Pages

Monday, February 25, 2013

പ്രൊഫ. കെ.വി.ദേവ്-സംസ്‌കൃതിയുടെ ഉന്നമനത്തിന് ഉഴിഞ്ഞുവെച്ച ജീവിതം


പ്രൊഫ. കെ.വി.ദേവ്-സംസ്‌കൃതിയുടെ ഉന്നമനത്തിന് ഉഴിഞ്ഞുവെച്ച ജീവിതം

സംസ്‌കൃത ഭാഷയുടെ ഉയര്‍ച്ചയ്ക്കും ഭാരത സംസ്‌കൃതിയുടെ ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാപണ്ഡിതനാണ് അന്തരിച്ച പ്രൊഫ. കെ.വി.ദേവ്. ആധ്യാത്മികതയും വ്യക്തിജീവിതവും തമ്മിലുള്ള ബന്ധമെന്തെന്ന് വെളിവാക്കിത്തരുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികളും അവയിലെ വീക്ഷണങ്ങളും.

സ്വന്തം പ്രവൃത്തികളിലെ ഈശ്വരജ്ഞാനം തിരിച്ചറിയുന്നവനാണ് യഥാര്‍ഥ ജ്ഞാനി എന്ന് സന്ദേഹമില്ലാതെ അദ്ദേഹം ആധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ആകാശവാണിയില്‍ അവതരിപ്പിച്ചിരുന്ന സുഭാഷിതങ്ങളിലൂടെയും പ്രൊഫ. കെ.വി.ദേവ് ലളിതമായ രീതിയില്‍ തന്റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചു.
 മാതാ അമൃതാനന്ദമയിയുടെ ആധ്യാത്മിക വീക്ഷണങ്ങളോട് എന്നും ആഭിമുഖ്യം പുലര്‍ത്തിയിരുന്നു അദ്ദേഹം. തന്റെ വീക്ഷണഗതിക്ക് നിരക്കാത്ത എന്തിനെയും ശക്തിയുക്തം എതിര്‍ത്തിരുന്ന ദേവിനെ അതില്‍നിന്ന് പിന്തരിപ്പിച്ചത് മാതാ അമൃതാനന്ദമയി ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അന്യര്‍ക്ക് വിഷമമുണ്ടാക്കുന്ന തരത്തില്‍ സംസാരിക്കരുതെന്ന അമ്മയുടെ ഉപദേശമാണ് തന്റെ മനസ്സിനെ പുതിയ തലങ്ങളിലേക്ക് നയിച്ചതെന്നും പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. 

സാഹിത്യത്തിലെ മൂല്യച്യുതികളെയും കണക്കറ്റ് വിമര്‍ശിക്കുന്ന കാര്‍ക്കശ്യമായിരുന്നു പ്രൊഫ. കെ.വി.ദേവിന്റെത്. വൃത്തവും പദ്യവും ഇല്ലാത്ത ആധുനിക കവിതകളുടെ പ്രളയകാലത്ത് സ്വന്തം കാവ്യരചന അവസാനിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രതിഷേധിച്ചത്. ആശാനെയോ ചങ്ങമ്പുഴയെയോ പോലെ എഴുതാന്‍ കഴിയാതിരുന്ന ചില ആധുനിക കവികളെക്കൊണ്ടാണ് മലയാളകവിത പ്രതിഭയില്ലാത്തവരുടെ വെറും അഭ്യാസമായി തീര്‍ന്നെതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം.

സംസ്‌കൃതം ഏതൊരാളിനും സ്വയം പഠിക്കുന്നതിനായി തയാറാക്കിയ 'അമൃതഭാഷാ സംസ്‌കൃത സ്വയം ശിക്ഷണം', ശ്രീലളിതാസഹസ്രനാമ പുനഃസംസ്‌കരണം എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ പ്രത്യേകതയുള്ളവയാണ്. 'ഭാരതദര്‍ശനം', 'ശ്രീലളിതാസഹസ്രനാമ പുനഃസംസ്‌കരണം' എന്നീ കൃതികളെ മുന്‍നിര്‍ത്തിയാണ് 2009ലെ അമൃത കീര്‍ത്തി പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അധ്യാപകന്‍ എന്നനിലയിലും അതിവിശിഷ്ടമായ വ്യക്തിത്വത്തിനും അനുപമവും അപാരവുമായ അറിവിനും ഉടമയായിരുന്നു അദ്ദേഹം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: