Pages

Friday, June 21, 2013

UTTARAKHAND MONSOON FLOODS-A HIMALAYAN TRAGEDY

ഉത്തരാഖണ്ഡിനെ നാമാവശേഷമാക്കിയ മഹാപ്രളയം 
 ഉത്തരാഖണ്ഡിനെ നാമാവശേഷമാക്കിയ മഹാപ്രളയത്തിലും വെള്ളപ്പൊക്കത്തിലുമായി തകര്‍ന്നത് 1100 റോഡുകളും 94 പാലങ്ങളും. ദുരന്തം വന്‍നാശം വിതച്ചപ്പോള്‍ ജീവന്‍നഷ്ടമായത് നൂറുകണക്കിന് ആളുകള്‍ക്ക്. ഔദ്യോഗികമായി മരണസംഖ്യ 200 മാത്രമാണ്. എന്നാല്‍ ആയിരങ്ങള്‍ മരിച്ചതായാണ് ഉത്തരാഖണ്ഡ് ദുരന്ത നിവാരണ കേന്ദ്രം ആഭ്യന്ത്ര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. തീര്‍ഥാടകരുടെ വിശ്രമകേന്ദ്രങ്ങളായ 90 ധര്‍മ്മശാലകള്‍ ഒലിച്ചുപോയി. 14,000 ത്തോളം പേരെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവുമില്ല. 60,000 പേര്‍ രക്ഷാപ്രവര്‍ത്തരുടെ വരവും കാത്ത് ഇപ്പോഴും പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. കരസേനയും സെന്‍ട്രല്‍ കമാന്‍ഡും ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 40,000 ചതുരശ്രകിലോമീറ്ററില്‍ രക്ഷാദൗത്യം എത്തേണ്ടതുണ്ട്. കരസേനയുടേയും നാവികസേനയുടേയും 45 ഹെലിക്കോപ്റ്ററുകള്‍ ദൗത്യത്തിന് തുടര്‍ച്ചയായി ഉപയോഗിക്കുന്നു.
വെള്ളം താണ്ഡവമാടി ചെളിയില്‍ മുക്കിയ കേദാര്‍നാഥിലെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. മഴയ്ക്ക് ശമനമായതോടെ മരണത്തിന്റെ പിടിയില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെട്ടവര്‍ കണ്ട കാഴ്ചകള്‍ ഭീതിദമാണ്. മനുഷ്യശവങ്ങള്‍ തിന്നുന്ന നായ്ക്കള്‍. വെള്ളം കുത്തിയൊലിച്ച് ഭൂപ്രദേശം തന്നെ പലയിടങ്ങളിലും ഇല്ലാതായ നിലയില്‍. ചെറുഗ്രാമങ്ങള്‍ പലതും ഭൂമിയില്‍ നിന്ന് തന്നെ തുടച്ചുനീക്കപ്പെട്ടു. കേദാര്‍നാഥിലെയും സമീപപ്രദേശങ്ങളിലെയും മരണസംഖ്യ അധികൃതര്‍ പറയുന്നതിലും വലുതാണെന്ന് ഗ്രാമത്തില്‍ അവശേഷിക്കുന്നവര്‍ പറയുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും കല്ലിലും ചരലിലുമൊക്കെ ശവങ്ങള്‍. നായ്ക്കളും കഴുകന്മാരും ശവങ്ങള്‍ കടിച്ചുകീറുന്നു. പ്രദേശവാസികളെ വിശ്വസിക്കാമെങ്കില്‍ മരണനിരക്ക് നൂറുകണക്കിന് അല്ല ആയിരങ്ങള്‍ തന്നെയാണ്. ജോധ്പൂര്‍ സ്വദേശിയായ കൈലാഷ് പറയുന്നത് തനിക്ക് ഭാര്യയേയും കുട്ടിയുമായി ശവങ്ങള്‍ക്ക് മുകളില്‍ കൂടി തന്നെ ഏറെ ദൂരം നടക്കേണ്ടിവന്നുവെന്നാണ്. കേദാര്‍നാഥില്‍ ഒന്നും അവശേഷിക്കുന്നില്ല. എല്ലാം അവസാനിച്ചു. ബന്ധുക്കളെ പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല-അദ്ദേഹം പറയുന്നു. ഉജ്ജയിനില്‍ നിന്നും തീര്‍ഥാടനത്തിനെത്തിയ 30 അംഗസംഘത്തില്‍ രാം സിങ്, മങ്കു സിങ്ങ് എന്നിങ്ങനെ രണ്ട് പേര്‍ മാത്രമാണ് ശേഷിച്ചത്. ബിഹാര്‍ മുന്‍മന്ത്രി അശ്വനി ചൗബയും കുടുംബാംഗങ്ങളും അടങ്ങുന്ന 14 അംഗ സംഘം കേദാര്‍നാഥിലെ വെള്ളപ്പൊക്കത്തില്‍ പെട്ടു. ഈ സംഘത്തിലെ എട്ട് പേര്‍ മാത്രമേ ജീവനോടെയുള്ളൂ. ചൗബയുടെ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ദുരന്തം ഏറെ നാശം വിതച്ച ഗൗരിക്കുണ്ടിലാണ്. കേദാര്‍നാഥ് തീര്‍ഥാടകരുടെ ബേസ് ക്യാമ്പാണ് ഗൗരിക്കുണ്ട്. ഇവിടെ മാത്രം 5000 ത്തിലേറെ പേര്‍ കുടുങ്ങി.
ബദരീനാഥില്‍ കുടുങ്ങിയവരെ പൂര്‍ണമായും രക്ഷപെടുത്താന്‍ കുറഞ്ഞത് ആറ് ദിവസമെങ്കിലുമെടുക്കുമെന്ന് ചമോലി ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നു. ഇപ്പോഴും 5000 ത്തിലേറെ പേര്‍ ഇവിടെ കുടുങ്ങിക്കിടപ്പുണ്ട്. കേദാര്‍നാഥ് ക്ഷേത്രനഗരിയില്‍ ജീവനോടെ ശേഷിക്കുന്നവരെ ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് രക്ഷപെടുത്തി. ദുരന്തനിവാരണ സേന കേദാര്‍നാഥിന് സമീപം രാംബരയില്‍ നിന്ന് 17 മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കണ്ടെടുത്തു. ഇവിടെ നിന്നും 885 പേരെ ഇതുവരെ രക്ഷപെടുത്തിയപ്പോള്‍ ഇനിയും ആയിരത്തോളം പേര്‍ ഇവിടെ രക്ഷാമാര്‍ഗം കാത്ത് കഴിയുന്നു. രക്ഷാപ്രവര്‍ത്തനം നാലാം ദിനത്തിലെത്തിയപ്പോഴും ആയിരങ്ങളെക്കുറിച്ച് യാതൊരുവിവരവുമില്ല. 33,000 ത്തോളം പേരെ ഇതുവരെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമായി രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചുവെന്നാണ് കണക്ക്. രക്ഷാപ്രവര്‍ത്തകരെയും കാത്ത് 35,000 ത്തിലേറെ പേര്‍ കഴിയുന്നു. കേദാര്‍നാഥിനെയും ബദരീനാഥിനെയും ബന്ധിപ്പിക്കുന്ന 28 കിലോമീറ്റര്‍ റോഡിന്റെ ഭൂരിഭാഗവും വെള്ളത്തില്‍ ഒലിച്ചുപോയി. ഇവിടത്തെ തകര്‍ന്ന റോഡില്‍ നാലിടത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം 50 തവണ ഉരുള്‍പൊട്ടലുണ്ടായി.ഇതിനിടെ മോശം കാലാവസ്ഥയും വെല്ലുവിളികളും അതിജീവിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന സൈനിക സംഘത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ഇടപെടലും. തങ്ങളുടെ ബന്ധുക്കളെയോ പരിചയക്കാരെയോ ആദ്യം രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘത്തിന്റെ ശരാശരി 50 കോളെങ്കിലും ഒരു ദിവസം ദൗത്യസംഘത്തിനെത്തുന്നുണ്ട്. ഇതില്‍ പലരുടെയും ബന്ധുക്കള്‍ അപകടനിലയില്‍ പോലുമല്ലാതിരുന്നിട്ടും അവരെ ആദ്യം രക്ഷപെടുത്തണമെന്ന ആവശ്യമാണ് ദൗത്യസംഘം നേരിടുന്നത്.ഇതിനിടെ കാണായതവരുടെ ബന്ധുക്കള്‍ ഡെറാഡൂണില്‍ വഴിതടഞ്ഞു. കാണാതായവരെക്കുറിച്ച് വിവരങ്ങളൊന്നും നല്‍കാനോ സഹായം ചെയ്യാനോ സര്‍ക്കാരിന് കഴിയാത്തതില്‍ ജനം വന്‍ പ്രതിഷേധത്തിലാണ്. 

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: