Pages

Monday, May 27, 2013

ഉന്നത വിദ്യാഭ്യാസവും ഗവേഷണവും

ഉന്നത വിദ്യാഭ്യാസവും ഗവേഷണവും പരസ്പരം ബന്ധപ്പെട്ടു കിടക്കേണ്ട താണ് . ഇതിനുള്ള അവസരം ഉണ്ടാകേണ്ടത് യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന ഗവേഷണങ്ങളില്‍ നിന്നാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസം യൂണിവേഴ്‌സിറ്റികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലൂടെ കൂടിയാകുമ്പോള്‍ അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി കാമ്പസിലുള്ള ഗവേഷണാന്തരീക്ഷം ലഭിക്കില്ല. മാത്രല്ല, ബഹുഭൂരിപക്ഷം യൂണിവേഴ്‌സിറ്റികളില്‍ പോലും ഗവേഷണം പേരിനു മാത്രമാണ് . പണത്തിന്റെ അഭാവം മൂലം ഗവേഷണത്തില്‍ കൂടുതലും തിയറി അടിസ്ഥാനമാക്കിയുള്ളതാണ്. ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിക്കുന്നത് ഗവേഷണമയമുള്ള ഒരന്തരീക്ഷത്തിലാണെങ്കില്‍ പല ഗുണങ്ങളും ഉണ്ട്. ഒന്ന്: വെറും പുസ്തകത്തില്‍ നിന്നും ലഭിക്കുന്ന അറിവ് കൂടാതെ അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിവുകള്‍ അവര്‍ക്ക് ലഭിക്കുന്നു. രണ്ട് : വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തിന്റെ ഭാഗമായുള്ള പ്രൊജക്ടുകള്‍ വര്‍ഷാവര്‍ഷമുള്ള ആവര്‍ത്തനം അല്ലാത്ത പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു. ഉദാഹരണത്തിന് ഒരു വലിയ ഗവേഷണ ലാബില്‍ വിദ്യാര്‍ഥികള്‍ക്ക് ചെയ്യാന്‍ പറ്റിയ ധാരാളം ചെറിയ പ്രൊജക്ടുകള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് നല്ല പ്രൊജക്റ്റ് ചെയ്യാന്‍ പറ്റുന്നത് മാത്രമല്ല, ഗവേഷകരുടെ ജോലി കുറഞ്ഞും കിട്ടും. ഇന്ത്യയില്‍ ഐ ഐ ടി കള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ സാധാരണമാണ്. വിദേശത്തെ പ്രധാന യൂണിവേഴ്‌സിറ്റികളില്‍ എല്ലാം ഇത്തരം പ്രൊജെക്ടുകള്‍ പരമ പ്രധാനമാണ്. അവിടെ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന പ്രൊജെക്ടുകള്‍ വിദ്യാര്‍ഥികള്‍ ചെയ്യുന്നു. ഇതിനു ചിലപ്പോള്‍ അവര്‍ക്ക് പോക്കറ്റ് മണിയും കിട്ടും. സ്മാര്‍ട്ട് ആയവര്‍ക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് ഗവേഷണ ഫലങ്ങള്‍ ഉണ്ടാക്കുകയും അത് പ്രധാന ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. ഇങ്ങനെ സ്മാര്‍ട്ടായവര്‍ നമുക്കുമുണ്ട്. എന്നാല്‍ സാധാരണ യൂണിവേഴ്‌സിറ്റികളിലോ കോളേജുകളിലോ പഠിക്കുന്നവര്‍ക്ക് അതിനു അവസരം ലഭിക്കുന്നില്ല. മൂന്നാമതായി, സിലബസില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യാനും ഗവേഷണാന്തരീക്ഷം സഹായിക്കും. ഉദാഹരണത്തിന് വലിയ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികള്‍ പല ഡിപ്പാര്‍ട്ട്‌മെന്‍റ്റുകളുമായി കൂടിച്ചേര്‍ന്നു വന്‍ പ്രോജക്റ്റുകള്‍ ചെയ്യാറുണ്ട്. ഇന്ത്യയിലും വിദേശത്തും ചില യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും നെതര്‍ലന്‍ഡിലെഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റിയിലും വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയ ചെറുവിമാനങ്ങള്‍ ഉദാഹരണങ്ങള്‍ ആണ്. ഒരു വിമാനത്തിന്റെ ലുക്ക് ഒന്നുമില്ലെങ്കിലും ഈ നിരീക്ഷണ വിമാനം പ്രോഗ്രാം ചെയ്തതിനസരിച്ചു പറക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്യും. ഉപയോഗപ്രദമായ പ്രൊജക്ടുകള്‍ ചെയ്യുമ്പോള്‍ അതിനാവശ്യമായ പണവും അവര്‍ക്ക് സംഘടിപ്പിക്കാന്‍ കഴിയും. ഡെല്‍ഫ്റ്റിലെ വിദ്യാര്‍ഥികളുടെ 'വിമാനത്തിനു ' പ്രധാനമായും സാമ്പത്തീക സഹായം നല്കുന്നത് ഡച്ച് പോലിസ് ആണ്. എന്തിനാണെന്ന് പ്രത്യേകം പറയണ്ടല്ലോ. അതുപോലെ തന്നെ ഒന്നാണ് ഇലക്ട്രോണിക് തുമ്പി. പൂര്‍ണ്ണമായും സൌരോര്‍ജ്ജതില്‍ ഓടുന്ന സോളാര്‍ കാര്‍ എന്ന പദ്ധതി പല പ്രധാന യൂണിവേഴ്‌സിറ്റികളിലും ഉണ്ട്. പല രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയ സോളാര്‍ കാര്‍ കൊണ്ടുള്ള മത്സരവും എല്ലാ വര്‍ഷവും നടക്കാറുണ്ട്. കാറും വിമാനവും മാത്രമല്ല സാറ്റലൈറ്റ് വരെ വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയിട്ടുണ്ട്. മുംബൈ ഐ ഐ ടി യിലെ വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയ പ്രഥംഇത്തരത്തില്‍ ഉള്ള ഒരു സാറ്റലൈറ്റ് പ്രൊജക്റ്റ് ആണ്. ഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയ 'നാനോ സാറ്റലൈറ്റ്' വിക്ഷേപിക്കുന്നത് നമ്മുടെ ഐ.എസ് ആര്‍ ഓ ആണ്. വിദ്യാര്‍ഥികള്‍ ഇത്തരം പ്രോജക്ടുകള്‍ക്ക് വേണ്ടിയുള്ള പണം സമാഹരിക്കുന്നത് വിവിധ സര്‍ക്കാര്‍ എജന്‍സികളില്‍ നിന്നും കമ്പനികളില്‍ നിന്നുമാണ്.

എത്ര സമര്‍ത്ഥരായാലും കോളേജുകളിലെ ചെറിയ ലാബില്‍ നിന്നും ഇത്തരം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. അഥവാ കഴിഞ്ഞാലും അതിനൊരു പരിധിയുണ്ട്. എന്നാല്‍ ഗവേഷണാന്തരീക്ഷമുള്ള ഒരു സ്ഥലത്താകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അതിനു സാങ്കേതികമായും ആശയപരവുമായ ധാരാളം സഹായം ലഭിക്കും. കേരളത്തിലെ എഞ്ചിനിയറിംങ്ങ്് കോളേജുകളിലെ ചില വിദ്യാര്‍ഥികള്‍ കൊച്ചു കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന വാര്‍ത്തകള്‍ ഇടയ്ക്കു പത്രത്തില്‍ കാണാറുണ്ട്. ഇവര്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ലഭിക്കുകയാണെങ്കിലോ? സാങ്കേതിക,സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ചിലര്‍ക്കെങ്കിലും സ്വന്തം കമ്പനികള്‍ തുടങ്ങാനും കഴിയും. ഇത്തരം കമ്പനികളെ ' സ്റ്റാര്‍ട്ട് അപ്' എന്നാണ് പൊതുവെ പറയുക. വിദേശങ്ങളില്‍ യൂണിവേഴ്‌സിറ്റികള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാമ്പത്തീകമായി സഹായിക്കാറുണ്ട്.
ഇന്ത്യയില്‍ മിക്കവാറും എല്ലാ ഗവേഷണ സ്ഥാപനങ്ങളും അവധിക്കാലത്തും അല്ലാതെയും വിദ്യാര്‍ഥികള്‍ക്ക് ചെറിയ പ്രൊജക്ടുകള്‍ ചെയ്യാന്‍ അവസരം നല്‍കാറുണ്ട്. പലപ്പോളും കോഴ്‌സിന്റെ സമയവുമായി ഒത്ത് പോകാത്തതിനാല്‍ സാധാരണ യൂണിവേഴ്‌സിറ്റികളില്‍നിന്നോ കോളേജില്‍നിന്നോ ഉള്ളവര്‍ക്ക് ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്നു. മാത്രമല്ല, നമ്മുടെ കോഴ്‌സുകളിലെ എണ്ണമറ്റ 'പേപ്പറുകള്‍' ചെയ്തു തീര്‍ക്കുവാനുള്ള സമയം പലപ്പോഴും ധാരാളമായി ഉണ്ടാവുകയുമില്ല. ഇതിനു പുറമെയാണ് ബോണസായി കിട്ടുന്ന പ്രൊജക്ടുകള്‍.

ഇവിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍ക്ക് സ്വയം ഭരണം ന ല്‍ കുന്നതിന്റെയും ക്രെഡിറ്റ് സിസ്റ്റം പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടാകുന്നതിന്റെയും ഗുണം. കോഴ്‌സുകള്‍ പലപ്പോളായി ചെയ്തു സൌകര്യപൂര്‍വ്വം വേണ്ട ക്രെഡിറ്റ് കിട്ടിയാല്‍ മതിയല്ലോ. ഇതിനുള്ള നിയമങ്ങള്‍ ഓരോ സ്ഥാപനത്തിനും അനുയോജ്യമായ വിധത്തില്‍ ഉണ്ടാക്കുകയും ചെയ്യാം. മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിന്റെ ക്രെഡിറ്റ് അനുസരിച്ചുള്ള സമയം പഠനത്തിനായി നീക്കി വച്ചാല്‍ മതി. ഉദാഹരണത്തിന് 4 ക്രെഡിറ്റ് ഉള്ളതിന് കൂടുതല്‍ സമയവും 1 ക്രെഡിറ്റ് ഉള്ളതിന് കുറച്ചും. (ക്രെഡിറ്റ് പരിപാടി സംവിധാനത്തിന്റെ ഗുണങ്ങള്‍ അറിയാന്‍ ഈ ലേഖനം വായിക്കുക).
ചുരുക്കത്തില്‍ നല്ല പ്രൊജക്ടുകള്‍ ചെയ്യാനും , സിലബസിനു പുറത്തു കാര്യങ്ങള്‍ പഠിക്കാനുമുള്ള അവസരം ഉണ്ടാകണം. അതിനു നമുക്ക് വേണ്ടത് ഗവേഷണങ്ങളിലും കൂടി പ്രാധാന്യം കൊടുക്കുന്ന സ്ഥാപനങ്ങള്‍ ആണ്. കേരളത്തില്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, അമൃത യൂണിവേഴ്‌സിറ്റി, എന്‍. ഐ. ടി കാലിക്കറ്റ്, ഐസര്‍ (ISER), തുടങ്ങിയവ ഉദാഹരണങ്ങളാണ്. വിദ്യാര്‍ഥികളെ സിലബസുകളിലേക്ക് ഒതുക്കിക്കളയുന്ന അധ്യാപകര്‍ ഉണ്ടെങ്കില്‍ ഉന്നത വിദ്യാഭ്യാസം ഒരിക്കലും ഗുണം പിടിക്കില്ല. അത് സയന്‍സായാലും ഹ്യുമാനിറ്റീസ് ആയാലും. കുട്ടികള്‍ക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കുന്ന അധ്യാപകരാണ് വേണ്ടത്. ഇത് കൂടാതെ അവര്‍ക്ക് വിദ്യാര്‍ഥികളെ പഠിപ്പിക്കാനുള്ള അറിവും പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യാനുള്ള മുന്‍പരിചയവും വേണം. എന്ന് വച്ചാല്‍ നല്ല അധ്യാപകരും ഗവേഷകരും വേണം എന്നര്‍ഥം.നല്ല അധ്യാപകരുടെയും ഗവേഷകരുടെയും കുറവ് ഇന്ത്യയുടെ അഭിമാനം എന്ന് നാം കരുതുന്ന ഐ. ഐ. ടി. പോലയുള്ള സ്ഥാപനങ്ങള്‍ തുടങ്ങി യൂണിവേഴ്‌സിറ്റികള്‍ വരെയുള്ളവയുടെ ശാപമണ്. ഇന്ത്യയിലെ ഇത്തരം പ്രധാന സ്ഥാപനങ്ങളിലെ പകുതിയിലേറെ ഗവേഷകരും 'തിരുകി കയറ്റപ്പെട്ടതാണ് '. ലോകത്തിലെ ഏറ്റവും നല്ല 200 യൂണിവേഴ്‌സിറ്റികളില്‍ ഒന്നുപോലും ഇന്ത്യയില്‍ ഇല്ല എന്നതിന്റെ ഒരു പ്രധാന കാരണവും ഇത് തന്നെയാണ്.
നമ്മുടെ ഗവേഷകരുടെ 'മികവ് ' മനസിലാക്കാന്‍ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകളില്‍ അവരുടെ ബയോഡാറ്റ പരിശോധിച്ചാല്‍ മതി. ഇവരില്‍ ചിലരുടെ ''മികവു' വിദേശത്തുള്ള പ്രധാന യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരുമായി താരതമ്യം ചെയ്യാന്‍ പോലുമാകില്ല, അത്ര കഷ്ടമാണ്. ഇത് പറയുമ്പോള്‍ ഏറ്റവും പെട്ടന്ന് ഉയര്‍ന്നു വരുന്ന വാദം, കഴിവുള്ളവര്‍ പുറത്ത് പോകുന്നു എന്നും തിരിച്ചു വരുന്നില്ല എന്നതുമാണ്. ഇത് തീര്‍ത്തും തെറ്റാണ്. എന്നാല്‍ ശരി ഇതാണ് : വേണ്ട സ്ഥലത്ത് പിടിപാടില്ലെങ്കില്‍ സാക്ഷാല്‍ ഐസക് ന്യൂട്ടനൊ ഐന്‍സ്റ്റീനൊ വന്നാലും ഇന്ത്യയിലെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളില്‍ ജോലി കിട്ടില്ല. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് പല വലിയ വ്യക്തികളും പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട് , ഉദാഹരണത്തിന് ഇന്‌ഫോസിസ് മുന്‍ചെയര്‍മാന്‍നാരായണമൂര്‍ത്തി അത്‌പോലെ പ്രശസ്ത ശാസ്ത്രജ്ഞനായ ഇ. സി. ജി. സുദര്‍ശന്‍ തുടങ്ങിയവര്‍. (ഇതുമായി ബന്ധപ്പെട്ട് ഗൗതം ദേശിരാജു നേച്വര്‍ മാഗസിനില്‍ എഴുതിയ ലേഖനം ഇവിടെവായിക്കുക.അഴിമതിയും മറ്റും അവിടെ നില്‍ക്കട്ടെ, അതല്ല ഈ ലേഖനത്തിന്റെ പ്രധാന വിഷയം. നമുക്ക് കേരളത്തിലേക്ക് തിരിച്ചു വരാം. പ്രാഥമീക വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചു നിലക്കുന്ന കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് പുറകിലാണെന്നു സമ്മതിക്കാതെ വയ്യ. അനുയോജ്യമായ ഘടകങ്ങള്‍ വച്ച് കേരളം ഈ രംഗത്ത് ഏഷ്യയില്‍ തന്നെ മുന്‍നിരയില്‍ നില്‌ക്കേണ്ടതാണ്. എന്നാല്‍ നമുക്ക് രാജ്യത്തെ ഏറ്റവും മികച്ചത് എന്ന് പറയാന്‍ പോലും ഒറ്റ വിദ്യാഭ്യാസ സ്ഥാപനമില്ല. കേരളത്തിന് ഒരു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കാസര്‍ഗോഡ് തുടങ്ങിയിട്ടുണ്ടെങ്കിലും അവിടുത്തെ സ്ഥിതി മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളില്‍ നിന്നും അത്ര വ്യത്യസ്തമല്ല എന്നാണ് അറിഞ്ഞത്.

ഈ അവസരത്തിലാണ് കേരളം ഒരു വിദ്യാഭ്യാസ നഗരത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. സാം പിട്രോഡ കേരള സര്‍ക്കാരിന് ഉപദേശിച്ച പത്തു വികസന തന്ത്രങ്ങളില്‍ ഒന്നായിരുന്നു ഇത് . ഇങ്ങനെ പല വിദേശ സര്‍വ്വകലാശാലകളെയും ആകര്‍ഷിക്കാന്‍ നമുക്ക് കഴിയേണ്ടതായിരുന്നു. ഇത് അത്ര പുതിയ ഐഡിയ ഒന്നുമല്ല. ലോക പ്രശസ്തമായ പല യൂണിവേഴ്‌സിറ്റികളും മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ അടുത്ത കുറച്ചു വര്‍ഷങ്ങളായി, പല അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളെയും അവരുടെ രാജ്യത്തു കൊണ്ടുവന്നു. ഖത്തറിലെ ടെക്‌സാസ് എ. എം., നോര്‍ത് വെസ്‌റ്റേണ്‍, കോര്‍ണ്ണല്‍ യൂണിവേഴ്‌സിറ്റികളും, അബുദാബിയിലെ ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയും ചുരുക്കം ചില ഉദാഹരണങ്ങളാണ്. അതുപോലെ പ്രശസ്തമായ എം ഐ ടി യുടെ ഒരു ശാഖ സിംഗപ്പൂരില്‍ ഉണ്ട്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയുടെയോ എം. ഐ. ടി. യുടെയോ ഒരു ശാഖ കേരളത്തില വരുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കു.. ലോകത്തിലെ ഗവേഷണത്തിന്റെയും അധ്യാപനത്തിന്റെയും ഉന്നതിയില്‍ നില്ക്കുന്ന പല യൂണിവേഴ്‌സിറ്റികളും (ഉദാഹരണത്തിന്, ഹാര്‍വാര്‍ഡ് , സ്റ്റാന്‍ഫൊര്‍ഡ്, എം. ഐ. ടി., യേല്‍, കോര്‍ണല്‍ തുടങ്ങിയവയും മുന്‍പ് പറഞ്ഞവയും ) െ്രെപവറ്റ് ആണെന്നതിനാല്‍ കേരളത്തിന്റെ രീതി വച്ച് സമരങ്ങളുടെ ഒരു പരമ്പര തന്നെ ഇവിടെ ഉണ്ടായേക്കാം. കാരണം കേരളാതിര്‍ത്തിക്കുള്ളില്‍ വിദ്യാഭ്യാസ കച്ചവടം നമുക്ക് പണ്ടേ ഇഷ്ടമല്ലലോ. പക്ഷെ ഈ സ്ഥാപനങ്ങള്‍ ആണ് എല്ലാ വര്‍ഷവും നോബല്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കുന്നതും, ശാസ്ത്രരംഗത്തെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതും. അബ്കാരികളും ഖനി മുതലാളിമാരും രാഷ്ട്രീയ ബിനാമികളും വിദ്യഭ്യാസ രംഗത്തേക്ക് കടന്നുവരുമ്പോള്‍ ആണ് അത് കച്ചവടം ആയിതീരുന്നത്. 
രെപവറ്റ് ആണെങ്കിലും ഈ വമ്പന്‍ യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ഥികള്‍ക്കു അവരുടെ സാമ്പത്തീക സ്ഥിതി അനുസരിച്ച് മുഴുവനായോ ഭാഗീകമായോ സ്‌കോളര്‍ഷിപ്പ് നല്‍കും. ഇതിനുള്ള പണം പ്രധാനമായും അവര്‍ കണ്ടെത്തുന്നത് സ്വകാര്യ വ്യക്തികളും, മുന്‍വിദ്യാര്‍ഥികളും കമ്പനികളും സര്‍ക്കാരും നല്‍കുന്ന സംഭാവനകളില്‍ നിന്നുമാണ്. ഇങ്ങനെ യൂണിവേഴ്‌സിറ്റികള്‍ക്ക് പണം സംഭാവന ചെയ്യുന്നത് അമേരിക്കകാരുടെ ഒരു സ്വഭാവവും ആണത്രേ. ഒരു ഉദാഹരണം പറഞ്ഞാല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആസ്തി 32 ബിലല്യന്‍ ഡോളര്‍ ആണ്. യൂണിവേഴ്‌സിറ്റികള്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായം പ്രധാനമായും ഗവേഷണത്തിനായുള്ള പണമാണ്. ഇത് നേരിട്ട് യൂണിവേഴ്‌സിറ്റികള്‍ക്കല്ല പകരം ഗവേഷകനാണ് ലഭിക്കുക. യൂണിവേഴ്‌സിറ്റി നല്ല കഴിവുള്ളവരെ എടുത്തു, ഗവേഷണത്തിനുള്ള പണവും ആവശ്യത്തിനു ലഭിക്കുമ്പോള്‍ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകും, സമ്മാനങ്ങളും വന്നുചേരും, യൂണിവേഴ്‌സിറ്റിയുടെ പ്രശസ്തി വര്‍ദ്ധിക്കും, അതുമൂലം കൂടുതല്‍ സംഭാവനകള്‍ ലഭിക്കും..ഇത് ഇങ്ങനെ തുടര്‍ന്നു പോകും. 
കേരളവും ഒരു വിദ്യാഭ്യാസ നഗരം ഉണ്ടാക്കി അവിടേക്ക് സ്വദേശ വിദേശ യൂണിവേഴ്‌സിറ്റികളെ ആകര്‍ഷിക്കണം. യൂണിവേഴ്‌സിറ്റികളെ മാത്രം അല്ല, ഫിലിപ്‌സ്, ഐ ബി എം, ഇന്റെല്‍, എ. എം. ഡി. ഇങ്ങനെയുള്ള വമ്പന്മാരെയും ഇത്തരം നഗരത്തിന്റെ ഭാഗം ആക്കാം, കാരണം ഈ കമ്പനികള്‍ ഒക്കെയും യൂണിവേഴ്‌സിറ്റികളുമായും വിദ്യാര്‍ഥികളുമായും അടുത്ത് ഇടപെടുന്ന സ്ഥാപനങ്ങള്‍ ആണ്. ഇത് ഉന്നത വിദ്യാഭ്യാസം ചെയ്തവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കും എന്ന് മാത്രം അല്ല, വിദ്യാര്‍ഥികള്‍ക്ക് ഹൈടെക്ക് പ്രൊജക്ടുകള്‍ ചെയ്യാന്‍ അവസരം ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ ആയിരിക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നത്. എം. ഐ. ടി. പോലുള്ള ടോപ് സ്ഥാപനങ്ങളെ കേരളത്തില്‍ കൊണ്ടുവരുന്നത് കൊണ്ട് ഗുണങ്ങള്‍ പലതാണു. അവിടെ പോകാതെ തന്നെ നമ്മുടെ നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കാനാകും. അത് മാത്രമല്ല, ലോകത്തില്‍ ഉന്നതവിദ്യാഭ്യാസം നടുത്തുന്ന പലരുടെയും സ്വപ്നം ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ പടി ചവിട്ടുക എന്നതിനാല്‍, പല രാജ്യക്കാരായ സമര്‍ഥരായ വിദ്യാര്‍ഥികള്‍ ഇവിടെ വന്നു തുടങ്ങും, അനുബന്ധ തൊഴിലവസരങ്ങളും ഉണ്ടാകും . കൊഴ്‌സുകളുടെയും മറ്റും ഭാഗമായി ഇവിടുത്തെ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് പുറത്ത് പോകാം. ഇതിനു സ്റ്റൂഡന്റ്‌റ് എക്‌സ്‌ചേഞ്ച് എന്നാണ് പറയുക. നമ്മുടെ സാദാ എഞ്ചിനീയറിംങ്ങ് കോളേജില്‍ നിന്നുള്ള സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് എം. ഐ. ടി. പോലുള്ള സ്ഥാപനങ്ങളില്‍ പ്രോജക്ട്ടുകളും മറ്റും ചെയ്യാം. ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന പരിപാടി ഹൈടെക് ഗവേഷണം ആണെന്നതിനാല്‍, നമ്മുടെ യൂണിവേഴ്‌സിറ്റികള്‍ക്കും, എഞ്ചിനീയറിങ്ങ് സ്ഥാപനങ്ങള്ക്കും ഇവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാം. ഇനി ഇത്തരം സ്ഥാപനങ്ങള്‍ക്കും ഉണ്ട് ചില ഗുണങ്ങള്‍, അമേരിക്കയില്‍ കൊടുക്കേണ്ട അത്രയും വലിയ തുക സ്‌കോളര്‍ഷിപ്പ് ആയി ഇവിടെ കൊടുക്കേണ്ടിവരില്ലലോ. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ഒന്നും തന്നെ വിദ്യാഭ്യാസ കച്ചവടക്കാര്‍ അല്ലാത്തതിനാല്‍ അത്ര എളുപ്പത്തില്‍ ഒന്നും ഇവരെ കൊണ്ടുവരാന്‍ കഴിയില്ല. സൗജന്യമായി സ്ഥലങ്ങളും മറ്റും കൊടുത്ത് ലോബി ചെയ്യുക തന്നെ വേണം. ഇവിടെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളെ ഉദാഹരണമായി എടുത്തത്, ലോകത്തിലെ മിക്കവാറും ടോപ് ( െ്രെപവറ്റ് ) യൂണിവേഴ്‌സിറ്റികളും അമേരിക്കയില്‍ നിന്നും ഉള്ളതായതിനാല്‍ ആണ്. ഇന്ത്യയടക്കമുള്ള, മറ്റു രാജ്യങ്ങളിലെ നല്ല യൂണിവേഴ്‌സിറ്റികളെയും ഞാന്‍ ഒരുപോലെ ഉദ്ദേശിച്ചിട്ടുണ്ട്. 

കേരളത്തിന് വേണ്ട മറ്റൊരു സ്ഥാപനം ഫുഡ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആണ്. ഈ ശാപ്പാട് ഗവേഷണ സ്ഥാപനത്തില്‍ നമ്മുടെ കാര്‍ഷിക വിളകളില്‍ നിന്നും പാലില്‍ നിന്നുമൊക്കെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനേക്കുറിച്ച് ഗവേഷണമാകാം. ഈ സ്ഥാപനങ്ങളില്‍ എല്ലാം നല്ല അധ്യാപകരെയും ഗവേഷകരേയും എടുക്കണം.
 രെപവറ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങളും ശമ്പളം കൊടുക്കലും അവര്‍ തന്നെ ചെയ്തു കൊള്ളും; സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത് സര്‍ക്കാരും. എന്നാല്‍ എത്ര വലിയ ശമ്പളം കൊടുത്താലും നല്ല ഗവേഷകരെ കിട്ടണം എന്നില്ല. അതിനു വേണ്ടി െ്രെപവറ്റ്/സര്‍ക്കാര്‍ ഭേദമന്യേ ഗവേഷണങ്ങള്‍ക്കായി സര്‍ക്കാര്‍ ഗവേഷകര്‍ക്ക് വലിയ ഗ്രാന്റുകള്‍ അനുവദിക്കണം. അത് കാലക്രമേണ വിദ്യാഭ്യാസ രംഗത്തെ ഉന്നതമാകാന്‍ സഹായിക്കും. വിദ്യയില്‍ നിക്ഷേപിക്കുന്ന ഓരോ ചില്ലിക്കാശും പതിന്മടങ്ങ് ഫലം തരും. 


                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: