Pages

Sunday, June 30, 2013

കാന്‍സറിനെ പടികടത്താന്‍ ഷര്‍ഫുദ്ദീന്റെ കൃത്രിമ ശബ്ദം

               കാന്‍സറിനെ പടികടത്താന്‍

               ഷര്‍ഫുദ്ദീന്റെ കൃത്രിമ ശബ്ദം


                                               പ്രശാന്ത് കാനത്തൂര്‍

ഷര്‍ഫുദ്ദീന് ശബ്ദമില്ല. പതിന്നാല് വര്‍ഷം മുമ്പ് കാന്‍സര്‍ കവര്‍ന്നെടുത്തതാണ് അദ്ദേഹത്തിന്റെ ശബ്ദനാളി. പക്ഷേ, ഷര്‍ഫുദ്ദീന്‍ ഇതുകൊണ്ടൊന്നും തളര്‍ന്നില്ല. തനിക്ക് പറയാനുള്ളത് സമൂഹത്തെ അറിയിക്കാന്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന കൃത്രിമ ശബ്ദ ഉപകരണം കൈയില്‍ക്കരുതി ഷര്‍ഫുദ്ദീന്‍. ഇതുപയോഗിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി ചെന്നൈയില്‍ കാന്‍സറിനെതിരെ ബോധവത്കരണം നടത്തുകയാണ് ഈ 69-കാരന്‍. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഷര്‍ഫുദ്ദീന്‍ ഇതിനകം 500-ല്‍പരം ക്ലാസുകള്‍ എടുത്തു. കാന്‍സറിനെതിരെയുള്ള പോരാട്ടത്തിന്റെ ജീവിക്കുന്ന ഉദാഹരണമായി തന്നെത്തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട്.

പുകയില ഉപയോഗത്തിനെതിരെ ചെന്നൈയിലെ ആയിരക്കണക്കിന് യുവജനങ്ങളെ ബോധവത്കരിക്കാന്‍ സാധിച്ചു എന്നതുമാത്രമാണ് ഷര്‍ഫുദ്ദീന്റെ വിലപ്പെട്ട സമ്പാദ്യം. കൃത്രിമ ശബ്ദ ഉപകരണം തന്റെ തൊണ്ടയോടടുപ്പിച്ചുപിടിച്ച് അദ്ദേഹം സ്‌കൂളുകളിലും കോളേജുകളിലും പുകയിലയ്‌ക്കെതിരെ പ്രചാരണം നടത്തും. 'കുട്ടികളേ നിങ്ങള്‍ പുകവലിക്കരുത്. പുകയില ഉത്പന്നങ്ങളൊന്നുംതന്നെ ഉപയോഗിക്കരുത്. അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചാല്‍ അത് നിങ്ങളെ മാത്രമല്ല, നിങ്ങളുടെ കുടുംബത്തെയും സാരമായി ബാധിക്കും.' കൃത്രിമ ഉപകരണത്തിലൂടെ പുറത്തുവരുന്ന ഷര്‍ഫുദ്ദീന്റെ ശബ്ദം നിരവധി യുവജനങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചതായി അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ടുബാക്കോ സെസേഷന്‍ ക്ലിനിക്കിന്റെ മുഖ്യ പ്രചാരകന്‍ കൂടിയാണ് ഷര്‍ഫുദ്ദീന്‍.

1998-ലാണ് തൃശിനാപ്പള്ളിക്കാരനായ ഷര്‍ഫുദ്ദീനെ കാന്‍സര്‍ പിടികൂടുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം തമാശയ്ക്ക് തുടങ്ങിയതാണ് പുകവലി. അന്ന് പ്രായം വെറും 20. ദിവസവും വലിച്ചൂതുന്ന സിഗററ്റിന്റെ എണ്ണവും 20. കടുത്ത ചുമയോടെയാണ് തുടക്കം. പുകവലി ജീവിതത്തില്‍ വില്ലനാകുമെന്ന് അന്നത്തെ ചോരത്തിളപ്പില്‍ ഷര്‍ഫുദ്ദീന്‍ കരുതിയില്ല. മരുന്നിനും ചികിത്സയ്ക്കുമായി ചെലവാക്കിയ പണത്തിന് കണക്കില്ല. ഇടത്തരം കുടുംബത്തിലായതിനാല്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ പെടാപ്പാട് പെട്ടു. ക്രമേണ ചുമ കഠിനമായി. റേഡിയോതെറാപ്പിയും വിഫലമായി.

തൊണ്ടയിലാണ് കാന്‍സര്‍. പതുക്കെ ഷര്‍ഫുദ്ദീന്റെ ശബ്ദവും നിലച്ചു. മറ്റൊരു പോംവഴിയുമില്ലാതെ വന്നപ്പോഴാണ് ഡോക്ടര്‍മാര്‍ ശ്വാസനാളിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയത്. അന്നനാളത്തിനും നടത്തി അറ്റകുറ്റപ്പണികള്‍. ശസ്ത്രക്രിയയ്ക്കുശേഷം മൂന്ന് വര്‍ഷം ഷര്‍ഫുദ്ദീന്‍ സംസാരിച്ചില്ല. സംസാരിക്കാത്ത മനുഷ്യന് ആരും ജോലിയും നല്കിയില്ല. രോഗവും സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹത്തെ ഉലച്ചു. അങ്ങനെയിരിക്കെയാണ് കൃത്രിമ ശബ്ദ ഉപകരണം ജീവിതത്തില്‍ പുതിയ പ്രതീക്ഷയുണര്‍ത്തിയത്. ഈ ഉപകരണം കഴുത്തിനോടടുപ്പിച്ച് സംസാരിച്ചാല്‍ ഷര്‍ഫുദ്ദീന്‍ പറയുന്നതെന്താണെന്ന് ഇപ്പോള്‍ വ്യക്തമാകും. ശ്രദ്ധയോടെ കേള്‍ക്കണമെന്ന് മാത്രം. ശ്വാസോച്ഛ്വാസം കഴുത്തിന് വശത്തുള്ള ഒരു ദ്വാരത്തിലൂടെയാണ്.

ചെന്നൈ മുഗപ്പയറിലാണ് ഷര്‍ഫുദ്ദീന്‍ താമസിക്കുന്നത്. ആയിഷ ബീഗമാണ് ഭാര്യ. നാല് മക്കളുണ്ട്. കാന്‍സര്‍ ബോധവത്കരത്തിന് കുടുംബത്തില്‍ നിന്നുള്ള എല്ലാ പിന്തുണയും ഷര്‍ഫുദ്ദിനുണ്ട്. 'ഞാന്‍ കാന്‍സര്‍ രോഗിയാണെന്നുപോലും ഇപ്പോള്‍ ചിന്തിക്കാറില്ല. സാധാരണക്കാരെപ്പോലെ എല്ലാ ഭക്ഷണവും കഴിക്കും. പ്രായം കൂടിവരുന്നതിനാല്‍ വിശ്രമത്തിന് സമയം കണ്ടെത്തുന്നുണ്ട്. പുകയിലയ്‌ക്കെതിരെ ബോധവത്കരണം കൂടുതല്‍ ശക്തമാക്കണം. അല്ലെങ്കില്‍ കാന്‍സര്‍ രോഗികള്‍ ഇനിയും പെരുകും. ആര്‍ക്കും വരരുത് ഈ രോഗം.' തമിഴ്‌നാട്ടില്‍ 3,000-ത്തോളം വരുന്ന കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനം പകരുന്ന ലെറിഞ്ചെക്ടോമി വെല്‍ഫെയര്‍ അസോസിയേഷന്റെ സെക്രട്ടറി കൂടിയായ ഷര്‍ഫുദ്ദീന്‍ പറയുന്നു.

                          പ്രോഫ്  ജോണ്‍ കുരാക്കാർ 

No comments: