Pages

Friday, May 31, 2013

ഒരുതുള്ളി വെള്ളംപോലും പാഴാക്കിക്കളയാത്ത മാതൃകാ കർഷകൻ മാത്യു കുഞ്ചിറക്കാട്ട്

ഒരുതുള്ളി വെള്ളംപോലും പാഴാക്കിക്കളയാത്ത 
 മാതൃകാ കർഷകൻ മാത്യു കുഞ്ചിറക്കാട്ട്
                                                    ആന്റണി മുനിയറ
 ഒരുതുള്ളി വെള്ളംപോലും പാഴാക്കിക്കളയാതെ പാറക്കെട്ടു നിറഞ്ഞ മണ്ണില്‍ മാതൃകാ കൃഷിത്തോട്ടമൊരുക്കി പരിപാലിക്കുകയാണ് മലയോര കര്‍ഷകനായ മാത്യു കുഞ്ചിറക്കാട്ട്. ഇടുക്കി പെരിഞ്ചാംകുട്ടിയിലെ ഈ കര്‍ഷകന്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമായ മലമേടിനെ ഹരിതസമൃദ്ധിയുടെ വിളഭൂമിയാക്കുന്നു. വീടിനോടു ചേര്‍ന്നുള്ള രണ്ട് പാറക്കുളവും മലമുകളിലെ ജലസംഭരണിയുമാണ് മാത്യുവിന്റെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കരുത്തു പകരുന്നത്. വീടിനു മുകളിലെ പുരയിടത്തിലുള്ള പാറക്കുളത്തില്‍ 55,000 ലിറ്റര്‍ മഴവെള്ളം ശേഖരിക്കാന്‍ കഴിയും. മലമേട്ടില്‍നിന്ന് മഴക്കാലത്ത് ഒഴുകിവരുന്ന വെള്ളം സംഭരിക്കാന്‍ മലമുകളില്‍ 50,000 ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും ഉണ്ട്. വെള്ളം ഒഴുകി പാഴായിപ്പോകാതിരിക്കാന്‍ ചെരിഞ്ഞ് കിഴുക്കാംതൂക്കായ കൃഷിയിടത്തില്‍ നിറയെ കല്ലുകൈയാലകള്‍ നിര്‍മിച്ചിരിക്കുന്നു.
 റബ്ബറും കൊക്കോയും ജാതിയും മാവും പ്ലാവും കുരുമുളകും കാപ്പിയും ഗ്രാമ്പൂവുമെല്ലാം ഇവിടെ തഴച്ചുവളരുന്നു. മണ്ണിനുമുകളില്‍ കൊഴിഞ്ഞുവീഴുന്ന ഇലകളും ജലം സംഭരിച്ച് മണ്ണില്‍ താഴാനിടയാക്കുന്നതിനാല്‍ ഏതു കൊടിയ വേനലിലും മാത്യുവിന്റെ വിളകള്‍ വാടാറില്ല. ഭക്ഷ്യവിളകളും പച്ചക്കറികളും ഈ മലമേട്ടില്‍ സമൃദ്ധമായി വിളയുന്നു. പാറ പൊട്ടിച്ചുമാറ്റിയാണ് വീട് നിര്‍മിച്ചത്. വീടിന്റെ തറയോടുചേര്‍ന്ന് വെള്ളം കെട്ടിക്കിടക്കുന്ന കനാലില്‍ മാത്യു മീനുകളെയും വളര്‍ത്തുന്നു.അറുപതുകാരനായ മാത്യു പതിമൂന്നാം വയസ്സില്‍ കൃഷിയിടത്തിലേക്കിറങ്ങിയതാണ്. വെള്ളം സംഭരിച്ചുവയ്ക്കാന്‍ കഴിയുന്ന മണ്ണില്‍ കനകം വിളയിക്കാമെന്നാണ് ഈ കര്‍ഷകന്റെ അനുഭവം. ഒരിഞ്ചുമണ്ണുപോലും കൃഷിയിടത്തില്‍നിന്ന് മഴക്കാലത്ത് ഒലിച്ചുപോകുന്നില്ല. 
കുഴല്‍ക്കിണറുകള്‍ കുഴിച്ച് ജലക്ഷാമത്തിനു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ഭാവിയില്‍ വിജിയിക്കില്ലെന്ന് ഈ കര്‍ഷകന്‍ പറയുന്നു. മഴക്കാലത്തു ലഭിക്കുന്ന വെള്ളം സംഭരിച്ചുവയ്ക്കാന്‍ കഴിഞ്ഞാല്‍ ഏതു കൊടിയ വരള്‍ച്ചയെയും കുടിവെള്ളക്ഷാമത്തെയും അതിജീവിക്കാന്‍ കഴിയും. പുരയിടത്തിലേക്ക് പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളും വലിച്ചെറിയുന്നവരോട് ഈ മാതൃകാ കര്‍ഷകനു പറയാനുള്ളത് മണ്ണിനെ പിണക്കരുതെന്നാണ്. മാത്യുവിന്റെ ഫോണ്‍നമ്പര്‍: 9446563957, 04868 263957.

                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: