Pages

Monday, February 25, 2013

രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കടമ മറക്കാതിരിക്കുക


രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കടമ
 മറക്കാതിരിക്കുക
നങ്ങളെയും ഭരണസംവിധാനത്തെയും കൂട്ടിയിണക്കുന്ന സുപ്രധാനശൃംഖലയാണ് രാഷ്ട്രീയകക്ഷികള്‍. നമ്മളിപ്പോള്‍ കാണുന്ന രൂപഘടനയിലുള്ള ആധുനിക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഷ്ടിച്ച് ഇരുന്നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷത്തെ പാരമ്പര്യമേ അവകാശപ്പെടാനാവൂ എന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍. പ്രാതിനിധ്യജനാധിപത്യത്തില്‍ ജനങ്ങളെ സംരക്ഷിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന സാമൂഹികസംഘടനകളാണ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍. ഭരണനേതൃത്വം, നയരൂപവത്കരണം, നിയമനിര്‍മാണം, ക്രിയാത്മകപ്രതിപക്ഷം, പൊതുജനാഭിപ്രായരൂപവത്കരണം എന്നിവയാണ് അവരുടെ മൗലിക ചുമതലകള്‍. രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ നിന്നുണ്ടാവുന്ന രാഷ്ട്രീയസംസ്‌കാരമാണ് ഏതൊരു രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെ അടിത്തറയായി മാറുക.

നമ്മുടെ ജനാധിപത്യസംവിധാനങ്ങളുടെ ഭാവി യഥാര്‍ഥത്തില്‍ കൈയാളുന്നത് രാഷ്ട്രീയകക്ഷികളാണ് എന്നതാണ് ഇതിന്റെ ചുരുക്കം. തങ്ങള്‍ വിശ്വാസപൂര്‍വം ഏല്‍പ്പിച്ചുകൊടുത്ത ചുമതലകള്‍ അവര്‍ വിവേകപൂര്‍വം നിര്‍വഹിക്കുന്നുണ്ടോയെന്ന് ജനങ്ങള്‍ സംശയിക്കുന്ന സാഹചര്യമാണിപ്പോള്‍. കോടിക്കണക്കിന് രൂപയുടെ നികുതിപ്പണം ചെലവഴിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റും നിയമനിര്‍മാണസഭകളും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പാളം തെറ്റിപ്പോവുന്നുണ്ടോ എന്നാണ് അവരുടെ ആശങ്ക. സ്ഥാനത്തും അസ്ഥാനത്തുമുള്ള നിയമത്തിന്റെ പ്രയോഗങ്ങളും അതിന്മേലുയരുന്ന പ്രതിഷേധങ്ങളുംതുടര്‍ച്ചയായി മാറുമ്പോള്‍ നിയമനിര്‍മാണപ്രക്രിയ തന്നെ വഴിതെറ്റിപ്പോവുന്നതില്‍ അത്ഭുതപ്പടാനില്ല.

പൊതുസമൂഹത്തെ അടിയന്തരമായി ബാധിക്കുന്ന വിഷയങ്ങള്‍ക്കും ഗഹനമായ പഠനങ്ങളിലൂടെയും ഇഴപിരിച്ചുള്ള ചര്‍ച്ചകളിലൂടെയും സമഗ്രമാക്കപ്പെടുന്ന നിയമനിര്‍മാണങ്ങള്‍ക്കും വേദിയാവേണ്ട സഭകള്‍ അനാവശ്യവിവാദങ്ങളില്‍ മുങ്ങുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഊതിവീര്‍പ്പിച്ച പ്രശ്‌നങ്ങള്‍, രാഷ്ട്രീയവൈരം മുറ്റിനില്‍ക്കുന്ന തരംതാണ ആരോപണങ്ങള്‍, മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുതകുന്ന സൂത്രവിദ്യകള്‍ എന്നിവയൊക്കെ പ്രയോജനപ്പെടുത്തി വളരെ ഗൗരവമുള്ള കാര്യങ്ങളില്‍ നിന്ന് സഭകളെ വഴിതിരിച്ചുവിടുന്നത് ജനാധിപത്യസമ്പ്രദായത്തിന് അപമാനമാവുകയാണ്. സഭാപ്രവര്‍ത്തനം തടസ്സപ്പെടുകയോ തുടര്‍ച്ചയായി സ്തംഭനാവസ്ഥയില്‍ തുടരുകയോ ചെയ്യുന്നതുമൂലം ജനങ്ങളുടെ അവകാശമാണ് ചോദ്യംചെയ്യപ്പെടുന്നത്. പതിനെട്ട് രാഷ്ട്രീയപാര്‍ട്ടികളുണ്ടായിരുന്ന പതിന്നാലാം ലോക്‌സഭയെ നയിച്ച സ്​പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, ഒരിക്കല്‍ തന്റെ അനുഭവം ഇങ്ങനെ രേഖപ്പെടുത്തി: 'സഭയിലെ നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തുക എന്നത് തങ്ങള്‍ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വികാരം കഴിഞ്ഞ കുറച്ചുകൊല്ലങ്ങളായി പാര്‍ട്ടികള്‍ക്കകത്ത് വളര്‍ന്നുവന്നിട്ടുണ്ട്. അത് അത്യന്തം ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. പരസ്​പരം ഏറ്റുമുട്ടാനുള്ള പാര്‍ട്ടികളുടെ മനോഭാവം ഈ അനാരോഗ്യകരമായ സ്ഥിതിവിശേഷത്തെ പ്രകോപിതമാക്കുന്നു. ഇത് പാര്‍ലമെന്റിന്റെയും (നിയമസഭകളുടെയും) പ്രതിച്ഛായയെ വന്‍തോതില്‍ കളങ്കപ്പെടുത്തിയിട്ടുണ്ട്.'

സോമനാഥ് ചാറ്റര്‍ജി ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ നിന്ന് അല്പംപോലും മാറ്റംവന്നിട്ടില്ലെന്നാണ് നമ്മുടെ പാര്‍ലമെന്റിലും നിയമസഭയിലും അരങ്ങേറിയ 'നാടകങ്ങള്‍' തെളിയിക്കുന്നത്. സേവനാവകാശനിയമം പോലെ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ട ബില്ലുകള്‍പോലും ചര്‍ച്ച കൂടാതെയാണ് കഴിഞ്ഞ നിയമസഭാസമ്മേളനം പാസ്സാക്കിയത്. ധനകാര്യബില്ലുകള്‍ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ 'ഗില്ലറ്റിന്‍' ചെയ്ത് പാസ്സാക്കിയ പാരമ്പര്യവും നമ്മുടെ നിയമസഭയ്ക്ക് അവകാശപ്പെടാം. ബഹളങ്ങള്‍ക്കിടയ്ക്ക്, എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാനും നാല് ബത്തകളും മറ്റും അനുവദിക്കാനുമുള്ള ബില്‍ നമ്മുടെ നിയമസഭയില്‍നിന്ന് പാസ്സായിപ്പോയതും ഓര്‍മയില്‍നിന്ന് മാഞ്ഞുപോകാറായിട്ടില്ല. കഴിഞ്ഞ ദിവസം, രാജ്യസഭയില്‍ പി.ജെ. കുര്യന്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന പുറപ്പെടുവിക്കാതെ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് ഒഴിഞ്ഞുമാറിയത് ഇത്തരത്തില്‍ ഒരു രാഷ്ട്രീയകാപട്യമായിരുന്നു. ഹൈദരാബാദ് സ്‌ഫോടനത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഇവിടെ സുപ്രധാനമായ ഒരു പ്രസ്താവന പൂഴ്ത്തിവെക്കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍.

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഇരുപുറങ്ങളാണ് ഭരണപക്ഷവും പ്രതിപക്ഷവും എന്നാണ് വിശ്വാസം. ഇവിടെ പലപ്പോഴും പ്രതിപക്ഷം സ്വന്തം കടമകള്‍ മറക്കുന്നു. ഭരണപക്ഷം പലപ്പോഴും ബോധപൂര്‍വം അതിന് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് എപ്പോഴും ജനങ്ങളാണ്. ജനാഭിലാഷം പ്രതിഫലിക്കാത്ത, നിയമപരമായി കുറ്റമറ്റതല്ലാത്ത നിയമങ്ങള്‍ നിലവില്‍വരുന്നു. ധനകാര്യ ബില്ലുകള്‍ തലനാരിഴകീറി പഠിക്കാതെ ജനങ്ങളുടെമേല്‍ നിരന്തരം അടിച്ചേല്‍പ്പിക്കപ്പെടുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യംചെയ്യപ്പെടുന്നില്ല. ഭരണപരമായ കാര്യങ്ങളില്‍ സ്വേച്ഛാധിപത്യപരമായ രീതിയില്‍ മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് അനായാസം സാധിക്കുന്നു.

ഭരണപക്ഷവും പ്രതിപക്ഷവും കേവലമായ ഈ കക്ഷിരാഷ്ട്രീയാന്ധതയില്‍പ്പെട്ട് ഉഴലുമ്പോള്‍ നഷ്ടമുണ്ടാവുന്നത് ജനങ്ങള്‍ക്കാണ്; ജനാധിപത്യസംവിധാനത്തിനാണ്. ജനപ്രതിനിധികളുടെ ചുമതലാബോധത്തെയും ആദര്‍ശപ്രതിബദ്ധതയെയും ആശ്രയിച്ചാണ് ജനാധിപത്യസംവിധാനത്തിന്റെ വിജയം. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് രാഷ്ട്രീയനേതൃത്വങ്ങളാണ്. അവര്‍ കാണിക്കുന്ന വിവേകവും ഇച്ഛാശക്തിയുമാവണം ജനങ്ങളുടെ കരുത്ത്. ജനാധിപത്യത്തിന്റെ 'ശ്രീകോവിലുകള്‍' ജനങ്ങളെ മറക്കാതിരിക്കട്ടെ.
 (Mathrubhumi)

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: