Pages

Thursday, January 10, 2013

മലാല ആസ്പത്രി വിട്ടു

മലാല ആസ്പത്രി വിട്ടു
ബര്‍മിങ്ഹാമിലെ ക്വീന്‍ എലിസബത്ത് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മലാല യൂസഫ് സായി ആസ്പത്രി വിട്ടു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലുള്ള താല്‍ക്കാലിക ഭവനത്തിലേക്കാണ് തുടര്‍ചികിത്സയ്ക്കായി മലാല പോയത്. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് താഴ്‌വരയിലാണ് 14-കാരിയായ മലാലയെ താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. മിംഗോറയിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. 

സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ച് മലാല ഡയറി എഴുതിയിരുന്നു. ഇത് ബി.ബി.സി പ്രസിദ്ധീകരിച്ചതോടെയാണ് അവള്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയത്.
 സാരമായി പരിക്കേറ്റ മലാല ആസ്പത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കും നെഞ്ചിനും വെടിയേറ്റ മലാലയെ വിദഗ്ധ ചികിത്സയ്ക്കാണ് ബ്രിട്ടനില്‍ കൊണ്ടുവന്നത്. താലിബാന്‍ മേഖലയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗമാണ് മലാല. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് വക്താവ് ബി.ബി.സിയെ അറിയിച്ചു. താലിബാന്‍ വിരുദ്ധതയും മതേതര ചിന്താഗതിയുമുള്ളതിനാലാണ് മലാലയെ ആക്രമിച്ചതെന്നും വക്താവ് ഇക്‌സാനുള്ളാ ഇക്‌സാന്‍ പറഞ്ഞു. 

സ്വാത് താഴ്‌വരയുടെ നിയന്ത്രണം താലിബാന്‍ കരസ്ഥമാക്കി രണ്ടുവര്‍ഷത്തിനു ശേഷം തന്റെ പതിനൊന്നാം വയസിലാണ് മലാല ഡയറിയെഴുതിയത്. സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ നിര്‍ദേശം നല്‍കിയതിനെക്കുറിച്ചും മറ്റുമുള്ള ഡയറിക്കുറിപ്പുകള്‍ ഗുല്‍ മകായി എന്ന പേരിലാണ് എഴുതിയിരുന്നത്.
 താലിബാനെ സ്വാത് താഴ്‌വരയുടെ അധികാരത്തില്‍ നിന്ന് നീക്കിയതിനുശേഷമാണ് മലാലയുടെ യഥാര്‍ഥ പേര് പുറത്തുവിട്ടത്. പിന്നീട് പാക് ഭരണകൂടം മലാലയെ ആദരിക്കുകയും മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ബഹുമതിപത്രം നല്‍കുകയും ചെയ്തിരുന്നു. സമാധാന പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം നല്‍കിയും പാക് സര്‍ക്കാര്‍ മലാലയെ ആദരിച്ചിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: