Pages

Saturday, June 29, 2013

റമ്പൂട്ടാന്‍ കേരളത്തിൽ നന്നായി വളരും

 റമ്പൂട്ടാന്‍ കേരളത്തിൽ  നന്നായി വളരും  
P


കൊല്ലം-തിരുമംഗലം ദേശിയപാതയിലൂടെ യാത്രചെയ്യുന്നതിനിടെ പുനലൂര്‍ പൈനാപ്പിള്‍ ജങ്ഷനിലെത്തുന്ന യാത്രക്കാരുടെ നോട്ടം പാതയോരത്തുള്ള രാജു തോമസിന്റെ തോട്ടത്തില്‍ നഴ്‌സറിയിലേക്കാണ്. നഴ്‌സറിയില്‍ നിറയെ തീപോലെ ചുവന്ന പഴങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുന്ന റമ്പൂട്ടാന്‍ മരങ്ങളാണ്. ജില്ലയില്‍ സാധാരണമല്ലാത്ത റമ്പൂട്ടാന്‍ മരങ്ങള്‍ 22 എണ്ണമാണിവിടെ കായ്ച്ചു നില്‍ക്കുന്നത്. സ്വദേശമായ മലേഷ്യയില്‍നിന്ന് ഈ മരങ്ങള്‍ ഇവിടെയെത്തിയിട്ട് എട്ടുകൊല്ലമായി. കായ്ച്ചു തുടങ്ങിയിട്ട് അഞ്ചുകൊല്ലവും. ചുരുങ്ങിയ കാലയളവിനുള്ളില്‍ വിപണിയില്‍ ശ്രദ്ധേയമായ റമ്പൂട്ടാന്റെ പഴക്കാലമാണിത്. മധുരവും ചവര്‍പ്പും പശപ്പും ഒന്നുപോലെ ഒത്തിണങ്ങിയതാണ് റാമ്പൂട്ടാന്‍ പഴങ്ങള്‍. ഇനമനുസരിച്ച് കിലോയ്ക്ക് ശരാശരി 150 രൂപവരെ വിലവരുന്ന റമ്പൂട്ടാന്‍ പഴവിപണിയിലെ വിലപിടിപ്പുള്ള താരമാണ്. 
മലേഷ്യയും 
ഇന്‍ഡൊനീഷ്യയുമാണ് റമ്പൂട്ടാന്റെ ജന്മദേശം. ഇപ്പോള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തെക്കന്‍മേഖലയിലുള്ള മിക്ക രാജ്യങ്ങളിലും റമ്പൂട്ടാന്‍ വ്യാപിച്ചുകഴിഞ്ഞു. റമ്പൂട്ടാന്‍ എന്നാല്‍ മലയന്‍ ഭാഷയില്‍ മുടി എന്നാണര്‍ത്ഥം. മുടി വളര്‍ന്ന പോലെയുള്ള പുറംതോടാണ് ഈ പേര് ലഭിക്കുന്നതിനിടയാക്കിയത്. മരത്തിനും പഴത്തിനും ഒരേപേര് എന്ന കൗതുകവും റമ്പൂട്ടാനുണ്ട്. 12 മുതല്‍ 20 വരെ മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ നിത്യഹരിതമരത്തിന്റെ പഴങ്ങള്‍ തായ്‌ലന്‍ഡില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. കേരളത്തില്‍ പത്തനംതിട്ട ജില്ലയിലാണ് റമ്പൂട്ടാന്‍ ധാരാളമായുള്ളത്. മലേഷ്യയിലും സിങ്കപ്പൂരിലും ജോലിചെയ്യുന്ന കോന്നിക്കാരും റാന്നിക്കാരുമാണ് ജില്ലയില്‍ റമ്പൂട്ടാനെ പരിചയപ്പെടുത്തിയത്. പുനലൂര്‍ കോമളംകുന്ന് വന്‍കരിമ്പില്‍ വീട്ടില്‍ രാജു തോമസും മലേഷ്യയില്‍നിന്നാണ് റമ്പൂട്ടാന്‍ എത്തിച്ചത്. വളരെയേറേ ശ്രദ്ധയോടെ വളര്‍ത്തിയാല്‍ മാത്രമേ റമ്പൂട്ടാന്‍ നല്ല കായ്ഫലം തരികയുള്ളൂവെന്ന് രാജു പറയുന്നു. വളവും വെള്ളവും കൃത്യമായ ഇടവേളകളില്‍ ഉപ്പും പ്രയോഗിക്കണം. ആണ്‍-പെണ്‍ തൈകള്‍ ചേര്‍ത്തുവേണം നടാന്‍. തൈ ഒന്നിന് ശരാശരി 40 രൂപയാണ് വില. പഴവിപണിയില്‍ റമ്പൂട്ടാന്‍ താരമായതോടെ തൈ തേടി ജില്ലയുടെ പലഭാഗത്തുനിന്നും ആളുകള്‍ എത്തുന്നുണ്ടെന്നും രാജു ചൂണ്ടിക്കാട്ടുന്നു. തൈനട്ടാല്‍ മൂന്നാംവര്‍ഷം പൂത്തുതുടങ്ങും. നാലാം കൊല്ലമാകും പൂര്‍ണമായ കായ്ഫലം ലഭിക്കുക. മാര്‍ച്ചാണ് പൂക്കുന്ന മാസം. ജൂണ്‍ പകുതി ആകുമ്പോഴേക്കും കായ്കള്‍ പഴുത്ത് പാകമാകും. 

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: