Pages

Sunday, February 24, 2013

ATTUKAL PONGALA-2013

ആറ്റുകാല്‍ പൊങ്കാല-2013
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായരും സെക്രട്ടറി എം.എസ്. ജ്യോതിഷ്‌കുമാറും പത്രസമ്മേളനത്തില്‍ അറിയിച്ചു. പൊങ്കാല നിവേദിക്കാനായി 230 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്.
ഫെബ്രുവരി 26 നു ചൊവ്വാഴ്ച രാവിലെ 10.45നാണ് പൊങ്കാല. ഉച്ചയ്ക്ക് 2.30ന് നിവേദ്യം നടക്കും. ഇക്കൊല്ലം പൊങ്കാലയര്‍പ്പിക്കാന്‍ 35 ലക്ഷം ഭക്തജനങ്ങളെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാമൂഹികസംഘടനകള്‍, റസിഡന്‍റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

പൊങ്കാലയിടുന്ന സ്ഥലങ്ങളില്‍ 900 ശുദ്ധജല ടാപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. പൊങ്കാലദിവസവും അതിന്റെ തലേദിവസവും ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലെ പവര്‍കട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു.പൊങ്കാലയ്ക്ക് പച്ചക്കട്ടകള്‍ ഒഴിവാക്കണം. പ്ലാസ്റ്റിക് കവറുകള്‍ ക്ഷേത്രപരിസരത്തേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി ഒഴിവാക്കണം. പൊങ്കാലദിനത്തിലെ മാലിന്യം ഒഴിവാക്കാന്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപടി സ്വീകരിച്ചു. ക്ഷേത്രപരിസരത്തെ മാലിന്യം നിര്‍മാര്‍ജനം നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്തിന് പുറത്തുള്ള മാലിന്യം പതിവുപോലെ കോര്‍പ്പറേഷന്‍ നീക്കം ചെയ്യും. കുത്തിയോട്ടത്തിന് 966 ബാലന്മാര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ചുപേര്‍ വീതമുള്ള ഓരോ ഗ്രൂപ്പായി തിരിച്ചായിരിക്കും കുത്തിയോട്ട ബാലന്മാര്‍ പുറപ്പെടുക. ചൊവ്വാഴ്ച രാത്രി 10.15നാണ് പുറത്തെഴുന്നള്ളിപ്പ്. പുറത്തെഴുന്നള്ളിപ്പിനോടൊപ്പം പല്ലാവൂര്‍ ശ്രീധരനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അകമ്പടി സേവിക്കും. കൂടാതെ 200ഓളം കലാരൂപങ്ങള്‍ എഴുന്നള്ളിപ്പില്‍ അണിചേരും. പൊങ്കാലയര്‍പ്പിക്കാനെത്തുന്നവര്‍ കോട്ടണ്‍വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. സ്വര്‍ണാഭരണങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊങ്കാലയ്ക്കായി വരുന്ന ഭക്തജനങ്ങള്‍ക്ക് ആഹാരവും കുടിവെള്ളവും നല്‍കുന്ന സംഘടനകളോ റസിഡന്‍റ്‌സ് അസോസിയേഷനുകളോ ആറ്റുകാല്‍ ക്ഷേത്രപരിസരത്തുള്ള കളക്ടറേറ്റ് കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെട്ട് അനുമതി വാങ്ങേണ്ടതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: