴ പെയ്യട്ടെ
കല്പറ്റ നാരായണന്‍
മലയാളിയുടെ ഉണ്മയും അനന്യതയും മഴ എന്ന പദത്തിലുണ്ട്. അഭിമാനവും അഹങ്കാരവും മഴ എന്ന അനുഭവത്തിലുള്ളതുപോലെ.
കുടകള്‍ ഏറ്റവും കൂടുതല്‍ വില്പനയാവുന്ന പ്രദേശം മാത്രമല്ല, വീടുകള്‍കൊണ്ട് ഉടനീളം കുടപിടിച്ച നാടുമാണ് കേരളം. വീട്ടുത്കണ്ഠ കേരളീയരിലുള്ളതുപോലെ മറ്റാരിലുണ്ട്? കേരളീയന്‍ ഇത്രമേല്‍ ഗൃഹസ്ഥനാവാനുള്ള ഒരു കാരണം മഴയാണ്; ഒന്നല്ല രണ്ടാണ് നമുക്ക് മഴക്കാലങ്ങള്‍. പണ്ടാണെങ്കില്‍ മഴയായി പുരകെട്ടണ്ടേ എന്നായിരുന്നു നമുക്കുത്കണ്ഠ. ഇന്ന് നമ്മുടെ പ്രധാന പണി എല്ലാകാലത്തും വീടുപണി തന്നെ (വിവാഹപ്പിറ്റേന്ന് രാവിലെ, നമുക്ക് കല്ലിറക്കണ്ടേ എന്ന് ചോദിച്ചുവത്രേ ഒരു നവവധു). അത് എല്ലാ പണിയെയും വീടുപണിയാക്കുന്നു. വീടാനുള്ളത് ആയി വീടിന്റെ നിരുക്തം സമീപകാലത്ത് (പദങ്ങളുടെ നിരുക്തം പില്ക്കാലത്തും സംഭവിക്കാം എന്നായിരിക്കാം). അണിഞ്ഞൊരുങ്ങിനില്ക്കുന്ന ഓരോ വീടും കടത്തിന്റെകൂടി കഥപറയുന്നു!
''ഒരു മുവ്വാണ്ടായ് വരും, മിഥുനത്തില്‍ പാതിരാവിനു ശേഷം/ഇടിയും കൊടുങ്കാറ്റും മാരിയുമുലകത്തെ/ക്കിടിലം കൊള്ളിച്ചുഗ്രം/വേരോടെയുലയ്ക്കുമ്പോള്‍/ഉണര്‍ന്നുകിടന്നു ഞാന്‍, വലം കൈപ്പടമൊരു/കുനുന്തു ചിറകുപോലെന്‍ മാറിലണച്ചു നീ/ശാസിച്ചു ശാന്തം ഗാഢനിദ്രയില്‍; പുറത്തട്ട/ഹസിച്ചു ഭൂതങ്ങള്‍ തന്നുന്മാദം തകര്‍ക്കവേ'' തന്നെ വിശ്വസിച്ച് സ്‌നേഹ വിശ്വാസ നറുംചൂട് പകര്‍ന്ന് പ്രകൃതിക്ഷോഭത്തിന്റെ പകയേശാതെ അവള്‍ സ്വസ്ഥമായുറങ്ങുന്നത് നോക്കിക്കിടന്ന മുഹൂര്‍ത്തം പ്രണയത്തോടൊപ്പം അതിനെ തീവ്രമാക്കിയ വര്‍ഷകാലവും നല്‍കിയതല്ലേ? ഗൃഹസ്ഥനായ മലയാളിയുടെ നല്ലനാളുകള്‍ (തീര്‍ച്ചയായും ചീത്തനാളുകളും) വര്‍ഷകാലം നല്കിയതല്ലേ? സുഗതകുമാരിയുടെ രാത്രിമഴയിലെപ്പോലെ വര്‍ഷകാലരാത്രികള്‍ക്ക് സാന്ത്വനിപ്പിക്കാനറിയാം, ഓമനിക്കാനറിയാം, രോഗത്തെ മൂര്‍ച്ഛിപ്പിക്കാനറിയാം, വേദനിപ്പിക്കാനറിയാം, അറിയാനുമറിയാം.
മഴക്കാലം എല്ലാറ്റിനെയും തീവ്രമാക്കുന്നു. വേദനയ്ക്ക് കൂടുതല്‍ വേദന. അസ്വസ്ഥതയ്ക്ക് കൂടുതല്‍ അസ്വസ്ഥത. ആനന്ദത്തിന് കൂടുതല്‍ ആനന്ദം. വിശപ്പിന് കൂടുതല്‍ വിശപ്പ്. സ്വാദിന് കൂടുതല്‍ സ്വാദ്. മഴക്കാലത്ത് കഴിച്ച പുഴുക്കിന്റെയും കഞ്ഞിയുടെയും സ്വാദ് മറ്റൊരു കാലം തരുമോ? പുതച്ചുമൂടിയ കിടപ്പിനുള്ള സുഖം മറ്റൊരു കാലത്തിനറിയുമോ? മഴയെ മുന്‍നിര്‍ത്തി മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കവിതകളിലൊന്നില്‍ കാലവര്‍ഷത്തെ ഭൂസ്വര്‍ഗങ്ങളുടെ രതിയായിക്കാണുന്നു എന്‍.വി. കൃഷ്ണവാരിയര്‍. കാമത്താല്‍ക്കണ്ണില്ലാത്ത/കള്ളനിക്കരിങ്കൂറ്റന്‍/കാണുകിപ്പയ്യിന്‍ മെയ്യില്‍/ക്കമിഴ്ന്നു വീഴുന്നല്ലോ! ഭൂമിയിക്കനം പൊറു/ത്തീടുമോ സംഹാരത്തിന്‍/ഭീമമാം ക്രൗര്യാവേഗം/വേണമോ സ്വര്‍ഗത്തിനും (പുതുമഴ).
സുഖവും സുഖത്തേക്കാള്‍ ദുഃഖവുമായിരുന്നു മഴ. ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍, വെള്ളപ്പൊക്കത്താലുള്ള വീടുമാറലുകള്‍, നിലയ്ക്കാത്ത ചോര്‍ച്ച, മരണം. വീഴാറായതിനെയൊക്കെ മഴ വീഴ്ത്തി. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് കേരളീയന്റെ വിളകളും ഉത്സവങ്ങളുമെങ്കില്‍ മഴയില്‍ പ്രവര്‍ത്തിച്ചവയാണ് ദുരിതങ്ങള്‍. മഴയില്‍ പ്രവര്‍ത്തിക്കുന്നവയാണ് പുഴകള്‍/ചോര്‍ന്നൊലിക്കുന്ന പുരകള്‍/മാറാവ്രണങ്ങള്‍/വീഴാറായ മരങ്ങള്‍/പ്രണയങ്ങള്‍/വേദനകള്‍/ഏകാകിതകള്‍/കുടകള്‍ കണ്ണീര്‍ പൊഴിക്കുന്ന/ശവഘോഷയാത്രകള്‍ ...
ഏറ്റവും കൂടുതല്‍ മലയാളികള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്ന വാക്കായിട്ടും സ്വപ്നംകാണുകയും ശപിക്കുകയും ചെയ്യുന്ന വാക്കായിട്ടും പുതുമ വിട്ടിട്ടില്ല 'മഴ' എന്ന വാക്കിന്. എത്ര പെയ്തിട്ടും പുതുതായിപ്പെയ്യുന്നു ഓരോ വര്‍ഷവും മഴ. മഴക്കാലം/വരുമ്പോള്‍ മധുരം./തോരാനിട്ടതെടുക്കുന്ന യൗവനങ്ങള്‍/തുള്ളിക്കൊരു കുടം തരിച്ചുനില്‍ക്കും.
'നല്ല' എന്ന പദത്തിന് 'ഗുഡ്' എന്നതിനേക്കാള്‍ 'ഗാഢം' (ഡീപ്പ്) എന്നര്‍ഥമാണ് കൂടുതലിണങ്ങുക എന്നെനിക്ക് പറഞ്ഞുതന്നത് 'മഴ'യാണ്. നല്ല മഴ, നല്ല പാമ്പാണ് കടിച്ചത്, നല്ല പനിയാണെന്ന് തോന്നുന്നു. കുഞ്ഞുണ്ണിയെപ്പോലെ നമുക്കും മഴയ്‌ക്കൊപ്പം കൂടാം:
കൊള്ളാമിമ്മഴ/കൊള്ളരുതിമ്മഴ
കൊള്ളാം, കൊള്ളാം പെയ്യട്ടെ.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment