കടലില്‍ ചൂടു കൂടുന്നു
ആര്‍ സാംബന്‍
മത്സ്യമേഖലയിലെ പ്രതിസന്ധിക്ക് ആക്കംകൂട്ടി കടലിന്റെ ചൂടു
വര്‍ധിക്കുകയാണ്. കടലിലെ സ്വാഭാവിക പരിസ്ഥിതിയും ആവാസവ്യവസ്ഥയും സമൂലം മാറാന്‍ ഇത്
ഇടയാക്കും. നിലവിലുള്ള നീരൊഴുക്കുകളുടെയും കടല്‍ജല പ്രവാഹങ്ങളുടെയും ഗതി
മാറുന്നതായി ശാസ്ത്രസമൂഹം മുന്നറിയിപ്പു നല്‍കുന്നു. കടലിലെ ഒഴുക്കിന്റെ
ശക്തിയിലും ജലസമ്മര്‍ദങ്ങളിലും പ്രകടമായ വ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
ആഗോളതാപനവും സമുദ്രജലനിരപ്പിലുണ്ടാകുന്ന ഉയര്‍ച്ചയും കേരളത്തിന്റെ മത്സ്യമേഖലയെയും
ബാധിക്കുന്നു. കടലിന്റെ ചൂട് ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍
സാക്ഷ്യപ്പെടുത്തുന്നു.വിദേശ ട്രോളറുകളുടെ മത്സ്യബന്ധനവും അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങളുംമൂലം
ദരിദ്രമായി മാറുന്ന കടലില്‍ ആഗോളതാപനവും വിപത്തു വിതയ്ക്കുന്നു. മത്സ്യസമ്പത്ത്
അനുദിനം ശോഷിക്കുന്നു. കടലമ്മയുടെ കരുണയില്‍ ജീവതം കരുപ്പിടിപ്പിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ കുടുംബബജറ്റ് താളംതെറ്റുന്നു. അനുഭവസമ്പത്തിലൂടെ
മത്സ്യത്തൊഴിലാളിസമൂഹം സ്വായത്തമാക്കിയ കാലാവസ്ഥാ പ്രവചനങ്ങളെ അട്ടിമറിച്ച്
കാലംതെറ്റി മഴയെത്തുന്നു. കടലോരങ്ങളിലെ കാറ്റുകള്‍ക്കും ഗതിമാറ്റം ഉണ്ടായി.
കൊടുങ്കാറ്റുകള്‍ വര്‍ധിച്ചു. മത്സ്യങ്ങളുടെ പ്രജനനത്തിന്റെയും വളര്‍ച്ചയുടെയും
ക്രമങ്ങള്‍ താളംതെറ്റുന്നു.
ഇതെല്ലാം കടലോരങ്ങളിലെ ലക്ഷക്കണക്കിന്
മത്സ്യത്തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാക്കുന്നു. തിരകളുടെ രൗദ്രതയില്‍
തകരുന്ന വീടുകളുടെ എണ്ണവും പ്രതിവര്‍ഷം വര്‍ധിക്കുന്നു. പുകള്‍പെറ്റ തീരങ്ങള്‍
പലതും അപ്രത്യക്ഷമായി. കടലാക്രമണം രൂക്ഷമായതോടെ കടല്‍ഭിത്തി നിര്‍മാണത്തിലൂടെ
കോടികള്‍ തട്ടുന്ന ലോബിയും രൂപംകൊണ്ടു. ഇത്തരം കടല്‍ഭിത്തികള്‍ പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും തടസ്സമാകുന്നതായും പരാതിയുണ്ട്.കടലിലെ ചെറിയ പല മത്സ്യഇനങ്ങളും സൂക്ഷ്മജീവികളും ഇതിനകം
അപ്രത്യക്ഷമായി. ഉപരിതലത്തിലെ മത്സ്യസമൂഹമാണ് ആദ്യം നാശം നേരിടുന്നത്.
കടലൊഴുക്കുകളുടെയും കാറ്റിന്റെയും ഗതിമാറ്റം മത്സ്യങ്ങളുടെ ദേശാടനത്തെയും
ബാധിക്കുന്നു. പണ്ട് തീരങ്ങളില്‍ കണ്ടിരുന്ന പല മത്സ്യങ്ങളും ഇന്ന് ഇല്ല. വനങ്ങളും
നദികളുമായി കടലിനുള്ള പാരിസ്ഥിതിക ബന്ധമാണ് മത്സ്യങ്ങളുടെ പ്രജനനത്തിനും നിലനില്‍പ്പിനും
നിദാനം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഈ പരസ്പരബന്ധങ്ങളെ തകര്‍ക്കുന്നു.
കടലിലെ താപനവും ഒഴുക്കുകളുടെ ഗതിമാറ്റവും കുടിവെള്ളത്തിന്റെ
ലഭ്യതയെയും ബാധിക്കുന്നു. കേരളത്തിന്റെ തീരപ്രദേശങ്ങളിലാകെ ഇന്ന് കുടിവെള്ളക്ഷാമം
രൂക്ഷമാണ്. കിണര്‍ കുത്തിയാല്‍ ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. പല മേഖലകളിലും
തീരത്തിന് നാലു കിലോമീറ്റര്‍ അകലെവരെ ഇന്ന് കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുക.
കുടിവെള്ളം ലഭിക്കാത്ത ഗ്രാമങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നു.
സമുദ്രനിരപ്പ് ഉയരുന്നു
ആഗോളതാപനത്തിന്റെ ആഘാതം ആദ്യം അനുഭവപ്പെടുന്നത്
ധ്രുവപ്രദേശങ്ങളിലാണ്. വര്‍ധിച്ചുവരുന്ന അന്തരീക്ഷ ഊഷ്മാവിന്റെ നിരക്കു നോക്കിയാല്‍
ഉത്തരധ്രുവത്തോടു ചേര്‍ന്നുള്ള ആര്‍ട്ടിക് സമുദ്രമാണ് കൂടുതല്‍ താപം
ഏറ്റുവാങ്ങുന്നത്. ഈ മഹാസമുദ്രത്തിന്റെ ഉപരിതലം മഞ്ഞുകട്ടകളാല്‍
മൂടപ്പെട്ടിരിക്കുന്നു. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന അഞ്ചു മഹാസമുദ്രങ്ങളിലെ
ജലത്തിന്റെ താപനില നിയന്ത്രിക്കുക, സമുദ്രത്തിലെ ജലവിതാനം
ഏറ്റക്കുറച്ചിലില്ലാതെ സംരക്ഷിക്കുക, നീരൊഴുക്കുകളുടെ
ഗതിവിഗതികള്‍ നിയന്ത്രിക്കുക എന്നീ കാര്യങ്ങളില്‍ ആര്‍ട്ടിക്സമുദ്രം
വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍, ആഗോളതാപനത്തിന്റെ
ഫലമായി അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ധന ആര്‍ട്ടിക് ഉപഭൂഖണ്ഡത്തിലെ ഉപരിതല
മഞ്ഞുപാളികള്‍, പെട്ടെന്ന് ഉരുകിത്തീരാന്‍ കാരണമാകുന്നു.
മഞ്ഞുരുകല്‍മൂലമുള്ള ജലം മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകും. അത് സമുദ്രജലവിതാനം
ഉയരാന്‍ ഇടയാക്കുന്നു. ഇതോടൊപ്പം പര്‍വതങ്ങളിലെ മഞ്ഞുരുകല്‍ നടക്കും. നദികളിലെയും
തടാകങ്ങളിലെയും മഞ്ഞുകട്ടകള്‍ ഉരുകിത്തുടങ്ങും.ഇതിനു പുറമെ, അന്തരീക്ഷത്തിലെ
ചൂടുമൂലവും സമുദ്രജലം വികസിക്കുന്നു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ
സമുദ്രത്തിലെ ജലനിരപ്പ് 10 മുതല്‍ 25 സെന്റീമീറ്റര്‍വരെ
ഉയര്‍ന്നതായി കണക്കാക്കുന്നു. ജലനിരപ്പ് ഉയരുമ്പോള്‍ താഴ്ന്നപ്രദേശങ്ങളിലുള്ള പല
ദീപുകളും ചെറുപട്ടണങ്ങളും മുങ്ങാന്‍ സാധ്യതയുണ്ട്. താഴ്ന്ന സമതലങ്ങളും ഡെല്‍റ്റാ
പ്രദേശങ്ങളും അടങ്ങിയ കൃഷിഭൂമികളില്‍ ഉപ്പുവെള്ളം കയറും. ജനസാന്ദ്രത കൂടുതലുള്ള
ഏഷ്യന്‍ രാജ്യങ്ങളെയാണ് ഈ പ്രതിഭാസം കൂടുതല്‍ ബാധിക്കുക. കടലിലെയും കടലുമായി
ബന്ധപ്പെട്ടുകിടക്കുന്ന ജലാശങ്ങളിലെയും ആവാസവ്യവസ്ഥകള്‍ക്ക് വലിയ മാറ്റം
സംഭവിക്കും. നിരവധി ഇനം മത്സ്യങ്ങള്‍ അപ്രത്യക്ഷമാകാം. പലതും ചത്തൊടുങ്ങാം.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ പകുതിയും
ലയിച്ചിട്ടുള്ളത് കടലിലാണ്. ഇതുമൂലം ജലത്തില്‍ കാര്‍ബോണിക് ആസിഡിന്റെ ഉല്‍പ്പാദനം
വര്‍ധിക്കുന്നു. ഇത് കടലിലെ പവിഴപ്പുറ്റുകള്‍, കക്ക, ചിപ്പി, ശംഖ് തുടങ്ങിയ
ജലജീവികളുടെ ആവാസവ്യവസ്ഥയെയും അപകടത്തിലാക്കും. കടലിലെ വൈവിധ്യമാര്‍ന്ന
പവിഴപ്പുറ്റുകളുടെയും മറ്റും ആവാസവ്യവസ്ഥ ഇതിനകം തകര്‍ന്നതായി സമുദ്രശാസ്ത്ര
ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ വ്യക്തമായ പഠനങ്ങളില്ല
1961 മുതല്‍ 2003 വരെ സമുദ്രനിരപ്പിലെ
വര്‍ധന പ്രതിവര്‍ഷം 1.8 മില്ലീമീറ്ററാണ്. കഴിഞ്ഞ ദശകത്തില്‍ ഇതിന്റെ
അളവ് 3.1 മില്ലീമീറ്റാണെന്നത്, ആഗോളതാപനം ഭാവിയില്‍ എത്രമാത്രം ഗുരുതരമാകും
എന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 1990 മുതല്‍ 2100 വരെ സമുദ്രനിരപ്പ് മൂന്നരമുതല്‍ 34.6 ഇഞ്ച്വരെ ഉയരുമെന്നാണ് ഐക്യരാഷ്ട്രസഭയ്ക്ക്
കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍
പറയുന്നത്. 120 സ്ഥാപനങ്ങളില്‍നിന്നായി 220 ശാസ്ത്രജ്ഞര്‍ പഠനം നടത്തിയാണ് ഈ റിപ്പോര്‍ട്ട്
തയ്യാറാക്കിയത്. കാലാവസ്ഥാ വ്യതിയാനംമൂലമുള്ള സമുദ്രനിരപ്പ് ഉയരുന്നത് മുംബൈ
അടക്കം രാജ്യത്തെ പശ്ചിമ-കിഴക്കന്‍ തീരത്തെ പല പ്രമുഖ പട്ടണങ്ങള്‍ക്കും
ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയ്ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.
ഗംഗ, കൃഷ്ണ, ഗോദാവരി, കാവേരി, മഹാനദി എന്നീ
നദീതടങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും. ഗുജറാത്തിലെ കുച് മേഖല, മുംബൈ എന്നിവയ്ക്കു പുറമെ കൊങ്കണ്‍തീരങ്ങളും
ദക്ഷിണ കേരളവും കൂടുതല്‍ നാശങ്ങള്‍ക്ക് ഇരയാകുമെന്ന് റിപ്പോര്‍ട്ട്
ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ആഗോളതാപനംമൂലം
ഇന്ത്യയിലെയും കേരളത്തിലെയും തീരക്കടലില്‍ ജലനിരപ്പ് എത്രമാത്രം ഉയരുന്നു എന്നതിനെപ്പറ്റി
കൂടുതല്‍ പഠനം ഇനിയും ആവശ്യമാണ്. പ്രത്യേകിച്ചും വിവിധ ഏജന്‍സികള്‍ നടത്തിയ
പഠനങ്ങളെപ്പറ്റി ശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന
സാഹചര്യത്തില്‍.
ആദ്യ ഇര ദ്വീപുകാരും തീരവാസികളും
തീരദേശത്തും ദ്വീപുകളിലും താമസിക്കുന്നവരാണ് കാലാവസ്ഥാ
വ്യതിയാനത്തിന്റെ ആദ്യ ഇരകളായി മാറുന്നത്. കേരളത്തിന്റെ കടല്‍തീരത്തിന്റെ ദൈര്‍ഘ്യം
590 കിലോമീറ്ററാണ്. നിലവിലുള്ള സമുദ്രനിരപ്പില്‍നിന്ന്
ഒരു മില്ലീമീറ്റര്‍ ജലം ഉയര്‍ന്നാല്‍പോലും കേരളത്തെ അത് വന്‍തോതില്‍ ബാധിക്കും.
കുട്ടനാടന്‍പ്രദേശങ്ങളിലും മറ്റു താഴ്ന്ന പ്രദേശങ്ങളിലും കൃഷിയും
അനുബന്ധകാര്യങ്ങളും അപകടത്തിലാകും.
ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല 1993ല്‍ നടത്തിയ പഠനം അനുസരിച്ച്, സുരക്ഷാ സംവിധാനങ്ങളില്ലാതെ, ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ ഒരുമീറ്റര്‍
ജലനിരപ്പ് ഉയര്‍ന്നാല്‍ അത് 5,763 ചതുരശ്ര കിലോമീറ്റര്‍
തീരപ്രദേശത്തെയും 7.1 ദശലക്ഷം ജനങ്ങളെയും ബാധിക്കും. തീരപ്രദേശത്തെ
കൃഷിയെയും വിനോദസഞ്ചാരത്തെയും എണ്ണ പര്യവേക്ഷണത്തെയും ഇത് പ്രതികൂലമായി
ബാധിക്കുമെങ്കിലും കരഭാഗം ഇല്ലാതാകുന്നതിലൂടെയാണ് ഏറ്റവും കൂടുതല്‍
സാമ്പത്തികനഷ്ടം രാജ്യത്തിന് ഉണ്ടാവുക. സമുദ്രനിരപ്പ് ഉയരുന്നതുകൊണ്ടു മാത്രം
ആഗോളതലത്തില്‍ 20 ശതമാനം തീരദേശ തണ്ണീര്‍ത്തടങ്ങള്‍ 2080 ആകുമ്പോഴേക്കും നഷ്ടമാകുമെന്നാണ് നിഗമനം.
സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന് സ്ഥിതിചെയ്യുന്ന ശുദ്ധജല തണ്ണീര്‍ത്തടങ്ങളും
ചതുപ്പുകളും ഓരുജല ആവാസവ്യവസ്ഥയിലേക്കു മാറും. തണ്ണീര്‍ത്തടങ്ങളില്‍ വരുന്ന മാറ്റം
ജൈവവൈവിധ്യത്തെയും കുടിവെള്ള ലഭ്യതയെയും ബാധിക്കും.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment