വത്തിക്കാന്‍
വികാരനിര്‍ഭരം
പതിനായിരങ്ങള്‍ കണ്ണീരണിഞ്ഞു
വികാരനിര്‍ഭര നിമിഷങ്ങള്‍ക്കാണ് ബുധനാഴ്ച സെന്‍റ് പീറ്റേഴ്‌സ് ചത്വരം സാക്ഷ്യംവഹിച്ചത്. തന്റെ അവസാന പൊതുകൂടിക്കാഴ്ചയും കഴിഞ്ഞ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പോപ്പ് മൊബൈലില്‍ ചത്വരത്തില്‍നിന്ന് മടങ്ങുമ്പോള്‍ പതിനായിരങ്ങള്‍ കണ്ണീരണിഞ്ഞു. അവരില്‍ പുരോഹിതരും കന്യാസ്ത്രീകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ തീര്‍ഥാടകരുമുണ്ടായിരുന്നു.നീളന്‍ ശുഭ്രവസ്ത്രം ധരിച്ച പാപ്പയുടെ മുഖം പ്രശാന്തമായിരുന്നു. ഇറ്റാലിയനില്‍ പ്രസംഗിച്ച പാപ്പ ഇംഗ്ലീഷിലും ഫ്രഞ്ചിലും ജര്‍മനിലും ആശീര്‍വാദങ്ങള്‍ നല്‍കി. പാപ്പയെ ഒരുനോക്ക് കാണാനെത്തിയ ജനം ചത്വരവും കടന്നൊഴുകി. പൊതുകൂടിക്കാഴ്ച വത്തിക്കാന്‍ സിറ്റിക്കുള്ളിലെ ഹാളിലാണ് സാധാരണ നടക്കാറ്. തീര്‍ഥാടകര്‍ അനിയന്ത്രിതമായി എത്തിയതിനാല്‍ ചത്വരത്തിലേക്ക് മാറ്റുകയായിരുന്നു.
ഗലീലീ കടലില്‍ വള്ളത്തില്‍ ശിഷ്യരുമൊത്ത് യാത്ര ചെയ്യുമ്പോള്‍ യേശുക്രിസ്തു കാറ്റിനെ ശാസിച്ച് ശാന്തമാക്കിയത് പാപ്പ അനുസ്മരിച്ചു. പാപ്പയായിരുന്ന തന്റെ കാലഘട്ടത്തെ, ഈ ബൈബിള്‍ സന്ദര്‍ഭം ഉപയോഗിച്ചാണ് പാപ്പ വിശദീകരിച്ചത്. ''ദൈവം വെളിച്ചവും ഇളംകാറ്റും നല്‍കിയ നാളുകള്‍. മീന്‍പിടിക്കാന്‍ വിഷമമില്ലായിരുന്നു. അതേസമയം കടല്‍ പലപ്പോഴും ക്ഷോഭിച്ചു. കാറ്റും ചിലപ്പോള്‍ അനുകൂലമല്ലായിരുന്നു. പക്ഷേ, യേശു എപ്പോഴും വള്ളത്തിലുണ്ടെന്ന് ഞാനറിഞ്ഞു. സഭയാകുന്ന ആ വള്ളം മുങ്ങാതിരിക്കാന്‍ ദൈവം നമ്മളെ കാത്തു.''
''കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാന്‍ ശാരീരികമായി അശക്തനായിരുന്നു. ശരിയായ തീരുമാനമെടുക്കാനുള്ള ശക്തിക്കുവേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. സഭയുടെ നന്‍മയ്ക്കുവേണ്ടിയാണ് ഞാന്‍ വിരമിക്കുന്നത്. തീരുമാനം പ്രഖ്യാപിച്ചശേഷം രാഷ്ട്രത്തലവന്‍മാരില്‍നിന്നും മതമേധാവികളില്‍നിന്നും മറ്റും എനിക്ക് സന്ദേശങ്ങള്‍ ലഭിച്ചു. സാധാരണക്കാര്‍ ഹൃദയം തുറന്നെഴുതിയ കത്തുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ചു. വിരമിച്ചു എന്നുകരുതി ഞാന്‍ സ്വകാര്യജീവിതത്തിലേക്ക് മടങ്ങുന്നില്ല. യാത്രകളും യോഗങ്ങളുമായി സജീവമായുണ്ടാവും. യേശുവിന്റെ കുരിശിനോടുചേര്‍ന്ന ഭാഗത്തുതന്നെ നില്‍ക്കും. കുരിശിനെ ഒരിക്കലും ഉപേക്ഷിക്കില്ല. പ്രാര്‍ഥനകളുമായി എപ്പോഴും സഭയ്‌ക്കൊപ്പമുണ്ടാവും.''- പാപ്പ പറഞ്ഞു.പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ തീയതി ഉടനെ പ്രഖ്യാപിക്കും. മാര്‍ച്ച് 15 മുതലുള്ള ഏതുദിവസവും കോണ്‍ക്ലേവ് തുടങ്ങാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍, കോണ്‍ക്ലേവ് തുടങ്ങാനുള്ള തീയതി നേരത്തേയാക്കാന്‍ ബനഡിക്ട് പാപ്പ സഭാഭരണഘടനയില്‍ ഏതാനും ദിവസംമുമ്പ് മാറ്റംവരുത്തിയിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment